ഇന്ത്യ യുദ്ധം പ്രഖ്യാപിച്ചാൽ പാക്കിസ്ഥാന് സൗദി പ്രതിരോധം തീർക്കുമെന്ന് പാക് മന്ത്രി
Saturday, September 20, 2025 4:11 PM IST
ഇസ്ലാമാബാദ്: ഇന്ത്യ പാക്കിസ്ഥാനെതിരെ യുദ്ധം പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ടായാൽ സൗദി അറേബ്യ സഹായത്തിനെത്തുമെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്.
യുദ്ധമുണ്ടായാൽ പരസ്പരം സൈനികസഹായം ഉറപ്പുവരുത്തുന്ന കരാറിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫും സൗദി ഭരണനിയന്താവ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഒപ്പുവച്ച കരാറിനെ പരാമർശിച്ചായിരുന്നു മന്ത്രിയുടെ പ്രസ്താവന.
കരാർ പ്രകാരം സൗദിക്കോ പാക്കിസ്ഥാനോ നേർക്കുണ്ടാകുന്ന ആക്രമണം ഇരു രാജ്യങ്ങൾക്കും നേർക്കുള്ള ആക്രമണമായി പരിഗണിക്കും. ഈ കരാർ പ്രതിരോധമാണ് ലക്ഷ്യംവയ്ക്കുന്നതെന്നും അല്ലാതെ ആക്രമണമല്ലെന്നും ഖ്വാജ പറഞ്ഞു.
ഈ ഉടമ്പടി ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിനായി ഉപയോഗിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. എന്നാൽ കക്ഷികൾ ഭീഷണി നേരിട്ടാൽ, ഈ കരാർ തീർച്ചയായും പ്രവർത്തനക്ഷമമാകുമെന്നും ഖ്വാജ കൂട്ടിച്ചേർത്തു.