കോഴിക്കോട്ട് ശസ്ത്രക്രിയയ്ക്കെത്തിയ യുവതിയെ ആശുപത്രി ജീവനക്കാരൻ പീഡിപ്പിച്ചു
Monday, March 20, 2023 11:40 AM IST
കോഴിക്കോട്: സർക്കാർ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കായി എത്തിയ യുവതിയെ ആശുപത്രി ജീവനക്കാരൻ ലൈംഗികാതിക്രമത്തിന് ഇരയാക്കി.
ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയെ സർജിക്കൽ ഐസിയുവിൽ എത്തിക്കാനായി നിയോഗിക്കപ്പെട്ട അറ്റന്‍ഡറാണ് അതിക്രമം നടത്തിയത്. ആരോഗ്യനില ഗുരുതരമായ മറ്റൊരു രോഗിയെ പരിചരിക്കാനായി ഡോക്ടർമാരും സംഘവും മാറിയ വേളയിലാണ് അറ്റൻഡർ യുവതിയോട് മോശമായി പെരുമാറിയത്.
ശസ്ത്രക്രിയയ്ക്ക് ശേഷം മയക്കം പൂർണമായും മാറാത്ത അവസ്ഥയിലായിരുന്ന യുവതി പിന്നീട് ബന്ധുക്കളോട് വിവരം വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകുകയും പ്രതിയെ തിരിച്ചറിയുകയും ചെയ്തു.
പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതി ഒളിവിൽ പോയി. ഇയാൾക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.