സ്വവർഗ വിവാഹം അനുവദിച്ചാൽ എയ്ഡ്സ് ബാധ ഉയരുമെന്ന് മുൻ ജഡ്ജിമാരുടെ സംഘം
Wednesday, March 29, 2023 6:09 PM IST
ന്യൂഡൽഹി: രാജ്യത്ത് സ്വവർഗ വിവാഹം നിയമവിധേയമാക്കിയാൽ എയ്ഡ്സ് ബാധ ഉയരാൻ സാധ്യയുണ്ടെന്ന വാദവുമായി മുൻ ജഡ്ജിമാരുടെ സംഘം. സ്വവർഗ വിവാഹം അനുവദിക്കാനുള്ള നിയമനിർമാണത്തിനെതിരെ കുറിച്ച തുറന്ന കത്തിലാണ് 21 അംഗ മുൻ ന്യായാധിപസംഘം ഇക്കാര്യം പറഞ്ഞത്.
മുൻ ന്യായാധിപരും ജാഗ്രതയുള്ള പൗരന്മാരുമായ തങ്ങൾ, ഭാരതീയ വൈവാഹിക - കുടുംബജീവിത പൈതൃകത്തിന്മേൽ ചില സ്ഥാപിതതാൽപര്യക്കാർ നടത്തുന്ന ആക്രമണത്തെപ്പറ്റി ആശങ്കാകുലരാണെന്ന് പ്രസ്താവിച്ചാണ് കത്ത് ആരംഭിക്കുന്നത്.
പാശ്ചാത്യ ചിന്താഗതി ഉപയോഗിച്ച് രാജ്യത്തെ പാരമ്പര്യം തകർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നത് കുടുംബസംവിധാനത്തിന്റെ കടയ്ക്കൽ വെട്ടുന്ന നടപടിയാണ്. ഭാരതീയ പൈതൃകത്തെ പല വർഷങ്ങളായി പലരും ആക്രമിക്കുന്നു. ഇത്തരമൊരു നീക്കത്തിനെതിരെ മുൻ ജഡ്ജിമാരായ തങ്ങൾ പ്രതികരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
പാശ്ചാത്യസംസ്കാരത്തെ കാർന്നുതിന്നുന്ന പ്രശ്നങ്ങൾ ഇന്ത്യയിലേക്കും കടത്താൻ ശ്രമിക്കുകയാണ്. അമേരിക്കയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം എയ്ഡ്സ് രോഗബാധിതരുടെ 70 ശതമാനവും സ്വവർഗ വിഭാഗത്തിൽപ്പെട്ടവരാണ്. സ്വവർഗ വിവാഹം ഇന്ത്യയിൽ അനുവദിച്ചാൽ ഇത്തരത്തിൽ എയ്ഡ്സ് ബാധിതരുടെ എണ്ണം കുതിച്ചുയരും.
രാജസ്ഥാൻ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ് എസ്.എൻ.ഝാ, ജമ്മു കാഷ്മീർ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ് എം.എം. കുമാർ എന്നിവരടക്കമുള്ളവരാണ് കത്ത് എഴുതിയത്.