അറബിക്കടലിൽ ബിപോർജോയ്; കടലോര ഗതാഗതവും വിനോദസഞ്ചാരവും നിരോധിച്ചു
Wednesday, June 7, 2023 9:30 AM IST
തിരുവനന്തപുരം: അറബിക്കടലിൽ ബിപോർജോയ് ചുഴലിക്കാറ്റ് രൂപപ്പെട്ടു. 24 മണിക്കൂറിനുള്ളിൽ തീവ്ര ചുഴലിക്കാറ്റാകും. തിരുവനന്തപുരത്ത് കടലോര ഗതാഗതവും വിനോദസഞ്ചാരവും നിരോധിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ അടുത്ത അഞ്ചു ദിവസം കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്.
ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ബുധനാഴ്ചയും ആലപ്പുഴ, എറണാകുളം ജില്ലകളിൽ വ്യാഴാഴ്ചയും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ വെള്ളിയാഴ്ചയും പത്തനംതിട്ട, ഇ ടുക്കി ജില്ലകളിൽ ശനിയാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിരോധനവും ഏർപ്പെടുത്തി. ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ കേരളതീരത്ത് നിന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കടലിൽ പോയിട്ടുള്ളവർ എത്രയും പെട്ടന്ന് മടങ്ങിയെത്തണമെന്നും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയും അറിയിച്ചു.