റുവൈസിന്റെ പിതാവ് ഒളിവിൽ: സ്ത്രീധനത്തിനായി ഇദ്ദേഹവും സമ്മർദ്ദം ചെലുത്തി, ആത്മഹത്യാ കുറിപ്പ് നാലു പേജെന്ന് റിപ്പോർട്ട്
വെബ് ഡെസ്ക്
Saturday, December 9, 2023 7:19 AM IST
തിരുവനന്തപുരം: മെഡിക്കൽ പിജി വിദ്യാർഥിനി ഡോ. ഷഹനയുടെ ആത്മഹത്യ കേസിൽ അറസ്റ്റിലായ ഡോ. റുവൈസിന്റെ പിതാവ് ഒളിവിൽ പോയെന്നും ബന്ധുക്കളുടെ വീടുകളിലടക്കം അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നും പോലീസ്. ഇയാളുടെ കരുനാഗപ്പള്ളിയിലെ വീട് പൂട്ടിയിട്ട നിലയിലാണെന്നും പോലീസ് വ്യക്തമാക്കി.
ഭീമമായ സ്ത്രീധനം വേണമെന്ന് റുവൈസിന്റെ പിതാവും സമ്മർദ്ദം ചെലുത്തിയിരുന്നതായി ഷഹനയുടെ അമ്മ മൊഴി നൽകിയതായും സൂചനയുണ്ട്. കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന റുവൈസിനെ തിങ്കളാഴ്ച പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
ഇതിനിടെ ഷഹനയുടെ ആത്മഹത്യാ കുറിപ്പ് ഒരു പേജല്ലെന്നും നാലു പേജാണെന്നും റിപ്പോർട്ട് പുറത്ത് വന്നു. റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഒപി ടിക്കറ്റിന് പിന്നിലായി എഴുതിയ ആത്മഹത്യാ കുറിപ്പാണ് ലഭിച്ചതെന്നാണ് മെഡിക്കൽ കോളജ് പോലീസ് ആദ്യം പറഞ്ഞത്.
സ്ത്രീധനത്തെ പറ്റി ഇതിൽ പമാർശമില്ലെന്നായിരുന്നു മെഡിക്കൽ കോളജ് എസ്എച്ച്ഒ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ സ്ത്രീധനം സംബന്ധിച്ച് ഷഹനയ്ക്ക് മേൽ സമ്മർദ്ദമുണ്ടായിരുന്നുവെന്നും ഇതേ എസ്എച്ച്ഒ തന്നെ റിമാൻഡ് റിപ്പോർട്ടിൽ എഴുതിയിരുന്നതായി സൂചനകൾ പുറത്ത് വന്നു.
മാത്രമല്ല നാല് എ4 സൈസ് പേജിലാണ് ഷഹന ആത്മഹത്യാ കുറിപ്പ് എഴുതിയിരുന്നതെന്ന് പോലീസിലെ ഉന്നത വൃത്തങ്ങൾ സൂചിപ്പിച്ചതായി റിപ്പോർട്ട് വന്നിട്ടുണ്ട്.
ഏക്കർ കണക്കിന് ഭൂമിയും ഒന്നരകിലോ സ്വർണവും ആവശ്യപ്പെട്ടാൽ നൽകാൻ തനിക്കില്ലെന്നും അവരുടെ സ്ത്രീധനമോഹം മൂലം എന്റെ ജീവിതം അവസാനിപ്പിക്കുന്നുവെന്നും ഷഹന ആത്മഹത്യാ കുറിപ്പിൽ എഴുതിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. മാത്രമല്ല ഇത്ര പണം ആവശ്യപ്പെടുന്നത് അവന്റെ (റുവൈസിന്റെ) സഹോദരിക്ക് വേണ്ടിയാണോ എന്നും ഞാൻ വഞ്ചിക്കപ്പെട്ടു എന്നും ഷഹ്ന എഴുതിയിട്ടുണ്ട്.
ഷഹന എഴുതിയ കുറിപ്പിൽ റുവൈസിന്റെ പേരുണ്ടെന്നും മൊഴികളുടേയും സാഹചര്യ തെളിവുകളുടേയും പശ്ചാത്തലത്തിലാണ് റുവൈസിനെ അറസ്റ്റ് ചെയ്തത്. അവസാന നിമിഷമാണ് റുവൈസ് വിവാഹത്തിൽ നിന്നും പിന്മാറിയത്.
ഡോ.റുവൈസിന്റെ ഫോണിൽ നിന്നും ഷഹനയ്ക്കയയ്ച്ച സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തിരുന്നുവെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്. ഇവ വീണ്ടെടുക്കാൻ സൈബർ പരിശോധനയ്ക്ക് അയയ്ച്ചിരിക്കുകയാണെന്നും ഇരുവരും തമ്മിൽ വിവാഹനിശ്ചയം നടന്നതായും പോലീസ് അറിയിച്ചു.
വലിയതോതിലുള്ള സ്ത്രീധനം ചോദിച്ചപ്പോൾ ഷഹന കടുത്ത മാനസിക സമ്മർദത്തിലായെന്നും ഇതുവരെയുള്ള അന്വേഷണത്തിൽ വ്യക്തമായതായാണ് സൂചന. തെളിവെടുപ്പിന്റെ ഭാഗമായി റുവൈസിനെ അഞ്ച് ദിവസം കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ സമർപ്പിക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓർത്തോ വിഭാഗം പി ജി ഡോക്ടറായ റുവൈസിനെ ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് റുവൈസ്. പിജി ഡോക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായിരുന്നു ഇയാൾ.
ഉയർന്ന സ്ത്രീധനം നൽകാത്തതിന്റെ പേരിൽ വിവാഹാലോചനയിൽ നിന്ന് പിന്മാറിയതിലെ നിരാശയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ഷഹാനയുടെ മാതാവും സഹോദരിയും പോലീസിന് മൊഴി നൽകിയതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്.