തിരുവനന്തപുരം : സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലറ്റുകളിൽ മിന്നൽ പരിശോധനയുമായി വിജിലൻസ് സംഘം. കേരളത്തിലെ 78 ഔട്ട്ലറ്റുകളിലായിട്ടാണ് ഓപ്പറേഷൻ മൂൺലൈറ്റ് എന്ന പേരിൽ പരിശോധന നടക്കുന്നത്.

ചില ബ്രാൻഡുകളെ മാത്രമാണ് ഔട്ട്ലറ്റുകൾ പ്രോത്സാഹിപ്പിക്കുന്നതെന്നും അമിത വില മദ്യത്തിന് ഈടാക്കുന്നുണ്ടെന്നുമുള്ള പരാതിക്ക് പിന്നാലെയാണ് ശനിയാഴ്ച വൈകുന്നേരം 6.30 മുതൽ പരിശോധന ആരംഭിച്ചത്. പരിശോധന ഇപ്പോഴും തുടരുകയാണ്.

മദ്യത്തിന് കൂടുതൽ വില ഈടാക്കുന്നത് വഴി മദ്യ കമ്പനികളുടെ ഏജന്‍റുമാരിൽ നിന്നും ചില ഉദ്യോ​ഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്നും ആരോപണം ഉയർന്നിരുന്നു.

പ്രതിദിനാടിസ്ഥാനത്തിൽ മദ്യത്തിന്‍റെ സ്റ്റോക്കും, വിലവിവരവും, ഉപഭോക്താക്കൾ കാണുന്ന തരത്തിൽ എഴുതി പ്രദർശിപ്പിക്കണമെന്ന വ്യവസ്ഥ പല ഔട്ട്ലറ്റുകളിലും പാലിക്കാറില്ല. കുറഞ്ഞ വിലയുള്ള മദ്യം സ്റ്റോക്കുണ്ടായിട്ടും വില കൂടിയ ബ്രാൻഡുകളെ ഉപഭോക്താക്കളിൽ അടിച്ചേൽപ്പിക്കുന്നതായും പരാതി വന്നിരുന്നു.