അലർജിക്ക് ചികിത്സ തേടിയ പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു; ചികിത്സാ പിഴവെന്ന് പരാതി
Sunday, May 28, 2023 6:28 PM IST
തിരുവനന്തപുരം: അലർജിക്ക് ചികിത്സ തേടിയ പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചത് ചികിത്സാ പിഴവെന്ന് പരാതി. ആറ്റിങ്ങല്‍ പിരപ്പന്‍കോട്ടുകോണം സ്വദേശി മീനാക്ഷി (18)യുടെ മരണത്തിലാണ് ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു മീനാക്ഷി ചികിത്സ തേടിയത്.
അലര്‍ജിയെ തുടർന്നാണ് മീനാക്ഷിയെ ആശുപത്രിയില്‍ ചികിത്സ തേടിയത്. 11 ദിവസം ചികിത്സയിലായിരുന്നു. ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മീനാക്ഷിയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യമുണ്ടായി. വീണ്ടും മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ശനിയാഴ്ച വൈകുന്നേരം നാലരയോടെ മരിച്ചു.
ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം. കമ്മലില്‍ നിന്നാണ് മീനാക്ഷിക്ക് അലര്‍ജി ബാധിച്ചത്. ഈമാസം രണ്ടാം തീയതി വിദ്യാര്‍ഥിനിയെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് 17ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ശനിയാഴ്ച മീനാക്ഷിയെ ഡിസ്ചാര്‍ജ് ചെയ്തു. വീട്ടിലേക്ക് മടങ്ങുന്നവഴി ഓട്ടോറിക്ഷയില്‍വച്ച് ദേഹാസ്വാസ്ഥ്യമുണ്ടാവുകയും ഛര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ചികിത്സാ പിഴവാണെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ ആറ്റിങ്ങല്‍ പോലീസില്‍ പരാതി നല്കി. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.