പൂനെയിൽ കാളവണ്ടിയോട്ട മത്സരത്തിനിടെ താൽക്കാലിക ഗാലറി തകർന്ന് ഒരാൾ മരിച്ചു
Sunday, June 4, 2023 10:31 PM IST
പൂനെ: കാളവണ്ടിയോട്ട മത്സരം നടക്കുന്നതിനിടെ പൊതുജനങ്ങൾക്കായി ഒരുക്കിയ താൽക്കാലിക ഗാലറി തകർന്നുവീണ് ഒരാൾ മരിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
സത്താര സ്വദേശിയായ ബാലാസാഹെബ് കാശിനാഥ് കോലി(46) എന്നയാളാണ് മരിച്ചത്. ശുഭം ലോകണ്ഡേ, മയൂർ ലോകണ്ഡേ, വികാസ് ധമാലെ എന്നിവർക്കാണ് പരിക്കേറ്റത്.
വാഡ്കി മേഖലയിലെ കാളവണ്ടിയോട്ട വേദിയിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. പ്രദേശത്തുണ്ടായ കനത്ത മഴ മൂലം മത്സരം താൽക്കാലികമായി നിർത്തിവച്ചിരുന്നു. മഴയിൽ നിന്ന് രക്ഷനേടാനായി, മരക്കമ്പുകൾ ഉപയോഗിച്ച് നിർമിച്ച ഇരിപ്പിടങ്ങൾക്ക് താഴെ നിന്നവരുടെ ശരീരത്തിലേക്ക് ഗാലറി ഇടിഞ്ഞുവീഴുകയായിരുന്നു.
അപകടം നടന്നയുടൻ നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയിരുന്നു. മറ്റുള്ളവർക്കൊപ്പം കോലിയെയും ആശുത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.