ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ച് നിര്‍ത്താതെ കാര്‍ ഓടിച്ചു പോയി; യുവാക്കള്‍ പിടിയില്‍
Tuesday, August 6, 2024 6:38 AM IST
കോഴിക്കോട്: ബൈക്ക് യാത്രികനെ വാഹനം ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോയ യുവാക്കൾ അറസ്റ്റിൽ. ഈങ്ങാപ്പുഴ സ്വദേശികളായ ഷാമില്‍, ജംഷീര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കാരശേരി ചോണാട് സ്വദേശി ഇബ്നു ഫിന്ഷാദിനെയാണ് ഇവർ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോയത്. തുടർന്ന് ഇയാളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാര്‍ യൂ ടേണ്‍ എടുക്കുന്നതിനിടെ ഇബ്നുവിന്റെ സ്കൂട്ടറില്‍ ഇടിക്കുകയും തുടര്‍ന്ന് വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തു. പിന്നാലെ ഷാമില്‍ കാര്‍ മുന്നോട്ടെടുത്ത് ഇടിപ്പിക്കുകയായിരുന്നുവെന്ന് ഇബ്നു പറഞ്ഞു.
തുടർന്ന് കാറിന്റെ ബോണറ്റിൽ വീണ ഇയാളുമായി യുവാക്കൾ മീറ്ററുകളോളം സഞ്ചരിച്ചു. യുവാവ് ബോണറ്റിൽനിന്ന് താഴെ വീണതോടെ പ്രതികൾ കടന്നുകളഞ്ഞു.