"ഏകാധിപത്യവും ഗ്രൂപ്പിസവും അവസാനിപ്പിക്കണം': ഷാഫിക്കെതിരേ പോസ്റ്ററുകൾ
സ്വന്തം ലേഖകൻ
Saturday, April 1, 2023 12:26 PM IST
പാലക്കാട്: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിനെതിരേ പാലക്കാട് നഗരത്തിൽ പോസ്റ്ററുകൾ. ഷാഫിയുടെ ഏകാധിപത്യവും ഗ്രൂപ്പിസവും അവസാനിപ്പിക്കണമെന്നാണ് പോസ്റ്ററിലുള്ളത്. ജില്ലാ പ്രസിഡന്‍റ് ടി.എച്ച് ഫിറോസിനെയും പോസ്റ്ററിൽ വിമർശിക്കുന്നു.
അതേസമയം, പോസ്റ്ററുകൾ ആരാണ് തയാറാക്കിയതെന്ന് വ്യക്തമല്ല. ഷാഫി ഫാൻസ് പാലക്കാട്ടെ കോൺഗ്രസിനെ ബാധിച്ച കാൻസറാണെന്നും മതം പരിചയാക്കി വ്യക്തിഗത നേട്ടം കൈവരിച്ചെന്നും വിമർശിക്കുന്നു. ജില്ലാ പ്രസിഡന്‍റ് പണപ്പിരിവ് നടത്തി സാമ്പത്തിക നേട്ടം കൊയ്തതായും വിമർശനമുണ്ട്.
കഴിഞ്ഞ ദിവസം, പാലക്കാട് യൂത്ത് കോൺഗ്രസിൽ കൂട്ട നടപടി സ്വീകരിച്ചിരുന്നു. ജില്ലാ സമ്മേളനവുമായി സഹകരിക്കാത്ത എട്ടു മണ്ഡലം കമ്മറ്റികൾ പിരിച്ചുവിടുകയാണ് ചെയ്തത്. ഇതിനു പിന്നാലെയാണ് നഗരത്തിൽ നേതൃത്വത്തിനെതിരേ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.