മരുന്ന് മാറി നൽകിയെന്ന് പരാതി; മെഡിക്കൽ ഷോപ്പ് ജീവനക്കാരനെതിരെ കേസ്
Saturday, September 20, 2025 3:05 PM IST
കണ്ണൂർ: മരുന്ന് മാറി നൽകിയെന്ന യുവതിയുടെ പരാതിയിൽ കണ്ണൂരിൽ മെഡിക്കൽ ഷോപ്പ് ജീവനക്കാരനെതിരെ കേസ്. തളിപ്പറമ്പ് സ്വദേശിനിയായ യുവതിയുടെ പരാതിയിൽ കണ്ണൂർ ആശ്രയ മെഡിക്കൽസ് ജീവനക്കാരൻ പ്രസൂണിനെതിരെയാണ് ടൗൺ പോലീസ് കേസെടുത്തത്.
യുവതിയുടെ പരാതിയിൽ ആദ്യം കേസെടുക്കാൻ ടൗൺ പോലീസ് മടിച്ചിരുന്നു. പിന്നീട് കണ്ണൂർ റൂറൽ എസ്പിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി അയച്ചതോടെയാണ് ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
സെപ്റ്റംബർ ആറിനാണ് പനിയും കഫക്കെട്ടിനും യുവതി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയത്. മരുന്ന് വാങ്ങാനായി യുവതിയുടെ സുഹൃത്ത് മെഡിക്കൽ ഷോപ്പിലെത്തി. പനിക്ക് നൽകേണ്ട മരുന്നിന് പകരം പകരം മസിൽ വീക്കം സംബന്ധമായ അസുഖത്തിനുള്ള മരുന്നാണ് യുവതിക്ക് ലഭിച്ചത്.
മൂന്ന് നേരം ഈ മരുന്ന് കഴിച്ചതോടെ യുവതിക്ക് അസുഖം മൂർഛിച്ചു. രണ്ടാം ദിവസവും മരുന്ന് കഴിക്കുന്നതിനിട ഉച്ചയോടെ മരുന്ന് മാറി നൽകിയെന്നും കഴിക്കരുതെന്നും ആവശ്യപ്പെട്ട് മെഡിക്കൽ ഷോപ്പിൽനിന്ന് യുവതിയെ ഫോണിൽ വിളിച്ച് അറിയിച്ചു.
പനി മൂർച്ഛിക്കുകയും ഒപ്പം ശ്വാസംമുട്ടലും കൂടി വന്നതോടെ യുവതിയെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴിന് വൈകീട്ട് അഡ്മിറ്റ് ചെയ്ത ഇവരെ ഒമ്പതിനാണ് ഡിസ്ചാർജ് ചെയ്തത്.
തനിക്ക് ലഭിക്കേണ്ട മരുന്ന് കിട്ടിയവർ മെഡിക്കൽ ഷോപ്പിലെത്തി പരാതി പറഞ്ഞപ്പോഴാണ് മരുന്ന് മാറിയ വിവരം അവർ അറിഞ്ഞ് വിളിച്ചതെന്നും യുവതി പറഞ്ഞു.