മുംബൈ വീണു; ഡൽഹിക്ക് ഒൻപത് വിക്കറ്റ് ജയം
Monday, March 20, 2023 10:49 PM IST
മുംബൈ: വനിതാ പ്രീമിയർ ലിഗ് ട്വന്റി-20 ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത് ലീഗ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി ഡൽഹി ക്യാപിറ്റൽസ്. ഒൻപത് വിക്കറ്റിനായിരുന്നു ഡൽഹിയുടെ ജയം. സ്കോർ: മുംബൈ 109-8 (20), ഡൽഹി 110-1 (9).
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് തുടക്കം മുതൽ വലിയ തിരിച്ചടിയാണ് നേരിട്ടത്. 10 റണ്‍സിനിടെ മൂന്ന് മുൻനിര ബാറ്റർമാരെയാണ് മുംബൈയ്ക്ക് നഷ്ടമായത്. ഹർമൻപ്രീത് കൗർ (23), പൂജ വസ്ത്രക്കർ (26), ഇസ്സി വോംഗ് (23), അമൻജോത് കൗർ (19) എന്നിവർക്ക് മാത്രമാണ് രണ്ടക്കം കാണാൻ സാധിച്ചത്.
ഡൽഹിക്കായി മരിസാനെ കാപ്പ്, ശിഖ പാണ്ഡെ, ജെസ് ജോനാസെൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിനിങ്ങിയ ഡൽഹിക്ക് 15 പന്തിൽ 33 റണ്‍സെടുത്ത ഷഫാലി വർമയുടെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്. ക്യാപ്റ്റൻ മെഗ് ലാനിംഗ് 22 പന്തിൽ 32 റണ്‍സും ആലീസ് കാപ്സി 17 പന്തിൽ 38 റണ്‍സുമെടുത്ത് പുറത്താകാതെ ഡൽഹിയെ വിജയത്തിലെത്തിച്ചു.