മണിപ്പുരിൽ കുടിയിറക്കപ്പെട്ടവർക്ക് പ്രത്യേക പോളിംഗ് സ്റ്റേഷൻ
Saturday, April 13, 2024 3:25 PM IST
ഇംഫാൽ: വംശീയ സംഘര്‍ഷങ്ങളെത്തുടർന്ന് ആഭ്യന്തരമായി കുടിയിറക്കപ്പെട്ട മണിപ്പുരിലെ ജനവിഭാഗങ്ങൾക്കു ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താൻ പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തും. ഇതിനായി സംസ്ഥാനത്തുടനീളം 29 പോളിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള നടപടികൾ ഊർജിതമാക്കി. 5,000ലേറെ പേര്‍ക്കു സമ്മതിദാനാവകാശം വിനിയോഗിക്കാൻ സാധിക്കുമെന്നാണു കണക്കുകൂട്ടൽ.
കേന്ദ്രനിർദേശമനുസരിച്ച് കുടിയിറക്കപ്പെട്ടർക്കു വോട്ട് ചെയ്യാനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്ന് ഇംഫാൽ വെസ്റ്റ് ഡെപ്യൂട്ടി കമ്മീഷണർ മാധ്യമങ്ങളോടു പറഞ്ഞു. ജില്ലയ്ക്കുള്ളിൽ കുടിയിറക്കപ്പെട്ടവർക്കായി അനുവദിച്ച പോളിംഗ് സ്റ്റേഷനുകളില്‍ വോട്ട് രേഖപ്പെടുത്താം.
ഇതിനായി ഗതാഗതസേവനങ്ങൾ ഒരുക്കിയിട്ടുണ്ട്. പോളിംഗ് സ്റ്റേഷനുകളിൽ പലായനം ചെയ്തവർക്കായി ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കും. എല്ലാവർക്കും വോട്ട് ചെയ്യാൻ അവസരം നൽകും. വടക്കുകിഴക്കൻ സംസ്ഥാനത്തു സമാധാനം തിരിച്ചെത്തിയെന്നും കമ്മീഷണർ കൂട്ടിച്ചേര്‍ത്തു.