ശ്രീലങ്കയിലെ അടിയന്തരാവസ്ഥ മൗലികാവകാശ ലംഘനമെന്ന് സുപ്രീംകോടതി
Thursday, July 24, 2025 4:26 AM IST
കൊളംബോ: ശ്രീലങ്കയിൽ 2022ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച നടപടി മൗലികാവകാശങ്ങളുടെ ലംഘനമാണെന്നു ശ്രീലങ്കൻ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് വിധിച്ചു.
ജനകീയപ്രക്ഷോഭം നേരിടാനായി 2022 ജൂലൈ 18ന് അന്നത്തെ ആക്ടിംഗ് പ്രസിഡന്റ് ആയിരുന്ന റെനിൽ വിക്രമസിംഗെ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ ചോദ്യം ചെയ്ത് വിവിധ സംഘടനകൾ നൽകിയ ഹർജികളിലാണു സുപ്രീംകോടതി ഉത്തരവ്.
2022ൽ സാന്പത്തിക പ്രതിസന്ധിയെത്തുടർന്ന് ശ്രീലങ്കയിൽ നടന്ന പ്രതിഷേധങ്ങൾ അക്രമാസക്തമാകുകയും പ്രസിഡന്റ് ഗോട്ടാബയ രജപക്സ രാജ്യം വിടുകയും പിന്നീട് രാജിവയ്ക്കുകയുമായിരുന്നു. അനുകൂലമായ വിധിക്ക് പുറമേ, ഹർജിക്കാരുടെ കോടതി ചെലവുകൾ രാജ്യം വഹിക്കണമെന്നും ബെഞ്ച് ഉത്തരവിട്ടു.