ഗുജറാത്തിൽ തീവ്രവാദ സംഘടനയുമായി ബന്ധമുള്ളവർ പിടിയിൽ
Sunday, June 11, 2023 3:56 AM IST
അഹമ്മദാബാദ്: ഗുജറാത്തിൽ തീവ്രവാദ സംഘടനയുമായി ബന്ധമുള്ള ഒരു സ്ത്രീ ഉൾപ്പടെ നാല് പേർ പിടിയിൽ. ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസാൻ പ്രവിശ്യയുമായി (ഐഎസ്കെപി) ബന്ധമുള്ളവരെയാണ് ഗുജറാത്ത് എടിഎസ് പിടികൂടിയത്.
അറസ്റ്റിലായ പുരുഷന്മാർ ശ്രീനഗർ സ്വദേശികളാണ്. ഉബേദ് നസീർ മിർ, ഹനാൻ ഹയാത്ത് ഷോൾ, മുഹമ്മദ് ഹാജിം ഷാ എന്നാണ് അവരുടെ പേരുകൾ.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) പോർബന്തറിൽ നിന്ന് മൂന്ന് പുരുഷന്മാരെയും സൂറത്ത് നഗരത്തിൽ നിന്ന് ഒരു സ്ത്രീയെയും അറസ്റ്റ് ചെയ്യുകയും നിരവധി രേഖകൾ ഇവരിൽ നിന്നും പിടിച്ചെടുക്കുകയും ചെയ്തുവെന്ന് ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) വികാസ് സഹായ് അറിയിച്ചു.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ) പ്രകാരം നാല് പേർക്കെതിരെയും പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇവരുമായി ബന്ധമുള്ള മറ്റൊരാളെ ഉടൻ പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി.
പിടിയിലായവരിൽ മൂന്ന് പേർ പോർബന്തറിൽ നിന്ന് മത്സ്യബന്ധന ബോട്ട് മാർഗം അന്താരാഷ്ട്ര സമുദ്രാതിർത്തി കടന്ന് ഇറാൻ വഴി അഫ്ഗാനിസ്ഥാനിലെത്തി തീവ്രവാദ സംഘടനയിൽ ചേരാനായിരുന്നു പദ്ധതിയിട്ടിരുന്നത്.
ഇവരുമായി ബന്ധമുള്ള മറ്റ് ചിലരുടെയും വിവരങ്ങൾ എടിഎസ് സംഘത്തിന് ലഭിച്ചിട്ടുണ്ട്. അവരുടെ വീടുകളിൽ പരിശോധന നടത്തി.