പീഡനപരാതി ഉന്നയിച്ച യുവതിയെ സ്റ്റേഷനിൽ വച്ച് അപമാനിച്ച് പോലീസ് ഉദ്യോഗസ്ഥൻ
Sunday, November 27, 2022 12:40 PM IST
മുംബൈ: പീഡനപരാതിയിൽ മൊഴി നൽകാനായി സ്റ്റേഷനിലെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. യുവതി ഉന്നയിച്ച പീഡനപരാതിയിലെ മുഖ്യപ്രതിയായ അനിൽ സിംഗ്(37) ആണ് ഡൽഹി മഹേന്ദ്ര പാർക്ക് പോലീസ് സ്റ്റേഷനിൽ വച്ച് ഇവരെ അപമാനിക്കാൻ ശ്രമിച്ചത്.
ആസാദ്പൂർ മെട്രോ സ്റ്റേഷനിൽ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട സിംഗ്, സുഹൃത്തായ രവി ശർമയ്ക്കൊപ്പം ചേർന്ന് മെട്രോ ടെർമിനലിൽ വച്ച് തന്നെ അപമാനിച്ചെന്ന് യുവതി കൺട്രോൾ റൂമിൽ വിളിച്ച് അറിയിച്ചിരുന്നു. ഇതേത്തുടർന്ന് മൊഴി നൽകാനായി യുവതി പോലീസ് സ്റ്റേഷനിൽ എത്തിയ വേളയിലാണ് സിംഗ് ഇവരെ അപമാനിച്ചത്.
അനുനയിപ്പിക്കാൻ ശ്രമിച്ച സ്റ്റേഷൻ ഹൗസ് ഓഫീസറെ ശാരീരികമായി ആക്രമിച്ച പ്രതിക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തതായി അധികൃതർ അറിയിച്ചു.