വഴി വേലികെട്ടി അടച്ച സംഭവം: എസ്സി-എസ്ടി കമ്മീഷൻ കേസെടുത്തു
Wednesday, October 4, 2023 5:39 PM IST
തിരുവനന്തപുരം: കോഴിക്കോട് കോർപ്പറേഷനിൽ 4-ാം വാർഡിൽ ഉൾപ്പെട്ട എരഞ്ഞിക്കൽ തട്ടാംകണ്ടി പറമ്പിൽ നാല് ദളിത് കുടുംബങ്ങളുടെ വീട്ടിലേക്കുള്ള വഴി സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിൽ വേലികെട്ടി അടച്ചതുമായി ബന്ധപ്പെട്ട പത്രവാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
ഇതു സംബന്ധിച്ച് ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുവാൻ കോഴിക്കോട് ജില്ലാ പോലീസ് മേധാവി, കോഴിക്കോട് കോർപ്പറേഷൻ സെക്രട്ടറി എന്നിവർക്ക് പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ ചെയർമാൻ ബി. എസ്. മാവോജി നിർദ്ദേശം നൽകി.
വഴി വേലികെട്ടി അടച്ച സംഭവത്തിൽ പട്ടികജാതി അതിക്രമ നിയമം, വധഭീഷണി തുടങ്ങിയ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തിരുന്നു.
ദളിത് കുടുംബങ്ങളുടെ പരാതിയിൽ ആഴ്ചകൾ പിന്നിട്ട് പോലീസ് നടത്തിയ ഇടപെടലിൽ സർവേ നടപടികൾ പൂർത്തിയാകും വരെ വഴി തുറന്നു കൊടുക്കണമെന്ന ധാരണയിൽ പോലീസ് നേരിട്ടെത്തി തുറന്നു കൊടുത്ത വഴി പ്രതികൾ സംഘം ചേർന്ന് വീണ്ടും അടക്കുകയും ദളിത് കുടുംബങ്ങളെ ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തതിനെ തുടർന്നാണ് എലത്തൂർ പോലീസ് പട്ടികജാതി അതിക്രമ നിയമപ്രകാരം കേസെടുത്തത്.