"പതിറ്റാണ്ടുകൾക്കുശേഷം കോൺഗ്രസ് ഇന്ത്യയിൽ നടത്തിയ മികച്ച രാഷ്ട്രീയപ്രവർത്തനം'
സ്വന്തം ലേഖകൻ
Wednesday, February 1, 2023 4:45 PM IST
തിരുവനന്തപുരം: പതിറ്റാണ്ടുകൾക്കുശേഷം കോൺഗ്രസ് ഇന്ത്യയിൽ നടത്തിയ രാഷ്ട്രീയപ്രവർത്തനമാണ് ഭാരത് ജോഡോ യാത്രയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. യാത്ര വിജയകരമായി പൂർത്തിയാക്കിയ രാഹുൽ ഗാന്ധിക്ക് അഭിനന്ദനമെന്നും ബേബി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ആർഎസ്എസിന്റെയും ബിജെപിയുടെയും മതരാഷ്ട്രീയ ആക്രമണത്തിൽ കോൺഗ്രസ് അടിപതറിയിരുന്നു. ഈ സാഹചര്യത്തിൽ അതേ ആശയത്തെ ചോദ്യം ചെയ്തും ദേശീയ ഐക്യമെന്ന സന്ദേശം നൽകിയും രാഹുൽ നടത്തിയ കാൽനടയാത്ര അഭിനന്ദനം അർഹിക്കുന്നു.
എന്നാൽ നയങ്ങളിൽ അടിസ്ഥാനപരമായ മാറ്റം വരുത്താതെ തങ്ങളുടെ രാഷ്ട്രീയത്തെ മുന്നോട്ട് കൊണ്ടുപോകാം എന്ന് കോൺഗ്രസ് കരുതരുത്. കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരുന്നത് സ്വാർഥത കൊണ്ടുമാത്രമല്ല. കോൺഗ്രസും ബിജെപിയും ഒരേ പുത്തൻ മുതലാളിത്ത- ഫ്യൂഡൽ രാഷ്ട്രീയ -സാമൂഹ്യ വീക്ഷണം പുലർത്തുന്നു എന്നതുകൊണ്ടാണ്.
ആർഎസ്എസ് ശാഖകളിലും കോൺഗ്രസ് ഓഫീസിലും പോകുന്നവര്‍ തമ്മില്‍ വ്യത്യാസമില്ലാതായി. കോൺഗ്രസിനെ മുതലാളി പ്രീണന- ജാതി മേധാവിത്ത കക്ഷി എന്നതിൽനിന്ന് പരിഷ്കരിക്കാൻ രാഹുലിന് കഴിയുമോ എന്നതാണ് വെല്ലുവിളി.
അതിനാകുന്നില്ലെങ്കിൽ ഭാരത് ജോഡോ യാത്ര സാഹസികമായ ഉല്ലാസയാത്രയായോ വൃഥാ വ്യായാമമായോ ചരിത്രം രേഖപ്പെടുത്തുമെന്നും ബേബി പറഞ്ഞു.