കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; സുരേഷ് ഗോപി നയിക്കുന്ന സഹകാരി സംരക്ഷണ പദയാത്ര ഇന്ന്
Monday, October 2, 2023 8:54 AM IST
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് വിഷയത്തില്‍ സുരേഷ് ഗോപി നയിക്കുന്ന സഹകാരി സംരക്ഷണ പദയാത്ര തിങ്കളാഴ്ച നടക്കും. യാത്ര ഉച്ചയ്ക്ക് ഒന്നരയ്ക്ക് കരുവന്നൂര്‍ ബാങ്കിന് മുന്നില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും.
17കിലോമീറ്റര്‍ ദൂരമാണ് പദയാത്ര. തൃശൂര്‍ സഹകരണ ബാങ്കിലേക്ക് ബഹുജനമാര്‍ച്ച് നീളും. കരുവന്നൂര്‍ സഹകരണ ബാങ്കിലെ പണം നഷ്ടമായ ഇരകള്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടാണ് പദയാത്ര.
തട്ടിപ്പില്‍ മനംനൊന്ത് ജീവനൊടുക്കിയവരുടേയും പണം കിട്ടാതെ മരിച്ചവരുടേയും ചിത്രങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാകും യാത്ര തുടങ്ങുക. ബാങ്ക് തട്ടിപ്പിന് ഇരകളായവരുടെ കുടുംബാംഗങ്ങളും പദയാത്രയ്ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിക്കും.
നേരത്തെ, കോണ്‍ഗ്രസും കരുവന്നൂരില്‍ നിന്നും പദയാത്ര സംഘടിപ്പിച്ചിരുന്നു. അതേസമയം, കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് രംഗത്ത് വന്നിരുന്നു.
സുരേഷ് ഗോപിക്ക് തൃശൂരില്‍ മത്സരിക്കാനുള്ള കളമൊരുക്കുകയാണ് ഇഡി എന്ന് ഗോവിന്ദന് ആരോപിച്ചു. സഹകരണ മേഖലയെ തകര്‍ക്കുന്നതിനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്നും പാര്‍ട്ടി നേതാക്കളെ കള്ളക്കേസില്‍ കുടുക്കി തുറുങ്കിലടയ്ക്കാനാണ് നീക്കമെന്നും അദ്ദേഹം വിമര്‍ശിച്ചു.