വി.ഡി.സതീശന്റെ അറിവില്ലാതെ ഷൈനിനെതിരെ കോൺഗ്രസ് സൈബർ ആക്രമണം നടക്കുമോ: എം.വി.ഗോവിന്ദൻ
Friday, September 19, 2025 6:12 PM IST
തിരുവനന്തപുരം: കെ.ജെ. ഷൈനിനെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ സിപിഎമ്മിലെ ആഭ്യന്തര പ്രശ്നങ്ങളാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവനയിൽ പ്രതികരിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
സിപിഎമ്മിന്റെ ഒരു ആഭ്യന്തര പ്രശ്നവും ഇതിലില്ലെന്ന് എം.വി.ഗോവിന്ദൻ വ്യക്തമാക്കി. പ്രതിപക്ഷ നേതാവിന്റെ അറിവില്ലാതെ കോൺഗ്രസ് സൈബർ വിഭാഗം ഇത്തരം ഒരു നിലപാട് സ്വീകരിക്കുമോ എന്നും അദേഹം ആരാഞ്ഞു.
കേരളത്തിലെ വലതുപക്ഷ ശക്തികൾ സ്ത്രീകൾക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണങ്ങൾ ആധുനിക സമൂഹത്തിന് ഒട്ടും യോജിക്കുന്ന ഒന്നല്ലെന്നും സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദേഹം.
വി.ഡി. സതീശൻ ഉൾപ്പെടെ പ്രതിപക്ഷ നേതൃനിരയിലുള്ളവർ ആസൂത്രിതമായി ചെയ്തുകൊണ്ടിരിക്കുന്ന ഇത്തരം ചെയ്തികളെ എതിർക്കുന്പോഴാണ് തടിതപ്പുന്നതിന് വേണ്ടി ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്.
നേരത്തെ കെ.കെ. ശൈലജയ്ക്കെതിരെയും വീണ ജോർജിനെതിരെയും മേയർ ആര്യ രാജേന്ദ്രനെതിരെയും ഇത്തരം സൈബർ ആക്രമണങ്ങൾ നടന്നിട്ടുണ്ടെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.
സൈബർ ഇടങ്ങളെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ, സ്ത്രീകളെ തേജോവധം ചെയ്യാൻ നടത്തുന്ന ഇത്തരം പരിശ്രമങ്ങൾക്കെതിരെ നിലപാട് സ്വീകരിച്ച് നിയമപോരാട്ടം നടത്തേണ്ടതുണ്ടെന്നും സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടു.