തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം;കര്‍ണാടക സര്‍ക്കാരിന്റെ പരസ്യങ്ങൾക്ക് തെലുങ്കാനയില്‍ വിലക്ക്
Tuesday, November 28, 2023 5:36 AM IST
ഹൈദരാബാദ്: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി തെലുങ്കാനയില്‍ കര്‍ണാടക സര്‍ക്കാരിന്റെ പരസ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന തെലുങ്കാനയില്‍ ബിജെപിയുടെയും ഭരണകക്ഷിയായ ബിആര്‍എസിന്റെയും പരാതിയെത്തുടര്‍ന്നാണ് നടപടി.
ഇന്ന് വൈകുന്നരം അഞ്ചിനു മുമ്പായി ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാരിലെ പ്രിന്‍സിപ്പൽ സെക്രട്ടറിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനായി കോണ്‍ഗ്രസ് പൊതുജനത്തിന്റെ പണം ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണമാണ് ബിആര്‍എസും ബിജെപിയും ഉയര്‍ത്തുന്നത്. നടന് പവന് കല്യാണിന്റെ പാര്‍ട്ടിയായ ജനസേനയുമായി സഖ്യം ചേര്‍ന്നാണ് ബിജെപി തെലുങ്കാന തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
ഈ വര്‍ഷമാദ്യം കര്‍ണാടകയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഭരണത്തിലിരുന്ന ബിജെപിയെ തൂത്തെറിഞ്ഞ് കോണ്‍ഗ്രസ് അധികാരത്തിലേറിയിരുന്നു.
റൈതു ബന്ധു സ്കീമില്‍ കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കാനുള്ള തെലുങ്കാന സര്‍ക്കാരിന്റെ നീക്കത്തെയും തെരഞ്ഞെടുപ്പ് കമ്മീഷന് തടഞ്ഞിരുന്നു. സംസ്ഥാനത്തെ ഒരു മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ചട്ടലംഘനം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
നവംബര്‍ 30നാണ് തെലുങ്കാനയില്‍ വോട്ടെടുപ്പ്. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണുന്നത്.