ന്യൂയോർക്കിൽ മിന്നൽ പ്രളയത്തിന് പിന്നാലെ ജാഗ്രതാ നിർദേശം, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
വെബ് ഡെസ്ക്
Saturday, September 30, 2023 8:37 PM IST
ന്യൂയോർക്ക്: വെള്ളിയാഴ്ച ന്യൂയോർക്ക് നഗരത്തിലുണ്ടായ മിന്നൽ പ്രളയത്തിന് പിന്നാലെ പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മഴ നേരിയ തോതിൽ കുറഞ്ഞുവെങ്കിലും ജാഗ്രത തുടരണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
കനത്ത മഴയും കൊടുങ്കാറ്റുമുണ്ടായതിന് പിന്നാലെ നഗരത്തിലെ പല സബ് വേ ലൈനുകളിലും വെള്ളം നിറയുകയും ഇവ അടച്ചു പൂട്ടുകയുമായിരുന്നു. ജനങ്ങൾ കഴിവതും റോഡിലേക്ക് ഇറങ്ങരുതെന്നും മേയർ എറിക്ക് ആഡംസ് അറിയിച്ചു.
ദേശീയപാതകളടക്കം വെള്ളത്തിനടയിലായതോടെ ഗതാഗതം ഭൂരിഭാഗവും തടസപ്പെട്ട നിലയിലാണ്. 20 സെന്‍റീമീറ്റർ മഴ വരെ ചിലയിടങ്ങളിൽ പെയ്തതെന്ന് റിപ്പോർട്ട് വന്നിട്ടുണ്ട്. വരും ദിവസങ്ങളും മഴതുടർന്നേക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കനത്ത മഴയെത്തുടർന്ന് ന്യൂയോർക്ക് സിറ്റി, ലോങ് ഐലൻഡ്, ഹഡ്‌സൺ വാലി എന്നിവിടങ്ങളിലാണ് ഗവർണർ ഹോച്ചുൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ലായാർഡിയ വിമാനത്താവളത്തിന്‍റെ ഒരു ടെർമിനൽ അടച്ചിട്ടു. ജനങ്ങൾ ജാഗ്രത തുടരണമെന്നും പ്രളയ സാധ്യതയുള്ള ഭാഗങ്ങളിലേക്ക് പോകരുതെന്നും നിർദേശമുണ്ട്.