അറിവിന്റെ അക്ഷരമുറ്റത്ത്..; ഒന്നാം ക്ലാസിലേക്ക് നാലു ലക്ഷത്തോളം കുരുന്നുകൾ
Thursday, June 1, 2023 11:29 AM IST
തിരുവനന്തപുരം: പുത്തനുടുപ്പും ബാഗുമായി ആവേശത്തോടെ വിദ്യാർഥികൾ ഇന്ന് സ്കൂളിലേക്ക്. രണ്ടുമാസത്തെ വേനലവധിക്കു ശേഷം സ്കൂളുകൾ ഇന്നു തുറക്കുമ്പോൾ നവാഗതരെ സ്വീകരിക്കാൻ വൻ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഒന്നാം ക്ലാസിലെത്തുന്ന കുരുന്നുകളെ സ്വീകരിക്കാൻ പ്രവേശനോത്സവ ഗാനവും തയാർ.
ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളിലായി 42 ലക്ഷത്തോളം കുട്ടികളാണ് വിദ്യാലയങ്ങളിലെത്തുക. നാലുലക്ഷം കുട്ടികള്‍ ഒന്നാം ക്ലാസില്‍ ചേരുമെന്നാണ് ആദ്യ കണക്കുകള്‍. ബലൂണുകളും വർണക്കടലാസുകളും അലങ്കരിച്ച ക്ലാസ് മുറികളിലേക്കാണ് പുത്തൻ കൂട്ടുകാരെ വരവേല്‍ക്കുക. ആറരലക്ഷത്തോളം വിദ്യാര്‍ഥികളെയാണ് ഹയര്‍ സെക്കന്‍ഡറിയില്‍ പ്രതീക്ഷിക്കുന്നത്.
സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം തിരുവനന്തപുരം മലയിൻകീഴ് ഗവ. വിഎച്ച്എസ്എസിൽ രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ അഡ്വ. ആന്റണിരാജു , ജി. ആർ അനിൽ, പ്രതിപക്ഷനേതാവ് വി.ഡി സതീശൻ തുടങ്ങിയവർ പങ്കെടുക്കും.