ബി. അശോക് ഐഎഎസിന്റെ നിയമനം; സർക്കാർ ഹൈക്കോടതിയിൽ
Saturday, September 20, 2025 3:25 PM IST
കൊച്ചി: കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. അശോകിന്റെ നിയമനത്തിൽ ഹൈക്കോടതി കയറി സര്‍ക്കാര്‍. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിനെതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
പഴ്സനല്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി അശോകിനെ സ്ഥലംമാറ്റിയ ഉത്തരവ് സ്റ്റേ ചെയ്ത കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവിനെതിരെയാണ് സർക്കാർ നീക്കം.
ട്രൈബ്യൂണല്‍ ഇടപെട്ടത് അധികാരപരിധി മറികടന്ന് എന്നാണ് സര്‍ക്കാര്‍ വാദം. സര്‍ക്കാര്‍ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചു അശോക് നല്കിയ ഹര്‍ജിയിലായിരുന്നു ട്രൈബ്യൂണലിന്റെ നടപടി. ഇതിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും നിയമനവും സര്‍വീസ് കാര്യമാണ്. ഒരു പ്രത്യേക തസ്തികയില്‍ തുടരാന്‍ ഉദ്യോഗസ്ഥന് യാതൊരു അവകാശവുമില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ പറയുന്നു. ഹർജി തിങ്കളാഴ്ച പരിഗണിക്കും.