പാലക്കാട് എംഡിഎംഎയുമായി യുവാവ് പിടിയിൽ
Friday, September 19, 2025 5:40 PM IST
പാലക്കാട്: കരിന്പയിൽ ബൈക്കിൽ കടത്താൻ ശ്രമിച്ച എംഡിഎംഎയുമായി യുവാവ് പിടിയിൽ. കോട്ടയം സ്വദേശി മനു എസ്. നായർ ആണ് പിടിയിലായത്. കോയന്പത്തൂരിൽ നിന്ന് ബൈക്കിൽ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് മനു പിടിയിലായത്.
ഇയാളിൽ നിന്ന് 150 ഗ്രാം എംഡിഎംഎ ആണ് പോലീസ് കണ്ടെത്തിയത്. ഇയാൾ ലഹരി വസ്തു കടത്തുന്നതായി ഡാൻസാഫ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് വാളയാർ മുതൽ ഡാൻസാഫ് സംഘം യുവാവിനെ പിന്തുടർന്നിരുന്നു.
പോലീസ് പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ പ്രതി അമിത വേഗതയിൽ കടന്നുകളയാൻ ശ്രമിച്ചു. എന്നാൽ കരിന്പയിൽ വച്ച് പ്രതിയുടെ വാഹനത്തിന്റെ പെട്രോൾ തീർന്നു. തുടർന്ന് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
മലപ്പുറം എടപ്പാളിലേക്കാണ് പ്രതി എംഡിഎംഎ കൊണ്ടുപോയിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.