സിൽവർലൈൻ: ഭൂമിയേറ്റെടുക്കൽ വിജ്ഞാപനവും പിൻവലിക്കണമെന്ന് കെ. സുധാകരൻ
Monday, November 28, 2022 11:00 PM IST
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയിൽ നിന്നും മലക്കം മറിഞ്ഞ സ്ഥിതിക്ക് ഭൂമിയേറ്റെടുക്കലിനായിപ്രഖ്യാപിച്ച വിജ്ഞാപനം പിൻവലിക്കാൻ സർക്കാർ തയാറാകണമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ.
ഭൂമിയേറ്റെടുക്കൽ വിജ്ഞാപനം നിലനിൽക്കുന്നതു കാരണം പലർക്കും അവരുടെ ഭൂമി ക്രയവിക്രയം ചെയ്യാനോ നിർമാണ പ്രവർത്തനങ്ങൾ നടത്താനോ ബാങ്ക് വായ്പ ലഭിക്കുന്നതിനോ സാധിക്കാത്ത സ്ഥിതിയാണുള്ളത്. കൂടാതെ പ്രതിഷേധക്കാർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാനും തയാറാകണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
സർക്കാർ ഖജനാവിൽ നിന്നും 56.69 കോടിയാണ് ഒട്ടും പ്രായോഗികമല്ലാത്ത സിൽവർലൈൻ പദ്ധതിക്കായി പൊടിച്ചത്. തട്ടിക്കൂട്ട് ഡിപിആർ തയാറാക്കിയ ജനറൽ കണ്‍സൾട്ടൻസിയായ ഫ്രഞ്ച് കന്പനി സിസ്ട്രക്ക് ഇതുവരെ നൽകിയത് 22.27 കോടി രൂപയാണ്. കൈപുസ്തകം, സംവാദം, പ്രചരണം, ശന്പളം തുടങ്ങിയവക്കായി കോടികൾ ചെലവാക്കി. ഇതെല്ലാം ഖജനാവിലേക്ക് തിരിച്ചടച്ച് പൊതുസമൂഹത്തോട് മാപ്പുപറയാൻ മുഖ്യമന്ത്രി തയാറാകണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.