ഇന്ത്യാ മുന്നണി യോഗം ഇന്ന്; ഉപരാഷ്ട്രപതി സ്ഥാനാർഥിയെ ഇന്നറിയാം
Tuesday, August 19, 2025 9:21 AM IST
ന്യൂഡൽഹി: ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാൻ ഇന്ന് ഇന്ത്യാ മുന്നണി യോഗം ചേരും. എൻഡിഎയുടെ തമിഴ് വികാരമെന്ന ആയുധപ്രയോഗത്തിൽനിന്ന് മുന്നണി ഡിഎംകെക്ക് കവചം തീർക്കുമോയെന്നതാണ് ചോദ്യം.
വിജയിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പാണെങ്കിലും എൻഡിഎയുടെ കരുനീക്കങ്ങളെ തമിഴ്വികാരം ഉപയോഗിച്ചുതന്നെ നേരിടാനാണ് ഡിഎംകെ ശ്രമിക്കുന്നത്. തമിഴ്നാട്ടിൽനിന്നുതന്നെ സ്ഥാനാർഥിയെ തെരഞ്ഞെടുക്കാൻ ഡിഎംകെ ഇന്ത്യാ മുന്നണിയിൽ സമ്മർദം ചെലുത്തുന്നതായാണ് സൂചന.
മുൻ ഐഎസ്ആർഒ ഡയറക്ടർ മയിൽസ്വാമി അണ്ണാദുരൈ, രാജ്യസഭ എംപി തിരുച്ചി ശിവ എന്നീ പേരുകളാണ് ഡിഎംകെ മുന്നോട്ടുവയ്ക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ആർഎസ്എസ് പ്രത്യയശാസ്ത്രമുള്ള മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണനെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി എൻഡിഎ പ്രഖ്യാപിച്ചതുമൂലം തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയാണ് യഥാർഥത്തിൽ ആശയക്കുഴപ്പത്തിലായത്.
തമിഴ്നാട്ടിൽനിന്നുള്ള പ്രബല ബിജെപി നേതാവായ രാധാകൃഷ്ണനെ രാഷ്ട്രീയമായി പിന്തുണയ്ക്കേണ്ട യാതൊരു ആവശ്യവും ഡിഎംകെക്ക് ഇല്ലെങ്കിലും ഡോ. എസ്. രാധാകൃഷ്ണനും ആർ. വെങ്കട്ടരാമനും ശേഷം തമിഴ്നാട്ടിൽനിന്നൊരു ഉപരാഷ്ട്രപതി എന്ന തമിഴ് വികാരമാണവരെ കുഴയ്ക്കുന്നത്.
തമിഴ്നാട്ടിൽനിന്നുള്ള എംപിമാരെല്ലാം രാഷ്ട്രീയ വ്യത്യാസം നോക്കാതെ രാധാകൃഷ്ണനെ പിന്തുണയ്ക്കണമെന്ന് തമിഴ്നാട്ടിലെ മുഖ്യ പ്രതിപക്ഷ പാർട്ടിയായ അണ്ണാ ഡിഎംകെയുടെ (എഡിഎംകെ) ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിയും ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരു തമിഴ്നാട്ടുകാരനു ലഭിക്കാൻ പോകുന്ന ഉന്നത പദവിക്ക് തമിഴ്നാട്ടിൽനിന്നുള്ള എല്ലാ എംപിമാരും പിന്തുണ നൽകണമെന്നുള്ള ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രന്റെ പ്രസ്താവനയും ഡിഎംകെക്കുള്ള കൊളുത്താണ്.
ഇന്ത്യ മുന്നണി സ്ഥാനാർഥിയെ പ്രഖ്യാപിക്കാതിരിക്കുകയോ സ്ഥാനാർഥി തമിഴ്നാടിനു പുറത്തുള്ള ഒരാളായിരിക്കുകയോ ചെയ്താൽ ഡിഎംകെ അതിനോട് എങ്ങനെ പ്രതികരിക്കുമെന്നത് അടുത്തവർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നിർണായകമാകും.
മാസങ്ങൾക്കപ്പുറം മാത്രം നിയമസഭ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ബിഹാറിൽനിന്നും ഇന്ത്യാ മുന്നണി സ്ഥാനാർഥിയെ പരിഗണിക്കുന്നുണ്ട്.