രാഹുൽ ഗാന്ധിക്കെതിരായ വ്യാജ വീഡിയോ: സംവിധായകനെതിരെ കോൺഗ്രസ് പരാതി
Friday, September 30, 2022 11:22 AM IST
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വ്യാജ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച സംഭവത്തിൽ ബോളിവുഡ് സംവിധായകൻ അശോക് പണ്ഡിറ്റിനെതിരെ പാർട്ടി പരാതി നൽകി.
ഒരു ക്ഷേത്രത്തിലെ ചടങ്ങിനിടെ രാഹുൽ ഗാന്ധി വിഗ്രഹത്തിന് മുന്പിൽ ആരതി ഉഴിയാൻ വിസമ്മതിച്ചെന്ന നിലയിലുള്ള വ്യാജ വീഡിയോ ആണ് പണ്ഡിറ്റ് പങ്കുവെച്ചത്. പൂണൂൽധാരിയായ രാഹുൽ ആരതി ഉഴിയാൻ വിസമ്മതിക്കുന്നതിന്റെ കാരണം എന്താണെന്ന് വ്യക്തമാണെന്നും പണ്ഡിറ്റ് കുറിച്ചിരുന്നു.
2017-ൽ രാജസ്ഥാനിൽ നടന്ന സംഭവത്തിന്റെ എഡിറ്റ് ചെയ്ത വീഡിയോ ആണിതെന്നും രാഹുൽ ആരതി പൂജയിൽ പങ്കെടുത്തിരുന്നുവെന്നും കോൺഗ്രസ് വ്യക്തമാക്കി. ദുർഗാദേവിയെ അപമാനിക്കുന്നത് പണ്ഡിറ്റ് ആണെന്നും മതവികാരം വ്രണപ്പെടുത്താനുള്ള ആസൂത്രിത ശ്രമം ഇയാൾ നടത്തിയെന്നും പാർട്ടി അറിയിച്ചു.