കുടിവെള്ള പ്രശ്നം; തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ സ്കൂളുകൾക്ക് തിങ്കളാഴ്ച അവധി
Sunday, September 8, 2024 7:37 PM IST
തിരുവനന്തപുരം: കുടിവെള്ള വിതരണം കാര്യക്ഷമമായി നടത്താൻ കഴിയാത്തതിനാൽ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളജുകളിൽ തിങ്കളാഴ്ച നടക്കുന്ന പ്രവേശന നടപടികൾക്ക് മാറ്റമില്ലെന്നും അറിയിപ്പിൽ പറയുന്നു. തിരുവനന്തപുരം - കന്യാകുമാരി റെയിൽവേ ലൈൻ ഇരട്ടിപ്പിക്കലിന് മുന്നോടിയായി പ്രധാന പൈപ്പ് ലൈൻ മാറ്റിയിടുന്നതിനാൽ കഴിഞ്ഞ നാലു ദിവസമായി നഗരത്തിൽ കുടിവെള്ള വിതരണം മുടങ്ങിയിരിക്കുകയാണ്.
ഞായറാഴ്ച വൈകുന്നേരത്തോടെ കുടിവെള്ള വിതരണം സാധാരണ നിലയിൽ ആകുമെന്ന് വാട്ടർ അഥോറിറ്റി അറിയിച്ചിരുന്നെങ്കിലും പണി പൂർത്തിയായില്ല. ഇതോടെ തിങ്കളാഴ്ചയും കുടിവെള്ള വിതരണം മുടങ്ങും.
തുടർന്നാണ് ജില്ലാ കളക്ടർ കോർപ്പറേഷൻ പരിധിയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്.