റിസോര്‍ട്ടില്‍ വച്ച് പീഡിപ്പിച്ചതായി പരാതി; ബിജെപി എംഎല്‍എയ്ക്കെതിരേ കേസ്
Thursday, September 19, 2024 10:49 AM IST
ബംഗളൂരു: കര്‍ണാടക ബിജെപി എംഎല്‍എയും മുന്‍ മന്ത്രിയുമായ മുനിരത്ന ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരേ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തു. രാമനഗര ജില്ലയിലെ കഗ്ഗലിയപുര പോലീസ് സ്റ്റേഷന് പരിധിയിലെ ഒരു സ്വകാര്യ റിസോര്‍ട്ടില്‍വച്ച് 40 കാരിയെ പീഡിപ്പിച്ചതായാണ് പരാതി.
ഐപിസി സെക്ഷന്‍ 354 എ, 354 സി, 376, 506, 504, 120 (ബി), 149, 384, 406, 308 എന്നീ വകുപ്പുകള്‍ പ്രകാരം ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വിജയകുമാര്‍, സുധാകര, കിരണ്‍ കുമാര്‍, ലോഹിത് ഗൗഡ, മഞ്ജുനാഥ്, ലോകി എന്നിവരാണ് മറ്റ് പ്രതികള്‍.
ഒരു മാസത്തിനിടെ മുനിരത്നയ്ക്കെതിരേയുള്ള മൂന്നാമത്തെ എഫ്ഐആറാണിത്. നേരത്തെ, ബിബിഎംപി കരാറുകാരനെ കൈക്കൂലി ചോദിച്ച് ഭീഷണിപ്പെടുത്തിയതിനും ജാതി പറഞ്ഞ് അധിക്ഷേപിച്ചതിനും ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരുന്നു.