ദയനീയം; എത്യോപ്യയിൽ സർവകലാശാല പ്രവേശന യോഗ്യത മൂന്നു ശതമാനം പേർക്ക് മാത്രം
Saturday, January 28, 2023 12:13 PM IST
അഡിസ് അബാബ: ആഭ്യന്തര സംഘർഷവും ക്ഷാമവും രൂക്ഷമായ കിഴക്കൻ ആഫ്രിക്കൻ രാജ്യമായ എത്യേപ്യയിൽ വിദ്യാഭ്യാസ രംഗവും വൻ തകർച്ച നേരിടുന്നു. ഇത്തവണ സ്കൂൾ വിട്ടവരിൽ മൂന്നു ശതമാനം വിദ്യാർഥികൾ മാത്രമേ സർവകലാശാല പ്രവേശനത്തിന് ആവശ്യമായ ഗ്രേഡുകൾ നേടിയിട്ടുള്ളൂ. പരീക്ഷാ ഫലം ഞെട്ടിപ്പിക്കുന്നതാണെന്ന് വിദ്യാഭ്യാസ മന്ത്രി ബെർഹാനു നേഗ പറയുന്നു.
രണ്ട് വർഷമായി ഫെഡറൽ സർക്കാർ വിദ്യാഭ്യാസം നൽകാത്ത യുദ്ധബാധിത പ്രദേശമായ ടിഗ്രേയിൽ പരീക്ഷകളൊന്നും നടന്നിരുന്നില്ല. ഫൈനൽ പരീക്ഷയുടെ സമയത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്നു അംഹാരയിൽ 12,000 വിദ്യാർഥികൾ വാക്കൗട്ട് നടത്തിയിരുന്നു. ആഭ്യന്തരയുദ്ധം സാരമായി ബാധിച്ച വടക്കൻ പ്രദേശങ്ങളിൽ ഉൾപ്പെടെ ഇതുസംബന്ധിച്ച് തർക്കമുണ്ടായിരുന്നു.
മുൻ വർഷങ്ങളിൽ എത്യോപ്യയിൽ സ്കൂൾ പരീക്ഷയ്ക്കിടെ വ്യാപകമായ ക്രമക്കേടുകൾ നടന്നിരുന്നു. അതിനാൽ കഴിഞ്ഞ ഒക്ടോബറിൽ രാജ്യത്തുടനീളമുള്ള സർവകലാശാലകളിൽ കർശനമായ മേൽനോട്ടത്തിലാണ് പരീക്ഷകൾ നടന്നത്. അതിൽ വിദ്യാർഥികളിൽ നിന്ന് വളരെ എതിർപ്പും നേരിട്ടിരുന്നു.
കുറഞ്ഞ ഗ്രേഡുകളുള്ള വിഷയങ്ങളിൽ വീണ്ടും പരീക്ഷ നടത്തി കൂടുതൽ വിദ്യാർഥികളെ സർവകലാശാല പഠനത്തിന് യോഗ്യരാക്കാൻ പുതിയ നടപടിക്രമം ഏർപ്പെടുത്തുമെന്ന് ബെർഹാനു പറഞ്ഞു.