നിത്യഹരിതം ഈ ഗാനലോകം
Sunday, March 15, 2020 2:29 AM IST
മലയാള സിനിമയുടെ ചരിത്രം, സിനിമാ സംഗീതം, പിന്നിട്ട വഴികൾ, കഥകൾ, എക്കാലത്തെയും സൂപ്പർ നായകന്മാർ, നായികമാർ... അങ്ങനെ സിനിമയുടെ സമസ്തതയും അറിയുന്നതായി ഇന്നു ജീവിച്ചിരിക്കുന്ന ഒരേയൊരാളെയുള്ളൂ. കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തും നിർമാതാവുമായ ശ്രീകുമാരൻ തന്പിയാണത്.
സിനിമയുടെ ഒരു സർവവിജ്ഞാനകോശം എന്നു വേണമെങ്കിലും മലയാളിയുടെ സ്വന്തം ശ്രീകുമാരൻ തന്പിയെ വിശേഷിപ്പിക്കാം. സിനിമാ പരിവേഷങ്ങളില്ലാതെ പച്ചമണ്ണിൽ കാലൂന്നി നിന്ന് ഉള്ളിൽ വരുന്നത് ഒരു എഡിറ്റിംഗും കൂടാതെ അങ്ങനെ തന്നെ പറയും ശ്രീകുമാരൻ തന്പി. കാട്ടുമല്ലികയിലൂടെ ഇരുപത്തിയാറാം വയസിൽ മലയാള സിനിമാ ഗാനരംഗത്ത് കടന്നുവന്ന ഹരിപ്പാട്ട്കാരനു നാളെ എണ്പതിന്റെ യൗവനം. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ട് 1940 മാർച്ച് 16നു കളരീക്കൽ കൃഷ്ണപിള്ളയുടെയും ഭവാനിക്കുട്ടി തങ്കച്ചിയുടെയും മകനായി ജനനം. (മീനമാസത്തിലെ രോഹിണി നക്ഷത്രം). സിവിൽ എൻജിനിയറിംഗ് ബിരുദവും ടൗണ് പ്ലാനർ ഉദ്യോഗവും വിട്ടെറിഞ്ഞാണ് തന്റെ സ്വപ്ന സിനിമാ സംഗീത ലോകത്ത് ശ്രീകുമാരൻ തന്പി എത്തുന്നത്. പി. ഭാസ്കരനും വയലാറും ഒഎൻവിയും ജ്വലിച്ചു നിന്ന അതേ ആകാശപ്പൂമുഖത്ത് സ്വന്തം നക്ഷത്ര സിംഹാസനം ഉറപ്പിച്ചു നിർത്തി എന്നതും ശ്രീകുമാരൻതന്പി എന്ന ഗാനരചയിതാവിന്റെ വലിയ നേട്ടം. അകലെയകലെ നീലാകാശം...., മദം പൊട്ടിച്ചിരിക്കുന്ന മാനം..., ഹൃദയ സരസിലെ പ്രണയ പുഷ്പമേ...., കസ്തൂരി മണക്കുന്നല്ലോ കാറ്റേ...., കാലമൊരജ്ഞാത കാമുകൻ....., അങ്ങനെയങ്ങനെ നൂറുകണക്കിനു അനശ്വര ഗാനങ്ങൾ.
മല്ലികപ്പൂവിന്റെ മധുരഗന്ധവും ജാതി മല്ലി പ്പൂക്കളുടെ ചന്ദന മഴയും ഇലഞ്ഞിപ്പൂവിന്റെ മദഗന്ധവും കൊണ്ട് മലയാളി സിരകളെ ത്രസിപ്പിച്ച ഗാനരചയിതാവ്. ജീവിത സമസ്യകളും തത്വജ്ഞാനവും കൊണ്ട് ഹൃദയങ്ങളെ ഒരഭൗമ പ്രപഞ്ചത്തിലേക്കു ഉണർത്തിയ കവി. ലാഭനഷ്ടങ്ങളുടെ കണക്കെടുക്കാത്ത, സിനിമാ കച്ചവടത്തിന്റെ രസതന്ത്രങ്ങൾ പയറ്റാത്ത സംവിധായകൻ, നിർമാതാവ്. അങ്ങനെ വിശേഷണങ്ങൾ ഏറെ ഏറെയാണ്.
സിനിമയുടെ ആഴങ്ങളിൽ നീണ്ട പതിറ്റാണ്ടുകൾ ജീവിക്കുന്പോഴും സിനിമാക്കാരനായി മാറാതെ, പഴയ മൂല്യങ്ങളുടെ വെണ്കൊറ്റക്കുട എന്നും ഉയർത്തി പാറിപ്പിക്കുന്ന ശ്രീകുമാരൻ തന്പി.
ശ്രീകുമാരൻ തന്പിയുടെ ജീവിതത്തിൽ നിന്നു കുറച്ചു നിമിഷങ്ങൾ....
എണ്പതാം പിറന്നാൾ ആഘോഷം...?
എന്റെ മകനായിരുന്നു എന്റെ ഏറ്റവും വലിയ സന്തോഷം. മകൻ ഇല്ലാത്തതിനാൽ പിറന്നാൾ ആഘോഷമൊന്നുമില്ല. ഏതെങ്കിലും വിജനമായ ക്ഷേത്രത്തിൽ ഒറ്റയ്ക്കു പ്രാർഥനയോടെ ഇരിക്കുവാനാണ് തീരുമാനം.
കേരളത്തിലെ പല ജില്ലകളിലും എണ്പതാം പിറന്നാളുമായി ബന്ധപ്പെട്ട് ഉദയാസ്തമന ഗാനമേളയും ശ്രീകുമാരോത്സവവും തുടങ്ങി ഒട്ടേറെ ആഘോഷ പരിപാടികൾ നടത്തുവാൻ ഇരിക്കുകയാണല്ലോ?
ഗാനരചയിതാവെന്ന നിലയിൽ ഞാൻ ജനങ്ങളുടെ സ്വന്തമാണല്ലോ. പൊതുസ്വത്ത് എന്നു പറയാം. അതുകൊണ്ട് തന്നെ എന്റെ പിറന്നാൾ ആഘോഷം അവർക്കു നടത്താം. ഞാൻ ഒരു പരിപാടിയിലും പങ്കെടുക്കുന്നില്ല. തിരുവനന്തപുരത്ത് തന്നെ കാണില്ല.
ഇത് രണ്ടാം ജന്മമാണെന്നും ലൗകിക ജീവിതത്തിനും സന്യാസത്തിനുമിടയ്ക്കുള്ള വാനപ്രസ്ഥത്തിലാണ് ഇപ്പോൾ താങ്കൾ എന്നും അഭിമുഖങ്ങളിൽ പറഞ്ഞു കേൾക്കാറുണ്ട്?
അതേ. പഴയ ശ്രീകുമാരൻ തന്പി ഇപ്പോഴില്ല. ഇതെന്റെ പുതിയ ജന്മമാണ്. എന്റെ ബാല്യത്തിലും ശൈശവത്തിലും കൗമാരത്തിലുമൊക്കെ അനുഭവിച്ച കയ്പേറിയ അനുഭവങ്ങൾ എന്നിൽ സന്യാസത്തിന്റെയും ദാർശനികതയുടെയും ഒരു തലം ഉണ്ടാക്കിയിരുന്നു. അതേ സമയം തന്നെ ജീവിതത്തിൽ പലപ്പോഴായി ഏറ്റ മുറിവുകൾ വികാരങ്ങളുടെ അടിയൊഴുക്കുകളായും ഹൃദയത്തിനുള്ളിൽ തുടിക്കുന്നുണ്ട്.
അതിവൈകാരികമായി ജീവിതത്തിൽ പ്രതികരിക്കുന്പോഴും ഉള്ളാഴങ്ങളിൽ സ്ഥിരപ്രജ്ഞനായ ഒരു സന്യാസിയും നിലനിന്നു വന്നു.
ഇന്നിപ്പോൾ ജീവിതത്തെ സമചിത്തതയോടെ കാണുന്ന ഒരു മനസാണ് എന്റേത്. വളരെ ശാന്തനായി ഞാൻ മാറിയിട്ടുണ്ട്. പഴയ എടുത്തുചാട്ടങ്ങൾ ഇല്ല.
താങ്കൾ യോഗിവര്യമായ അവസ്ഥയിലായ ഈ രണ്ടാം ജന്മത്തിലാണല്ലോ ശ്രീകുമാരൻ തന്പിയുടെ പ്രണയാർദ്രഗാനങ്ങളും പ്രണയ മനസും സമൂഹമാധ്യമം വഴി പുതിയ യുവത്വം ഏറ്റെടുക്കുന്നത്?
അതേ. സമൂഹമാധ്യമങ്ങളിലൂടെ യുവതലമുറ എന്റെ പാട്ടുകളെ വളരെയേറെ സ്നേഹിച്ചു കാണുന്നുണ്ട്. ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ നവമാധ്യമങ്ങൾ എന്റെ ഗാനങ്ങൾക്കും ഒരു പുനർജനി നല്കുന്നത് കാണുന്പോൾ സന്തോഷമുണ്ട്. ഞാൻ പ്രതീക്ഷിക്കാത്ത തരത്തിലെ ഉയർന്ന പ്രതികരണങ്ങളും വിലയിരുത്തലുകളുമാണ് കാണുന്നത്. യൂടൂബിലെ അഭിമുഖങ്ങൾ കണ്ട് ചെറുപ്പക്കാർ എഴുതുന്ന കമന്റുകൾ വായിക്കുന്പോൾ അദ്ഭുതവും തോന്നാറുണ്ട്.
ഇടക്കാലത്ത് താങ്കൾ വാട്സ്ആപ്പ് സജീവമായിരുന്നു. ഇതിലൂടെ ആരാധികമാരുടെ പ്രണയം ഒഴുകിത്തുടങ്ങിയപ്പോഴാണ് വാട്സ് ആപ്പിൽ നിന്നും ഓടിയകന്നത് എന്ന ഒരു ശ്രുതിയും കേൾക്കുന്നു. ശ്രീകുമാരൻ തന്പിയുടെ പ്രണയ ഗാനങ്ങളുടെ ഒരു യുവത്വം കൊണ്ടല്ലേ ഇപ്പോഴും ആരാധികമാർ ഇങ്ങനെ എത്തുന്നത് ?
ആയിരിക്കാം. ആ പ്രണയം മടക്കി നല്കാൻ എനിക്കാവില്ലല്ലോ. ഫേസ് ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ മാധ്യമങ്ങൾ വലിയ ലോകമാണ് ഇന്നു തുറന്നു വയ്ക്കുന്നത്. എങ്കിലും ഇതിൽ ഒരു അഡിക്ഷൻ വന്നുപോയാൽ വായനയും എഴുത്തും നിലച്ചു പോകും. എഴുതുക ഉൾപ്പെടുന്ന ക്രിയാത്മക കാര്യങ്ങൾക്കു സമയം കുറയുന്നു എന്നു തോന്നിയതു കൊണ്ടാണ് ഞാൻ പിൻവാങ്ങിയത്.
ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
നിൻ ചിരിയിൽ അലിയുന്നെൻ ജീവരാഗം....
ശ്രീകുമാരൻ തന്പി എഴുതിയ വരികൾ ഇന്നും പ്രണയമഴത്തുള്ളികളായി പെയ്തിറങ്ങുകയാണല്ലോ?
കാലം കടന്നു ഈ ഗാനം ഒഴുകി വരുന്നത് പ്രണയത്തിന്റെ മാസ്മരികത കൊണ്ടാണെന്നു പറയാം. പ്രണയം ഒരിക്കലും അസ്തമിക്കുന്നില്ല. പ്രണയമുണ്ടെങ്കിലേ നല്ല കവിതകൾ ഉണ്ടാവൂ എന്നും വിശ്വസിക്കുന്നു ഞാൻ. ജീവിതത്തിൽ ഒരാളെ.മാത്രമേ പ്രണയിക്കൂ എന്നു പറയുന്നവരുണ്ട്. അത് കാപട്യമായാണ് എനിക്കു തോന്നാറുള്ളത്.
പ്രണയം ഒരു പ്രവാഹമാണ്. ഒരിടത്ത് തങ്ങി നിൽക്കുന്ന ജലമല്ല അത്. ഒരു നീരൊഴുക്കാണ്. ഒരേ ഒരു ജൂലിയറ്റിനെ മാത്രം പ്രണയിക്കുന്ന റോമിയോ ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നില്ല.
പ്രണയം എന്നു പറയുന്നത് സത്യത്തിൽ ഒരു വ്യക്തിയിൽ ഒതുങ്ങുന്നതല്ല. പ്രണയത്തോടാണ് എല്ലാവർക്കും പ്രണയമുള്ളത്. എൻജിനീയറിംഗ് കോളജിൽ പഠിക്കുന്ന കാലത്ത് എനിക്കൊരു പ്രണയിനി ഉണ്ടായിരുന്നു. (പിന്നീട് ചില കാരണങ്ങളാൽ ആ പ്രണയം സാക്ഷാത്കരിച്ചില്ല) പിന്നീട് രാജേശ്വരി എന്റെ ജീവിതത്തിലേക്കു കടന്നുവന്നു. എന്റെ സഹധർമിണിയായ രാജി. എങ്കിലും എന്റെ ആദൃശ്യയായ കാമുകി - പ്രണയം. അകലെ നിന്ന് ഇപ്പോഴും എന്നെ മോഹിപ്പിക്കുന്നു. ആദ്യം എന്റെ കാമുകിയിലൂടെ പിന്നെ രാജിയിലൂടെ ഈ അദൃശ്യ സുന്ദരി പ്രവേശിച്ചുവെങ്കിലും ഇന്നും അവൾ മാറി നിൽക്കുന്നുണ്ട്. പഴയ അതേ സൗന്ദര്യത്തോടെ, രാഗവിലോലതയോടെ...
സുഖമൊരു ബിന്ദു, ദുഃഖമൊരു ബിന്ദു
ബിന്ദുവിൽ നിന്നും ബിന്ദുവിലേക്കൊരു
പെൻഡുലം ആടുന്നു ജീവിതം അത് ജീവിതം...
ഇങ്ങനെ തത്വജ്ഞാനം നിറയുന്ന ഒട്ടനവധി ഗാനങ്ങളും കവിതകളും ശ്രീകുമാരൻ തന്പിയുടേതായി വന്നിട്ടുണ്ട്. പ്രണയ ഗാനങ്ങളെഴുതിയ അതേ മനസിൽ നിന്നാണ് ദാർശനികത നിറയുന്ന വരികളും പുറത്തുവന്നത് ?
നേരത്തെ സൂചിപ്പിച്ചത് പോലെ ജീവിതാനുഭവങ്ങൾ എന്നെ ജീവിതത്തിന്റെ മറുപുറത്തിലേക്കു കൊണ്ടെത്തിച്ചതാണ്. ജീവിതരതിക്കൊപ്പം തന്നെ ജീവിത സത്യങ്ങളും ഒരു പോലെ എന്നിലുണ്ട്. ഉദയത്തിന്റെ പ്രകാശ ഭംഗിക്കൊപ്പം അസ്തമയം എന്ന ശാശ്വത സത്യവും ഞാൻ കണ്ടുപോകുന്നു.

എല്ലാ പോസിറ്റീവിന്റെയും കൂടെ ഒരു നെഗറ്റീവും ഇങ്ങനെ കണ്മുന്നിൽ വന്നു എത്തി നോക്കുന്നതും ഇതുകൊണ്ടു തന്നെ. എന്റെ പതിനെട്ടാമത്തെ വയസിൽ എന്റൊപ്പം പഠിച്ച പ്രണയിനിയെ ഉള്ളിൽ വച്ചെഴുതിയ കവിതയാണ് ‘കരിനീല കണ്ണുള്ള പെണ്ണേ’. അതിലും എന്നെ വിട്ട് മറ്റ് അനുരാഗത്തിലേക്കു പ്രണയിനി നടന്നുപോകുന്നു എന്നു ഞാനെഴുതി. പ്രണയത്തിന്റെ തീവ്രതയ്ക്കൊപ്പം തന്നെ ഉപേക്ഷിക്കലിന്റെ, പ്രണയഭംഗത്തിന്റെ അടരുകളും ചേരുന്നുണ്ട്.
അന്നെന്റെ കൂട്ടുകാരിക്കു വലിയ പരിഭവമായിരുന്നു. എന്നാൽ, പിന്നീട് അവൾ എന്നെ തനിച്ചാക്കി പോവുകയായിരുന്നു. വിധിയുടെ ഒരു കളിയാട്ടമാകാം ഇത്.
‘പ്രേം നസീർ എന്ന പ്രേമഗാനം’ എന്നാണ് താങ്കൾ പ്രേംനസീറിനെ കുറിച്ചെഴുതിയ പുസ്തകത്തിന്റെ പേര്. പ്രേം നസീറിനെ ഒരു പാട് സ്നേഹിച്ചിരുന്നെങ്കിലും പിണങ്ങിയിരുന്നിട്ടുണ്ട്. ഇതുപോലെ കുറേയേറെ പിണക്കങ്ങളും ഇണക്കങ്ങളും ശ്രീകുമാരൻ തന്പിയുടെ സിനിമാ ജീവിതത്തിൽ കാണാം ?
പെട്ടെന്ന് വേദനിച്ചു പോകുന്ന , വികാരങ്ങൾക്കടിമപ്പെടുന്ന ഒരു ഹൃദയമാണെന്റേത്. പ്രതികരണവും വളരെ വേഗത്തിലാകും. എന്റെ ഭാഗത്താണ് തെറ്റെന്ന് തോന്നിയാൽ ഞാൻ തിരുത്താറുമുണ്ട്. നസീർ സാറുമായുള്ള പിണക്കത്തിൽ അന്നും ഇന്നും ഞാൻ പശ്ചാത്തപിക്കുന്നു. കാരണം അത്രയ്ക്കു ഉയർന്ന, മഹത്വമാർന്ന ഒരു വ്യക്തിയാണ് നസീർ സാർ.
ഈണങ്ങളുടെ ഗന്ധർവൻ ജി.ദേവരാജനുമായുള്ള ഇണക്കവും ഇടവേളയിലെ അകൽച്ചയും പിന്നീടുള്ള ഒത്തുചേരലും മലയാള സിനിമയ്ക്ക് മറക്കാനാകാത്ത ഗാനങ്ങൾ തന്നെയല്ലേ സമ്മാനിച്ചത് ?
1967 -68 കാലഘട്ടത്തിൽ ചിത്രമേള, വെളുത്ത കത്രീന എന്നീ സിനിമകൾക്കുവേണ്ടി ’മദംപൊട്ടി ചിരിക്കുന്ന മാനം’, ’ആകാശ ദീപമേ... ആർദ്ര നക്ഷത്രമേ’ തുടങ്ങിയ പ്രശസ്ത ഗാനങ്ങൾ ഞങ്ങളുടെതായി വന്നു. പെട്ടെന്നൊരു ദിവസം മാഷ് എന്നെ വിളിച്ച് പറഞ്ഞു. ‘ഇനിമുതൽ ഞാൻ തന്പിയുടെ ഗാനങ്ങൾ ട്യൂണ് ചെയ്യില്ല.’ ഞാനകെ വിഷമിച്ചു പോയി. ‘നമ്മുടെ ഗാനങ്ങൾ വലിയ ഹിറ്റുകളല്ലേ മാഷേ’ എന്നു ചോദിച്ചപ്പോൾ മാഷ് പറഞ്ഞത് വയലാറും ദേവരാജനും തമ്മിലുളള വയലാർ- ദേവരാജൻ ടീം മാത്രം മതി എന്നാണ്. പുതിയൊരു ഗാനക്കൂട്ടായ്മയ്ക്കു താത്പര്യമില്ല എന്നും പറഞ്ഞു.
പിന്നെ മാഷ് ഒരു കാര്യം കൂടി പറഞ്ഞു. ‘നിങ്ങൾ ഒരു ധിക്കാരിയാണ്.’ അന്നത്തെ പ്രായമല്ലേ, എനിക്കു ദേഷ്യമായി. ഞാൻ മാഷിനോടു പറഞ്ഞു ‘ജി. ദേവരാജൻ എന്ന വലിയ ധിക്കാരിക്കു ഇവിടെ നിലനിൽക്കാമെങ്കിൽ ശ്രീകുമാരൻ തന്പി എന്ന കൊച്ച് ധിക്കാരിക്കും ചലച്ചിത്ര ഗാനലോകത്തിൽ ഇടമുണ്ട്. മാഷിനു മാഷിന്റെ സംഗീതത്തിൽ വിശ്വാസമുള്ളത് പോലെ എനിക്കെന്റെ വരികളിലും വിശ്വാസമുണ്ട്. മാഷ് ഇല്ലെങ്കിൽ മാഷിന്റെ ഹാർമോണിസ്റ്റ് ട്യൂണ് ചെയ്താലും എന്റെ പാട്ടുകൾ വിജയിക്കും.’
എം.കെ. അർജുനൻ എന്ന സംഗീത സംവിധായകന്റെ രംഗപ്രവേശനത്തിന് ഈ വാക്കുകൾ നിമിത്തമായല്ലോ ?
അർജുനന്റെ രംഗ പ്രവേശനത്തിനു ഞാൻ ഒരു നിമിത്തമായി എന്നു പറയുന്നതിനെക്കാൾ ഈശ്വരൻ എന്നെ നിമിത്തമാക്കി എന്നു പറയുകയാവും ശരി. ദേവരാജൻ മാഷിനോട് കയർത്ത് സംസാരച്ചിട്ട് പടിയിറങ്ങുന്പോൾ എം.കെ. അർജുനൻ ആണ് ദേവരാജൻ മാഷിന്റെ ഹാർമോണിസ്റ്റ് എന്നു പോലും എനിക്കു അറിയുമായിരുന്നില്ല.
1969-ൽ റെസ്റ്റ് ഹൗസ് പൂറത്തിറങ്ങിയത് ശ്രീകുമാരൻ തന്പി - എം.കെ. അർജുനൻ ടീമിന്റെ ഗാനങ്ങളോടെയാണ്. അത് മറ്റൊരു യാദൃശ്ചികത. പിന്നിട്ട അഞ്ചുവർഷങ്ങൾ ഞങ്ങൾ ഒന്നിച്ച് ഒട്ടനവധി ഹിറ്റ് ഗാനങ്ങൾ സൃഷ്ടിച്ചു.
‘കാലചക്രം’ എന്ന സിനിമയ്ക്കു വേണ്ടിയാണ് ഞാനും മാഷും വീണ്ടും ഒന്നിക്കുന്നത്. ഏറ്റവും വലിയ സന്തോഷം എന്തെന്നാൽ ദേവരാജൻ മാഷ് തന്നെയാണ് നിർമാതാവിനോട് എന്നെ വിളിക്കുവാൻ പറയുന്നത്. കാലചക്രത്തിന്റെ തിരക്കഥ രചനയും എനിക്കു തന്നെ നൽകുവാനും മാഷ് പറഞ്ഞരുന്നു.
‘രാക്കുയിലിൻ രാഗ സദസിൽ..’, ’രൂപവതി നിൻ രുധിരാധരമൊരു രാഗ പുഷ്പമായി വിടർന്നു...’ തുടങ്ങിയ ഗാനങ്ങളൊക്കെ അങ്ങനെ പിറന്നതാണ്. വൻ ഹിറ്റുകളായി മാറിയ ഈ ഗാനങ്ങൾക്കു ശേഷം 36 ചിത്രങ്ങളിൽ ഞങ്ങൾ ഒന്നിച്ചു. വിധിയുടെ ഒരു വലിയ കുസൃതിയും ഇവിടെ കുറിക്കാം.
വയലാർ- ദേവരാജൻ കൂട്ടായ്മ അനശ്വര ഗാനങ്ങൾ സൃഷ്ടിച്ചുവെങ്കിലും മാഷിന് ആദ്യം ലഭിച്ച സംസ്ഥാന അവാർഡ് ചിത്രമേളയിൽ ഞങ്ങൾ ഒന്നിച്ചപ്പോൾ ആയിരുന്നു.
1969- ലാണ് സംസ്ഥാന ചലച്ചിത്ര അവാർഡ് നിലവിൽ വരുന്നത്. 1967- ൽ ചിത്രമേളയിലെ ഗാനങ്ങളുടെ സംഗീത സംവിധാനത്തിനു ജി.ദേവരാജൻ കേരള ഫിലിം ഫാൻസ് അസോസിയേഷൻ അവാർഡ് ലഭിച്ചു. ആ പുരസ്്കാരം കേരളത്തിന്റെ അംഗീകരമായി മാഷ് കണ്ടു.
ആ പുരസ്കാരത്തിനു വലിയ വിലയും മാഷ് നൽകിയിരുന്നു. മാഷിന്റെ ജീവിതത്തിന്റെ അവസാന കാലയളവിൽ ആ പുരസ്കാരത്തിന്റെ അതേ മാതൃകയിൽ ഉപഹാരങ്ങൾ നിർമിച്ച് സിനിമാ മേഖലയിൽ മാഷുമായി പ്രവർത്തിച്ചവർക്കെല്ലാം കൊടുത്തയച്ചായിരുന്നു. ഗായകർ, ഗാനരചയിതാക്കൾ, സാങ്കേതിക വിദഗ്ധർ അങ്ങനെ എല്ലാവർക്കും മാഷിന്റെ നിറഞ്ഞ സ്നേഹമായി എനിക്കും ലഭിച്ചു ഈ ഉപഹാരം.
എസ്. മഞ്ജുളാദേവി