യുക്രെയ്ൻ വാഹനവ്യൂഹത്തിന് നേരെ മിസൈൽ ആക്രമണം: 23 പേർ മരിച്ചു
Friday, September 30, 2022 3:33 PM IST
കീവ്: യുക്രെയ്നിലെ സാപോറീഷ്യ പട്ടണത്തിൽ വാഹനവ്യൂഹത്തിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു. 28 പേർക്ക് പരിക്കേറ്റു.
സാപോറീഷ്യ പ്രവിശ്യയുടെ ദക്ഷിണമേഖലകളിലേക്ക് യാത്ര ചെയ്യുന്നവരുടെ കാറുകളും ജനങ്ങൾക്കുള്ള അവശ്യസാധനങ്ങളുമായി പോയ ചെറുട്രക്കുകളും ഉൾപ്പെട്ട വാഹനവ്യൂഹത്തിന് നേരെയാണ് വെള്ളിയാഴ്ച ഉച്ചയോടെ ആക്രമണം ഉണ്ടായത്.
കനത്ത ശബ്ദത്തിൽ കുതിച്ചെത്തിയ മിസൈൽ പതിച്ച് പ്രദേശത്തെ റോഡിന്റെ ഒരു ഭാഗത്ത് ഗർത്തങ്ങൾ രൂപപ്പെട്ടു. മെറ്റൽചീളുകൾ ചിതറിത്തെറിച്ച് നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ലുഹാൻസ്ക്, ഡൊണെറ്റ്സ്ക്, സാപോറീഷ്യ, ഖേഴ്സൻ എന്നീ നാല് അധിനിവേശ പ്രദേശങ്ങൾ റഷ്യയോട് കൂട്ടിച്ചേർക്കാനുള്ള പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് സ്ഫോടനം നടന്നത്.
വൈകിട്ട് ക്രെംലിനിൽ നടക്കുന്ന ചടങ്ങിൽ യുക്രെയ്ന്റെ 15% ഭൂപ്രദേശം ഉൾക്കൊള്ളുന്ന നാല് പ്രവിശ്യകളെ റഷ്യയോട് ഔദ്യോഗികമായി കൂട്ടിച്ചേർക്കുന്നതായി പുടിൻ പ്രഖ്യാപിക്കും. രാജ്യാന്തരസമൂഹം തള്ളിക്കളഞ്ഞ ഹിതപരിശോധന ഫലം മുൻനിർത്തിയാണ് റഷ്യയുടെ ഈ നീക്കം.