അരിക്കൊന്പൻ കന്യാകുമാരി വന്യജീവിസങ്കേതത്തിൽ
അരിക്കൊന്പൻ കന്യാകുമാരി വന്യജീവിസങ്കേതത്തിൽ
Saturday, June 10, 2023 3:50 PM IST
കോട്ടൂർ സുനിൽ
കാട്ടാക്കട: അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്കു കടന്നതായി സൂചന. റേഡിയോ കോളർ സന്ദേശം ലഭിച്ചതായി തമിഴ്നാട് വനംവകുപ്പ് അറിയിച്ചു.

തമിഴ്നാട്-കേരള അതിർത്തിയോടു ചേർന്നുള്ള കോതയാർ ഡാമിനടുത്താണ് അരിക്കൊമ്പൻ ഉണ്ടായിരുന്നത്. ഈ പ്രദേശത്താണ് അധിക സമയം ചെലവിടുന്നതെന്നും മെല്ലെയാണ് അരിക്കൊമ്പന്‍റെ സഞ്ചാരമെന്നും വനം വകുപ്പ് അറിയിച്ചിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ കന്യാകുമാരി വനമേഖലയിലേക്ക് കടന്നതായാണ് വിവരം.

ആനയുടെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന റേഡിയോ കോളറിൽനിന്നുള്ള സിഗ്നലുകൾ പെരിയാർ കടുവ സങ്കേതത്തിൽ നിന്നു തിരുവനന്തപുരം ജില്ലയിലെ വനംവകുപ്പ് അധികൃതർക്കു യഥാസമയം കൈമാറുന്നുണ്ട്. നെയ്യാർ വനമേഖലയിൽ നിരീക്ഷണം ശക്തമായി തുടരാനാണു വനംവകുപ്പിന്‍റെ തീരുമാനം.

നേരത്തെ മുത്തുക്കുഴിവയൽ പ്രദേശത്താണ് ആന നിന്നിരുന്നത്. നല്ല തണുപ്പുള്ള പ്രദേശമാണിത്. മൂന്നാറിനേക്കാൾ തണുപ്പ് ഇവിടെ അനുഭവപ്പെടും. ഈ ഭാഗത്ത് ഏക്കറുകണക്കിന് പ്രദേശം പുല്ല് വളർന്നു കിടപ്പുണ്ട്. മാത്രമല്ല ചെറിയ തടാകങ്ങളുമുണ്ട്. മനുഷ്യ സാന്നിധ്യമില്ലാത്ത ഇവിടം അരികൊമ്പന് പ്രിയപ്പെട്ടതാകുമെന്നാണ് വനം വകുപ്പ് കരുതുന്നത്.

കന്യാകുമാരി ജില്ലയിലേക്ക് കടന്നാൽ തോട്ടം മേഖലയും ആദിവാസി മേഖലയുമാണ്. ജനസാന്ദ്രത കൂടിയ ഇവിടെ ആന എത്തിയാൽ വൻ പ്രതിഷേധമുണ്ടാകാനും സാധ്യതയുണ്ട്. നെയ്യാറിലേക്ക് കടന്നാൽ ആന കാടുതാണ്ടി ജനവാസ കേന്ദ്രത്തിൽ എത്തുമോ എന്നതും ആശങ്കയിലാക്കുന്നു.


ആനനിരത്തി വഴി ആന എത്തിയാൽ ആറുകാണി, ചെമ്പകപ്പാറ എന്നിവ വഴി ജനവാസകേന്ദ്രങ്ങളിലെത്താം. ഇതിനായി നെയ്യാർ വനപാലകർ വനത്തിൽ തിരച്ചിൽ നടത്തുന്നുണ്ട്. അതിർത്തി പ്രദേശത്ത് ആന എത്തുകയാണെങ്കിൽ ഉൾക്കാട്ടിലേക്ക് കടത്തി വിടാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

തമിഴ്നാട്ടിലെ അംബാസമുദ്രം, കളക്കാട്, കന്യാകുമാരി മേഖലകളിലെ 60 വനംവകുപ്പ് ഉദ്യോഗസ്ഥരെ അരികൊമ്പനെ നിരീക്ഷിക്കാൻ ഏർപ്പാടാക്കിയതായി ഡിഎഫ്ഒ അറിയിച്ചു.

നെയ്യാർ വനമേഖലയിലേക്ക് അരിക്കൊമ്പൻ എത്തുകയാണെങ്കിൽ ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡനു നിർദേശം ലഭിച്ചു. 20 കിലോമീറ്റർ പരിധിയിൽ ആന എത്തിയാൽ ഇക്കാര്യം വനംവകുപ്പിന് അറിയാനാകുമെന്നും അധികൃതർ പറഞ്ഞു. അരിക്കൊമ്പൻ വിഷയത്തിൽ ലഭ്യമായ വിവരങ്ങൾ തമിഴ്നാട് കേരളത്തിനു കൈമാറുന്നുണ്ട്.

അതിനിടെ അരിക്കൊമ്പനെ മുത്തുക്കുഴി വനത്തില്‍ തുറന്നുവിട്ടതില്‍ പ്രതിഷേധവുമായി പേച്ചിപ്പാറയിലെ ആദിവാസികൾ രംഗത്തെത്തി. ആനയെ കേരളത്തിലേക്കുതന്നെ കൊണ്ടുപോകണമെന്നാണ് ഇവരുടെ ആവശ്യം.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<