എല്ലാ സ്കൂളുകളും ഓണാവധിക്കുശേഷം സെപ്റ്റംബർ 29നു തുറന്നെങ്കിലും കരീമഠം യുപി സ്കൂൾ മാത്രം തുറന്നില്ല. കാരണം സ്കൂൾ വെള്ളത്തിൽ മുങ്ങിക്കിടക്കുകയായിരുന്നു. സ്കൂൾ മാത്രമല്ല അവിടെ പഠിക്കുന്ന കുട്ടികളുടെ വീടുകളും നാട്ടിലെ റോഡുകളുമെല്ലാം വെള്ളത്തിലായിരുന്നു.
കോട്ടയം ജില്ലയിലെ അയ്മനത്തിനടുത്താണ് എന്റെ വീടും സ്കൂളും. ഇത്തവണത്തെ സ്വാതന്ത്ര്യദിനം എനിക്കു മറക്കാൻ സാധിക്കില്ല. അന്നു രാത്രിയാണ് വീട്ടിലേക്കു മലവെള്ളം ഇരച്ചുകയറിയത്. രാത്രി ഒന്നരയായിട്ടുണ്ടാകും. ഞാൻ നല്ല ഉറക്കത്തിലായിരുന്നു. അച്ഛനും അമ്മയും എന്തൊക്കെയോ പരിഭ്രമിച്ചു പറയുന്നതു കേട്ടാണു ഞാൻ ഉണർന്നത്. അവർ വേഗത്തിൽ അലമാരയും മറ്റു സാധനങ്ങളും ഉയർത്തിവയ്ക്കുന്നതു കണ്ടു. കുറെ വീട്ടു സാധനങ്ങൾ കണ്മുന്പിൽ ഒഴുകി പോകുന്നതു നോക്കി കരയാനേ എനിക്കു കഴിഞ്ഞുള്ളു. നേരം പുലരും വരെ വെള്ളത്തിൽനിന്നു പ്രാർഥിച്ചു.
പുലർന്നപ്പോൾ കൈയിൽ കിട്ടിയ കുറച്ചു സാധനങ്ങളുമായി വള്ളത്തിൽ കയറി അമ്മയുടെ വീട്ടിൽ പോയി. അവിടെ രണ്ടു ദിവസം മാത്രമേ നിൽക്കാൻ സാധിച്ചുള്ളൂ. അവിടെയും വെള്ളം കയറി. അവിടെനിന്ന് ഒരു കൊതുന്പുവള്ളത്തിൽ തുഴഞ്ഞ് ദുരിതാശ്വാസ ക്യാന്പുകളിലേക്കു പോകുന്ന വണ്ടിയിൽ കയറിപ്പറ്റി. ഒരു വിധം മാരാരിക്കുളത്തുള്ള മാമിയുടെ വീട്ടിൽപോയി താമസിച്ചു. നീണ്ട 21 ദിവസങ്ങൾക്കുശേഷമാണ് ഞാൻ എന്റെ വീട്ടിൽ തിരിച്ചെത്തിയത്. വെള്ളത്തിൽ ഒഴുകി വന്ന മാലിന്യങ്ങളുടെ ദുർഗന്ധം മൂലം വീടിനകത്തേക്കു കയറാൻ വയ്യാത്ത സ്ഥിതിയായിരുന്നു. വീട് ഒരു വശത്തേക്ക് ഇരുന്നു പോയിരുന്നു. ഓടുകളൊക്കെ പൊട്ടിപ്പോയി. മരത്തിന്റെ ശിഖരങ്ങൾ വീടിന്റെ മേൽക്കൂരയിൽ വീണു കിടന്നു. വീട്ടുസാധനങ്ങൾ മുഴുവൻ നശിച്ചു.
ഇതേ അവസ്ഥ തന്നെയായിരുന്നു എന്റെ സ്കൂളിലും. ഞങ്ങളുടെ ബുക്കുകളും പഠനോപകരണങ്ങളും ഓഫീസ് രേഖകളും ഉച്ചഭക്ഷണത്തിനുള്ള അരിയും നഷ്ടമായി. ഒരു മാസത്തോളം സ്കൂളിൽ വെള്ളം കെട്ടിനിന്നു. വള്ളം തുഴഞ്ഞ് ഞങ്ങൾ സ്കൂളിനു സമീപത്തെത്തിയപ്പോൾ സ്കൂളിന്റെ മച്ച് വരെ മുങ്ങി മൂടിക്കിടക്കുന്നതാണു കണ്ടത്. വെള്ളം താഴാതെ വന്നപ്പോൾ നാട്ടുകാരും അധ്യാപകരും മോട്ടോർ ഉപയോഗിച്ചു വെള്ളം വറ്റിക്കുകയായിരുന്നു. ബാഗും പുസ്തകവും നഷ്ടമായ ഞങ്ങൾക്ക് ഞങ്ങളുടെ ഹെഡ്മിസ്ട്രസ് സിന്ധു ടീച്ചർ അവയൊക്കെ വാങ്ങിത്തന്നു. പ്രളയം ഞങ്ങൾ കരീമഠം സ്കൂളിലെ കുട്ടികളെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. പ്രകൃതിയോട് അറിഞ്ഞോ അറിയാതയോ നാം ചെയ്ത തെറ്റുകളുടെ ഫലമാണ് നാം അനുഭവിച്ചത്. അതുകൊണ്ട് പരസ്പരം സ്നേഹിച്ചും പ്രകൃതിയെ നോവിക്കാതെയും ജീവിക്കണമെന്നാണ് പ്രളയത്തിലൂടെ ഞങ്ങൾ പഠിച്ചത്.