ഹൃദ്യം പദ്ധതി വ്യാപിപ്പിക്കും: മന്ത്രി വീണാ ജോർജ്
Monday, June 5, 2023 11:42 PM IST
തിരുവനന്തപുരം: ഹൃദ്യം പദ്ധതി കൂടുതൽ കുഞ്ഞുങ്ങൾക്ക് സഹായകരമായ വിധം നിരവധി ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം എസ്എടി ആശുപത്രി, കോട്ടയം മെഡിക്കൽ കോളജ് എന്നിവിടങ്ങളിലാണ് നിലവിൽ കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ നടത്തുന്നത്.
കോഴിക്കോട് മെഡിക്കൽ കോളജ്, എറണാകുളം ജനറൽ ആശുപത്രി ഉൾപ്പെടെ കൂടുതൽ ആശുപത്രികളിൽ കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ നടത്താനുള്ള സംവിധാനമൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഹൃദ്യം പദ്ധതിയുടെ അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയാ സംവിധാനം ശക്തിപ്പെടുത്തുന്നതിന് നാലംഗ വിദഗ്ധ സമിതി രൂപീകരിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടും പ്രശസ്ത്ര ഹൃദയ ശസ്ത്രക്രിയ വിദഗ്ധനുമായ ഡോ. ജയകുമാർ, എസ്എടി ആശുപത്രി പീഡിയാട്രിക് കാർഡിയോളജി വിഭാഗം മേധാവി ഡോ. ലക്ഷ്മി, കോഴിക്കോട് മെഡിക്കൽ കോളജിലെ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. രാജേഷ്, ഹൃദ്യം നോഡൽ ഓഫീസർ ഡോ. രാഹുൽ എന്നിവരാണ് വിദഗ്ധ സമിതിയിലുള്ളത്.
കുടുതൽ ആശുപത്രികളിൽ കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ സൗകര്യം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് വിദഗ്ധ സമിതി പരിശോധിക്കും. ഗർഭാവസ്ഥയിൽ ഹൃദ്രോഗ പ്രശ്നങ്ങൾ കണ്ടെത്തുന്നതിനും ഫീറ്റൽ സർജറി ഉൾപ്പെടെ നടത്തുന്നതിനുമുള്ള സാധ്യതകളും സമിതി പരിശോധിക്കും.
കേരളത്തിലെ ശിശുമരണനിരക്ക് കുറക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ട് നവജാത ശിശുക്കൾ മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് സഹായകമാകും വിധമാണ് ഹൃദ്യം പദ്ധതിയ്ക്ക് ആരോഗ്യ വകുപ്പ് രൂപം നൽകിയിട്ടുള്ളത്.