കണ്ണൂരിൽ കിണറ്റിൽ വീണ കാട്ടുപന്നികളെ വെടിവച്ചുകൊന്നു
സ്വന്തം ലേഖകൻ
Saturday, June 10, 2023 7:29 PM IST
കണ്ണൂർ: കിണറ്റിൽ വീണ കാട്ടുപന്നികളെ വെടിവച്ചുകൊന്നു. കണ്ണൂർ എരഞ്ഞോളി കുടക്കളത്താണ് സംഭവം. കിണറ്റിൽ വീണ ആറ് കാട്ടുപന്നികളെയാണ് വെടിവച്ചുകൊന്നത്.
ശനിയാഴ്ച പുലർച്ചെയാണ് കാട്ടുപന്നികൾ കിണറ്റിൽ വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പന്നികളെ പുറത്തെടുത്ത ശേഷം വെടിവച്ചു കൊല്ലുകയായിരുന്നു.
അതേസമയം, പത്തനംതിട്ട സീതത്തോട് ഓഡിറ്റോറിയത്തില്‍ കയറിയ കാട്ടുപന്നിയെയും വെടിവച്ച് കൊന്നു. സെന്‍റ് മേരീസ് മലങ്കര പള്ളി ഓഡിറ്റോറിയത്തിലാണ് സംഭവം.
സീതത്തോട് പഞ്ചായത്തിന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് വെടിവച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതിനാണ് കാട്ടുപന്നി പള്ളി ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറിയത്.
പിന്തുടര്‍ന്നെത്തിയ നാട്ടുകാര്‍ പന്നിയെ ഓഡിറ്റോറിയത്തിനുള്ളില്‍ പൂട്ടിയിട്ടു. വിവരമറിഞ്ഞ് ഗൂഡ്രിക്കല്‍ റേഞ്ചിലെ കൊച്ചുകോയിക്കല്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
ജനവാസ മേഖലയിലിറങ്ങി അക്രമം കാണിച്ച പന്നിയെ ഓഡിറ്റോറിയത്തിനുള്ളില്‍ വച്ച് തന്നെ കൊല്ലണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. പന്നിയെ വെടിവച്ച് കൊല്ലാന്‍ സീതത്തോട് പഞ്ചായത്ത് പ്രസിഡന്‍റ് പി.ആര്‍. പ്രമോദ് ഉത്തരവിട്ടു.
പഞ്ചായത്തിന്‍റെ പാനല്‍ ലിസ്റ്റില്‍ ഉള്ള ഷൂട്ടര്‍ അഭി ടി. മാത്യു വടശേരിക്കരയില്‍ നിന്നെത്തി പന്നിയെ വെടിവച്ചു കൊല്ലുകയായിരുന്നു. തുടര്‍ന്ന് വനംവകുപ്പിന്‍റെ നടപടിക്രമങ്ങള്‍ക്ക് ശേഷം പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ പന്നിയുടെ ജഡം കുഴിച്ചിട്ടു.
സീതത്തോട്ടില്‍ കാട്ടുപന്നി ശല്യം സാധാരണ ഉണ്ടാവാറുണ്ടെങ്കിലും മാര്‍ക്കറ്റ് ജംഗ്ഷന്‍ ഭാഗത്ത് പന്നി എത്തുന്നത് അപൂര്‍വമാണെന്ന് നാട്ടുകാര്‍ പറയുന്നു.