പണമില്ല, പോലീസും പ്രതിസന്ധിയിൽ; എസ്എപി ക്യാമ്പിലെ പെട്രോൾ പമ്പ് അടച്ചുപൂട്ടി
സ്വന്തം ലേഖകൻ
Saturday, April 1, 2023 12:27 PM IST
തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ പോലീസ് വാഹനങ്ങൾക്ക് ഇന്ധനം നൽകിയിരുന്ന പേരൂർക്കട എസ്എപി ക്യാന്പിലെ പെട്രോൾ പന്പ് അടച്ചുപൂട്ടി. ഇന്ധനകന്പനിക്ക് വൻ കുടിശിക വരുത്തിയതിനെ തുടർന്ന് കന്പനികൾ ഇന്ധനം നൽകുന്നത് അവസാനിപ്പിച്ചതാണ് പന്പ് അടയ്ക്കാൻ കാരണം.
ഒന്നരക്കോടി രൂപയോളം ആഭ്യന്തരവകുപ്പ് എണ്ണ കന്പനികൾക്ക് കുടിശിക വരുത്തിയിരുന്നു. ഇതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. പെട്രോൾ പന്പ് അടച്ചതോടെ സിറ്റിയിലെ പോലീസ് വാഹനങ്ങൾക്ക് ഇനി എണ്ണ നിറയ്ക്കാൻ സ്വകാര്യ പന്പുകളെ ആശ്രയിക്കേണ്ടി വരും.
ഇന്ധനത്തിനുള്ള തുക സർക്കാരിൽ നിന്നും അനുവദിച്ചിട്ടുമില്ല. ബന്ധപ്പെട്ട പോലീസ് അധികാരികൾ ഇന്ധനം നിറയ്ക്കാൻ ബദൽമാർഗം തേടണമെന്നാണ് ഡിജിപിയുടെ നിർദേശം. ഇന്ധന ലഭ്യത കുറഞ്ഞത് പോലീസ് പട്രോളിംഗിനെ ബാധിക്കാനിടയുണ്ട്.
ബദൽ മാർഗത്തിന് സ്വകാര്യ പമ്പുകളെ ആശ്രയിക്കേണ്ടി വരും. സ്വകാര്യ വ്യക്തികളെ ആശ്രയിച്ചും സ്പോൺഷിപ്പിലൂടെയും പണം കണ്ടെത്തേണ്ടി വരുന്നത് അഴിമതിയ്ക്ക് ഇടയായേക്കുമെന്ന ആക്ഷേപവും ഉയരുന്നുണ്ട്.