തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ മന്ത്രിമാർ പ്രതിച്ഛായ നോക്കാതെ പ്രതിരോധിക്കണമെന്ന മന്ത്രി മുഹമ്മദ് റിയാസിന്‍റെ പ്രസ്താവന പാർട്ടി നിലപാടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ നിലവിൽ മന്ത്രിമാർ പ്രതിരോധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മുഹമ്മദ് റിയാസുമായി ഇക്കാര്യം സംസാരിച്ചു. മന്ത്രിമാർ രാഷ്ട്രീയം കൂടി പറയണമെന്നാണ് റിയാസ് പറഞ്ഞത്. മന്ത്രിമാർ രാഷ്ട്രീയം പറയണമെന്നത് സിപിഎം നിലപാടാണ്. അത് തന്നെയാണ് റിയാസും പറഞ്ഞത്. മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ മന്ത്രിമാർ ശരിയായിത്തന്നെ പ്രതിരോധിക്കുന്നുണ്ടെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

രണ്ടാം പിണറായി സർക്കാർ രണ്ടുവർഷം പൂർത്തിയാക്കിയ പശ്ചാത്തലത്തിൽ മന്ത്രിമാരുടെ പ്രവർത്തനത്തെ കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായിരുന്നു റിയാസിന്‍റെ പരാമർശം.

പ്രതിച്ഛായ ഓർത്ത് മന്ത്രിമാർ അഭിപ്രായം പറയാൻ മടിക്കരുതെന്നും മുഖ്യമന്ത്രിക്കെതിരായ ആക്രമണം പ്രതിരോധിക്കാൻ മന്ത്രിമാർക്ക് ബാധ്യതയുണ്ട് എന്നുമായിരുന്നു റിയാസിന്‍റെ പരാമർശം.

മന്ത്രിമാർക്ക് അഭിപ്രായപ്രകടനത്തിന് എന്തെങ്കിലും നിയന്ത്രണം ഉണ്ടോ? വിവാദ വിഷയങ്ങളിൽ മുഖ്യമന്ത്രിയെ പ്രതിരോധിക്കുന്നതിൽ മന്ത്രിമാർ മടി കാട്ടുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്കായിരുന്നു റിയാസ് മറുപടി നൽകിയത്.

മന്ത്രിമാർ എല്ലാവരും സർക്കാർ നിലപാട് ശക്തമായി അവതരിപ്പിക്കുന്നുണ്ട് എന്ന് റിയാസ് വ്യക്തമാക്കി. തുടർന്ന് മന്ത്രിമാർ രാഷ്ട്രീയം പറയേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

മുഖ്യമന്ത്രിയെ പിന്തുണച്ചാൽ പിന്തുണയ്ക്കുന്നവർ ഫാൻസ് അസോസിയേഷൻ ആകുമെന്ന ആശങ്ക വേണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു.