മണിപ്പുര്‍: ക്രൈസ്തവ ആരാധനാലയങ്ങള്‍ തകര്‍ത്തതില്‍ അന്വേഷണം വേണമെന്ന് തോമസ് ചാഴികാടന്
Tuesday, June 6, 2023 2:28 AM IST
ന്യൂഡല്‍ഹി: മണിപ്പുര്‍ സംഘര്‍ഷത്തില്‍ ക്രൈസ്തവ ആരാധനാലയങ്ങള്‍ വ്യാപകമായി തകര്‍ക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് കേരള കോണ്‍ഗ്രസ്-എം എംപി തോമസ് ചാഴികാടന്.
മണിപ്പൂരിലെ ക്രൈസ്തവ ആരാധനാലയങ്ങളുടെ കൂട്ടായ്മയായ ചുരാചന്ദ്പൂര്‍ ഡിസ്ട്രിക് ക്രിസ്റ്റ്യന്‍സ് ഗുഡ്വില് കൗണ്‍സിലിന്റെ റിപ്പോര്‍ട്ടില്‍ മെയ് പത്തുവരെയുള്ള കണക്കുകള്‍ അനുസരിച്ച് 121 ക്രിസ്ത്യന്‍ പള്ളികളാണ് തകര്‍ക്കപ്പെട്ടത്. അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും ആരാധനാലയങ്ങള്‍ക്ക് മതിയായ സുരക്ഷ ഏര്‍പ്പെടുത്താതിരുന്ന മണിപ്പുര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേയും അന്വേഷണം നടത്തണമെന്ന് തോമസ് ചാഴികാടന് കത്തില്‍ ആവശ്യപ്പെട്ടു.
ദേശീയ ന്യൂനപക്ഷ കമ്മീഷന് അധ്യക്ഷന്‍ ഇഖ്ബാല്‍ സിംഗ് ലാല്‍പുരയ്ക്കും അന്വേഷണം ആവശ്യപ്പെട്ട് തോമസ് ചാഴികാടന് കത്ത് നല്‍കിയിരുന്നു.