ഇസ്ലാമിക ഭീകരർ 54 ഉഗാണ്ടൻ സൈനികരെ കൊലപ്പെടുത്തി
Sunday, June 4, 2023 10:48 PM IST
മൊഗാദിഷു: ആഫ്രിക്കൻ യൂണിയൻ സമാധാനസേനയുടെ ഭാഗമായി സൊമാലിയയിൽ സേവനം ചെയ്തിരുന്ന 54 ഉഗാണ്ടൻ സൈനികരെ അൽ ഷബാബ് ഭീകരരർ കൊലപ്പെടുത്തിയതായി ഉഗാണ്ടൻ പ്രസിഡന്റ് യൊവേരി മുസവേനി അറിയിച്ചു.
സമാധാന സേനയുടെ സൊമാലിയയിലെ ബേസ് ക്യാമ്പിൽ കഴിഞ്ഞ ആഴ്ച നടന്ന ആക്രമണത്തിലാണ് ഉഗാണ്ടൻ സൈനികർ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ മരിച്ചവരുടെ വിവരങ്ങൾ ഇന്നാണ് ട്വിറ്ററിലൂടെ പ്രസിഡന്റ് മുസവേനി പുറത്തുവിട്ടത്.
ബുലോ മരേർ പട്ടണത്തിലെ ക്യാമ്പിലേക്ക് ബോംബുകൾ നിറച്ച കവചിത വാഹനം ഇടിച്ചുകയറ്റിയാണ് ഭീകരർ ആക്രമണം നടത്തിയത്. ആക്രമണം നടത്തിയ വേളയിൽ ഭയപ്പെട്ട് സൈനികരോട് പിൻവാങ്ങാൻ നിർദേശം നൽകിയ രണ്ട് കമാൻഡർമാർക്കെതിരെ നടപടി എടുക്കുമെന്നും മുസവേനി അറിയിച്ചു.
സൊമാലിയയിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിച്ച് ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാൻ ശ്രമിക്കുന്ന ഭീകരരാണ് ആക്രമണം നടത്തിയത്. തങ്ങൾ നടത്തിയ ചാവേർ ആക്രമണത്തിൽ 137 സൈനികർ കൊല്ലപ്പെട്ടെന്നാണ് അൽ ഷബാബ് അവകാശപ്പെടുന്നത്.