മൈനാഗപ്പള്ളി വാഹനാപകടം: ഡോ. ശ്രീക്കുട്ടിയെ ജോലിയിൽ നിന്ന് പുറത്താക്കി
Monday, September 16, 2024 12:52 PM IST
കൊല്ലം: മൈനാഗപ്പള്ളി ആനൂർക്കാവിൽ വീട്ടമ്മയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് കസ്റ്റഡിയിലുളള വനിതാ ഡോക്ടർക്കെതിരേ നടപടി. ഡോ. ശ്രീക്കുട്ടിയെ ജോലിയിൽ നിന്ന് പുറത്താക്കി.
കൊല്ലം കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലെ താൽക്കാലിക ഡോക്ടറായിരുന്നു ശ്രീക്കുട്ടി. ശ്രീക്കുട്ടി കേസിൽ ഉൾപ്പെട്ടതോടെ ഇവരെ ജോലിയിൽ നിന്ന് പുറത്താക്കുകയായിരുന്നു.
സംഭവത്തില്‍ പ്രതി അജ്മലിനെതിരേ കുറ്റകരമായ നരഹത്യക്ക് പോലീസ് കേസെടുത്തിട്ടുണ്ട്. ശാസ്താംകോട്ട പോലീസാണ് ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരം കേസെടുത്തത്. ഒപ്പമുണ്ടായിരുന്ന ഡോ. ശ്രീക്കുട്ടിക്കെതിരെയും പ്രേരണാക്കുറ്റത്തിന് കേസെടുക്കും.
ഇരുവരും മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. വാഹനം മുന്നോട്ടെടുക്കാന്‍ ഡ്രൈവറെ പ്രേരിപ്പിച്ചത് ഡോ.ശ്രീക്കുട്ടിയാണെന്ന് ദൃക്സാക്ഷികള്‍ മൊഴി നൽകിയിരുന്നു.
മൈനാഗപ്പള്ളി ആനൂർക്കാവിൽ ഞായറാഴ്ച വൈകിട്ട് 5.45നായിരുന്നു സംഭവം. അപകടത്തിൽ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ (45) ആണ് മരിച്ചത്.
കാർ ഇടിച്ചയുടനെ വാഹനം നിർത്താൻ നാട്ടുകാർ ഡ്രൈവറായ അജ്മലിനോട് പറഞ്ഞെങ്കിലും ഇയാൾ അമിതവേഗത്തിൽ കാർ കുഞ്ഞുമോളുടെ ദേഹത്തുകൂടി കയറ്റിയിറക്കി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോൾ മരിച്ചു. കുഞ്ഞുമോളെ ഇടിച്ച ശേഷം മറ്റൊരു സ്ഥലത്തും ഈ വാഹനം അപകടത്തിൽപ്പട്ടിരുന്നു.