പ്രധാനമന്ത്രി ഇന്ന് വയനാട്ടിൽ; ദുരന്തബാധിത പ്രദേശം സന്ദർശിക്കും
Saturday, August 10, 2024 2:41 AM IST
കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സന്ദർശനം നടത്തും. പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് ഇന്ന് പ്രദേശത്ത് തെരച്ചിൽ ഉണ്ടായിരിക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
തെരച്ചിലുമായി ബന്ധപ്പെട്ട ആർക്കും ഇന്ന് ദുരന്തബാധിത പ്രദേശങ്ങളില്‍ പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ദുരന്ത സ്ഥലം സന്ദർശിക്കുന്നതു കൂടാതെ ക്യാമ്പുകളും സൈന്യം നിർമിച്ച ബെയ്ലി പാലവും പ്രധാനമന്ത്രി സന്ദർശിക്കും.
പ്രധാനമന്ത്രിക്കൊപ്പം കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഉണ്ടാവും. വ്യോമസേനയുടെ വിമാനത്തിൽ രാവിലെ 11.20ന് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്ന് സ്വീകരിക്കും.
തുടർന്ന് ഹെലികോപ്റ്ററിൽ അദ്ദേഹം വയനാട്ടിലേക്ക് തിരിക്കും. ഇതിനായി വ്യോമസേനയുടെ മൂന്നു ഹെലികോപ്റ്ററുകൾ കണ്ണൂരിലെത്തി.