പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെത്തേടി പോലീസ് അന്വേഷണം തുടങ്ങിയിട്ട് 38 വർഷമാകുന്നു. കേരളത്തെ നടുക്കിയ ചാക്കോ വധക്കേസിലെ പ്രതികളിലൊരാളായ സുകുമാരക്കുറുപ്പ് മരിച്ചതായി തെളിവില്ലാത്തതിനാൽ അയാൾ ജീവനോടെയുണ്ടെന്ന നിഗമനത്തിലാണ് വിവിധ തലങ്ങളിലെ അന്വേഷണങ്ങൾ. കേസിൽ തെളിവെന്നും അടയാളമെന്നും പറയാൻ അവശേഷിക്കുന്നത് കൊടുംക്രിമിനലായ കുറുപ്പിന്റെ ആറേഴു ഫോട്ടോകൾ. പ്രധാന തെളിവായിരുന്നു ചാക്കോയുടെ മൃതദേഹം കത്തിക്കാനുപയോഗിച്ച കുറുപ്പിന്റെ അംബാസഡർ കാർ. മാവേലിക്കര പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന കാറിന്റെ ബോഡി കാലപ്പഴക്കത്താൽ ദ്രവിച്ചുതീർന്നു. ഗിയർബോക്സ് ഉൾപ്പെടെ അവശേഷിച്ച ഭാഗങ്ങളും മണ്ണിലൊളിച്ചു. അരുംകൊലക്കാലത്ത് കുറുപ്പ് ആലപ്പുഴ വണ്ടാനത്ത് പണിതുതുടങ്ങിയ ഇരുനില ബംഗ്ളാവ് അനാഥമായി ഇപ്പോഴുമുണ്ട്.
കേരളം എക്കാലവും ഭീതിയോടെ ഓർമിക്കുന്ന ചാക്കോ വധക്കേസിൽ പിടിയിലായ മറ്റ് പ്രതികൾ ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങിയെങ്കിലും മുഖ്യപ്രതി സുകുമാരക്കുറുപ്പ് പിടികിട്ടാപ്പുള്ളിയാണ്. കുറ്റാന്വേഷണവിഭാഗത്തിന് മോസ്റ്റ് വാണ്ടഡ് ക്രിമിനൽ. ചാക്കോ വധക്കേസിൽ പ്രതിയായ കുറുപ്പിന് പലപ്പോഴായി കോടതി അൻപതോളം സമൻസുകൾ അയച്ചിട്ടുണ്ട്. അന്വേഷത്തിന്റെ ഭാഗമായി ഇപ്പോഴും സമൻസുകൾ അയച്ചുകൊണ്ടേയിരിക്കുന്നു. പ്രതിയെ കണ്ടെത്താനാകാതെ പോലീസ് എക്കാലവും സമൻസുമായി മടങ്ങുകയാണ്. കുറുപ്പുമായി ബന്ധമുള്ളവരും അടുപ്പക്കാരും ഉൾപ്പെടെ അനേകം പേർ ഇപ്പോഴും നിരീക്ഷണത്തിലുണ്ട്. മുൻകാലങ്ങളിൽ ഇവരുടെ വിലാസങ്ങളിലെത്തുന്ന തപാൽ ഉരുപ്പടികൾവരെ പോലീസ് പരിശോധിച്ചിരുന്നു. മൊബൈൽ ഫോണും ഇ മെയിലുമുൾപ്പെടെ ഇപ്പോഴും നിരീക്ഷണത്തിലാണ്.
കച്ചിത്തുരുന്പിൽ നിന്നുവരെ തെളിവും സൂചനയും കണ്ടെത്തി കേസുകൾ തെളിയിച്ച ഖ്യാതിയുള്ള കേരള പോലീസിനെ കബളിപ്പിച്ച് സുകുമാരക്കുറുപ്പ് രക്ഷപ്പെട്ടതെങ്ങനെ? അയാൾ എവിടേക്ക് ആർക്കൊപ്പമാണ് രക്ഷപ്പെട്ടത്? പ്രതിയാരെന്നും കുറ്റകൃത്യം എന്തെന്നും തിരിച്ചറിയാമെങ്കിലും അറസ്റ്റുചെയ്യാനാകാത്തത് ഇനിയും മടക്കാത്ത ക്രൈം ഫയലിലെ കറുത്ത ഏടായി തുടരുകയാണ്.
ഫ്ളാഷ് ബാക്ക്
1984 ജനുവരി 22ന് മാവേലിക്കര കുന്നം ഗ്രാമം ഉണർന്നത് ചെറിയനാട്ടെ ഗൾഫ് ഉദ്യോഗസ്ഥനും ധനികനുമായ സുകുമാരക്കുറുപ്പ് കുന്നം-കൊല്ലകടവ് റോഡരുകിലെ പാടത്ത് സ്വന്തം അംബാസിഡർ കാറിനുള്ളിൽ വെന്തുമരിച്ചു കിടക്കുന്നുവെന്ന വാർത്തയുമായാണ്.
പുലർച്ചെ മൂന്നരയോടെ ഒരു കാറും അതിലെ ഡ്രൈവറും കത്തിയമരുന്ന ഭയാനകദൃശ്യം കണ്ടവർ വിവരം അറിയിച്ചതോടെ മാവേലിക്കര പോലീസ് പാഞ്ഞെത്തി. മരിച്ചത് ചെങ്ങന്നൂർ ചെറിയനാട് താനോലിൽ പുത്തൻവീട്ടിൽ സുകുമാരക്കുറുപ്പാ (38)ണെന്നും ആഴ്ചകൾക്കു മുൻപാണ് അയാൾ അബുദാബിയിൽ നിന്ന് നാട്ടിലെത്തിയതെന്നും തീർച്ചയാക്കി.
ദാരുണസംഭവം കാട്ടുതീപോലെ പടരുന്പോഴും സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥരുടെ കണ്ണുകൾ അവിടെ കാണപ്പെട്ട ചില സാധനങ്ങളിലുടക്കിയിരുന്നു. കൈയുറ, തീപ്പെട്ടി, കരിഞ്ഞ പുല്ല്, ഒരു ജോഡി ചെരിപ്പ്. പാതിയെരിഞ്ഞ കാറിനുള്ളിൽ പെട്രോൾ കന്നാസും നെൽപ്പാടം ചവിട്ടിമെതിച്ച് ഒന്നിലേറെപ്പേർ ഓടിപ്പോയതിന്റെ അടയാളങ്ങളും.
ഡ്രൈവർസീറ്റിലെ മൃതദേഹത്തിൽ മോതിരം, വാച്ച്, ചെരിപ്പ് എന്നിവയൊന്നും കാണാനായതുമില്ല. ആഡംബര വസ്ത്രങ്ങളും ആഭരണങ്ങളും പതിവായി കുറുപ്പ് ധരിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൊല്ലപ്പെട്ടത് സുകു എന്ന സുകുമാരക്കുറുപ്പോ മറ്റാരെങ്കിലുമോ എന്ന സംശയത്തിൽ പോലീസ് ചെറിയനാട്ടെ സ്മിതാ ഭവനിലെത്തുന്പോൾ ബന്ധുക്കളുടെ മുഖത്ത് വിഷാദഭാവം കാണാനായില്ല. അടുക്കളയിൽ കോഴിയിറച്ചി പാചകം ചെയ്യുന്ന മണം സംശയം വർധിപ്പിക്കുകയും ചെയ്തു.
ഉച്ചയോടെ മൃതദേഹം പാടവരന്പിൽ മറകെട്ടി ആലപ്പുഴ ജില്ലാ പോലീസ് ചീഫ് ജി. രാമചന്ദ്രൻ, ചെങ്ങന്നൂർ ഡിവൈഎസ്പി പി. ഹരിദാസ് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റും തുടർന്ന് പോലീസ് സർജൻ ഡോ. ഉമാദത്തൻ പോസ്റ്റുമോർട്ടവും നടത്തി. ശ്വാസകോശത്തിൽ പുകയുടെ അംശം കാണാനില്ലെന്നും ആരോ കുടിപ്പിച്ച ലഹരി ചേർന്ന ദ്രാവകം വയറ്റിലുണ്ടായിരുന്നുവെന്നും സർജൻ നൽകിയ സൂചന മരിച്ചതു മറ്റൊരാളെന്ന സാധ്യതയിലേക്ക് വിരൽചൂണ്ടിയിരുന്നു.
സുകുമാരക്കുറുപ്പിന്റെ മരണമൊഴി നൽകാൻ അന്നേദിവസം മാവേലിക്കര സ്റ്റേഷനിലെത്തിയ ഭാര്യാസഹോദരിയുടെ ഭർത്താവ് ഭാസ്കരപിള്ളയുടെ പുരികത്തിലും കൈകളിലും കാൽമുട്ടിലും പൊള്ളൽപാടുകൾ പോലീസ് ശ്രദ്ധിച്ചിരുന്നു. ഇതേത്തുടർന്നുനടത്തിയ ചോദ്യംചെയ്യലിൽ താനാണ് സുകുമാരക്കുറുപ്പിനെ കൊന്നതെന്നും വ്യക്തിവൈരാഗ്യം തീർക്കാനാണ് കൃത്യം നടത്തിയതെന്നും ഭാസ്കരപിള്ള കുറ്റസമ്മതം നടത്തി. മാവേലിക്കര കോടതി പ്രതിയെ റിമാൻഡ് ചെയ്യുകയും ചെയ്തു. മരിച്ചത് കുറുപ്പുതന്നെയെന്ന വിശ്വാസത്തിൽ മൃതദേഹം ചെറിയനാട്ടെ വീട്ടുവളപ്പിൽ സംസ്കരിക്കുകയും ചെയ്തു.
സംശയങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ തുടരന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. ഭാസ്കരപിള്ളയും സുകുമാരക്കുറുപ്പും കുറുപ്പിന്റെ ഡ്രൈവർ പൊന്നപ്പനും ഗൾഫിലെ സഹായി ചാവക്കാടുകാരൻ ഷാഹുവും ചേർന്ന് ആസൂത്രിതമായി കൊലപാതകം നടത്തുകയായിരുന്നുവെന്ന് കണ്ടെത്തി. ഇതേ സമയം ആളെ കാണാതായ കേസിൽ അന്വേഷിച്ചുവന്ന ആലപ്പുഴ തത്തംപള്ളി കണ്ടത്തിൽ ചാക്കോ (32)യെന്ന ഫിലിം റപ്രസന്റേറ്റീവാണ് കൊലചെയ്യപ്പെട്ടതെന്ന വിവരം പുറത്തുവന്നു. ഭാസ്കരപിള്ളയെയും കൂട്ടായികളെയും ചോദ്യം ചെയ്തതോടെ കേരളം ഒരിക്കൽക്കൂടി ഞടുങ്ങി. ആസൂത്രകനായ സുകുമാരക്കുറുപ്പ് അപ്പോഴേയ്ക്കും ഒളിവിൽ മറഞ്ഞിരുന്നു.
അരുംകൊലയ്ക്കു പിന്നിൽ
സുകുമാരക്കുറുപ്പ് നഴ്സായ ഭാര്യ സരസമ്മയ്ക്കൊപ്പം ഗൾഫിൽ ജോലിചെയ്തു വരുന്നതിനിടെ പണം സന്പാദിക്കാൻ നടത്തിയ ഗൂഢാലോചനയുടെ ഫലമായിരുന്നു കടുംകൈ. വൻതുകയുടെ ഇൻഷുറൻസ് പോളിസിയെടുത്തശേഷം ഒരാളെ കൊലപ്പെടുത്തി താനാണ് മരിച്ചതെന്ന് തെളിവുണ്ടാക്കി പണം തട്ടിച്ചെടുക്കുകയായിരുന്നു ഗൂഢലക്ഷ്യം. ഇതിനായി സുകുമാരക്കുറുപ്പ് ഭാസ്കരപിള്ളയെയും പൊന്നപ്പനെയും ഷാഹുവിനെയും ഒപ്പം കൂട്ടുകയായിരുന്നു.
ഇൻഷുറൻസ് തുക ലഭിക്കുന്പോൾ വലിയ വിഹിതം കൂട്ടാളികൾക്കു സമ്മാനിക്കാമെന്നായിരുന്നു കുറുപ്പിന്റെ കരാർ. കുറുപ്പിനോട് ശരീരസാദൃശ്യമുള്ള ഒരു മൃതശരീരം അയാൾ ഇതേ കൃത്യം മുന്നിൽകണ്ട് പന്തീരായിരം രൂപ കൊടുത്തു വാങ്ങിയ അംബാസിഡർ കാറിലിട്ട് കത്തിക്കുകയായിരുന്നു പദ്ധതി. അത് നടപ്പിലാക്കാൻ ആ ജനുവരി ആറിന് കുറുപ്പും ഷാഹുലും അബുദാബിയിൽനിന്ന് നാട്ടിലെത്തി.
എങ്ങനെയും ഒരു മൃതദേഹം തരപ്പെടുത്താൻ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ ശ്രമം നടത്തിയെങ്കിലും ലഭിച്ചില്ല. ഏതെങ്കിലുമൊരു സെമിത്തേരിയിൽ നിന്ന് മൃതദേഹം മാന്തിയെടുക്കാൻ ചിലരെ സമീപിച്ചെങ്കിലും അതും നടന്നില്ല. സുകുമാരക്കുറുപ്പിന്റെ സാമ്യമുള്ള ഒരാളെ കണ്ടെത്തി കൊലപ്പെടുത്തുകയെന്നതായി അവസാന തീരുമാനം. അതനുസരിച്ച് ജനുവരി 21ന് സംഘം ചെറിയനാട്ട് കുറുപ്പിന്റെ വീട്ടിൽ ഒരുമിച്ചുകൂടി. ആലപ്പുഴയ്ക്കു സമീപമുള്ള ഒരു ബാർ ഹോട്ടലിലെത്തിയ കുറുപ്പ് കൂട്ടുപ്രതികൾക്ക് മദ്യം വാങ്ങിക്കൊടുത്തശേഷം രണ്ടു കാറുകളിലായി യാത്രതിരിച്ചു.
ഭാസ്കരപിള്ളയും പൊന്നപ്പനും ഷാഹുവും ദേശീയപാതയിൽ ഓച്ചിറ വരെ സഞ്ചരിച്ചിട്ടും കുറുപ്പുമായി സാമ്യമുള്ളയാരെയും കണ്ടെത്താനാകാതെ മടങ്ങുന്പോൾ രാത്രി പതിനൊന്നരയോടെ വഴിയോരത്തുനിന്നൊരാൾ കാറിന് കൈകാണിച്ച് ലിഫ്റ്റ് ചോദിച്ചു. ചാക്കോ മുൻസീറ്റിൽ കയറി. ഭാസ്കരപിള്ളയും ഷാഹുലും പിന്നിലുണ്ടായിരുന്നു. പൊന്നപ്പനായിരുന്നു ഡ്രൈവർ. ലിഫ്റ്റ് ചോദിച്ചു കയറിയ അപരിചിതന് സൗഹൃദം നടിച്ച് മദ്യം നൽകിയെങ്കിലും കുടിക്കാൻ തയ്യാറാകാതെ വന്നപ്പോൾ ഈഥർ കലർത്തിയ മദ്യം ബലമായി കുടിപ്പിച്ചു. തുടർന്നു ഭാസ്കരപിള്ള ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം ചെറിയനാട്ട് ഭാസ്കരപിള്ളയുടെ വീട്ടിലെത്തിച്ചു.
ഇതേ സമയം മുൻതീരുമാനമനുസരിച്ച് മാവേലിക്കരയ്ക്കു സമീപം സ്വന്തം കാറിൽ കാത്തുകിടന്ന സുകുമാരക്കുറുപ്പ് കൃത്യം നടന്നതറിഞ്ഞ് ഭാസ്കരപിള്ളയുടെ വീട്ടിൽ സംഗമിച്ചു. കുളിമുറിയിൽ വച്ച് ചാക്കോയുടെ മുഖംപൊള്ളിച്ച് വികൃതമാക്കിയശേഷം വസ്ത്രങ്ങൾ ഊരിമാറ്റി സുകുമാരക്കുറുപ്പിന്റെ വസ്ത്രങ്ങൾ ധരിപ്പിച്ചു. തുടർന്ന് സുകുമാരക്കുറുപ്പിന്റെ കാറിൽ പൈനുമ്മൂട്-കൊല്ലകടവ് റോഡിനോടു ചേർന്ന പാടത്ത് മൃതദേഹം ഡ്രൈവിംഗ് സീറ്റിലിരുത്തി പെട്രോളൊഴിച്ച് കത്തിക്കുകയുമായിരുന്നു.
കൂട്ടുപ്രതികളെല്ലാം അറസ്റ്റിലായെങ്കിലും സുകുമാരക്കുറുപ്പിനെ ഒരിക്കലും പിടികൂടാനായില്ല. ഷാഹുവിനും പൊന്നപ്പനുമൊപ്പം സുകുമാരക്കുറുപ്പ് ആലുവയിലെത്തി ലോഡ്ജിൽ താമസിച്ചതായി തെളിവുണ്ട്. പലരും കുറുപ്പിനെ കണ്ടതായി മൊഴി നൽകുകയും ചെയ്തിരുന്നു. കൊലപാതകം രണ്ടാഴ്ച പിന്നിടുന്പോഴേയ്ക്കും അയാൾ വടക്കേ ഇന്ത്യയിലേക്കോ വിദേശത്തേക്കോ കടന്നുവെന്നാണ് നിഗമനം. അരുംകൊലയ്ക്കുശേഷം ആഴ്ചകളോളം സുകുമാരക്കുറുപ്പ് കേരളത്തിലുണ്ടായിരുന്നുവെന്ന് പിൽക്കാല അന്വേഷണങ്ങളിൽ വ്യക്തമായി. വിവിധ ഏജൻസികൾ പലയിടങ്ങളിൽ നടത്തിയ ഒരു അന്വേഷണത്തിലും കുറുപ്പിനെ കണ്ടെത്തി വിലങ്ങണിയിക്കാനായില്ല.
മൃതദേഹം സുകുമാരക്കുറുപ്പിന്റേതല്ലെന്നു വ്യക്തമായതിനെ തുടർന്ന് അന്വേഷണ ഏജൻസികൾ പിൽക്കാലത്ത് മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുക്കുകയും കാൽപ്പാദം പുനഃസൃഷ്ടിക്കുകയും ചെയ്തിരുന്നു. ചാക്കോയുടെ ചെരിപ്പിന് യോജിച്ചതാണ് പാദമെന്നു കണ്ടതോടെ മരിച്ചതു ചാക്കോതന്നെയെന്ന് സ്ഥിരീകരിച്ചു. ചാക്കോയുടെ ഫോട്ടോ ഉപയോഗിച്ച് തലയോട് സൂപ്പർ ഇംബോസിഷന് വിധേയമാക്കുകയും ചെയ്തിരുന്നു.
മാവേലിക്കര ജുഡീഷൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ നടപടികൾ പൂർത്തിയാകാത്ത കൊലപാതകക്കേസ് കഴിഞ്ഞ ഡിസംബറിൽ ലോംഗ് പെൻഡിംഗ് വാറണ്ട് തിരുവനന്തപുരം സി.ബി.സി.ഐ.ഡി. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് കെമാറിയിരിക്കുകയാണ്. കുറുപ്പിനെ പലയിടങ്ങളിലും കണ്ടതായി അഭ്യുഹങ്ങളുണ്ടായപ്പോഴൊക്കെ പോലീസ് പാഞ്ഞെത്തിയെങ്കിലും കണ്ടെത്താനായില്ല. മതം മാറി ഗൾഫിൽ കഴിയുന്നതായും പ്ലാസ്റ്റിക് സർജറിയിലൂടെ രൂപമാറ്റം വരുത്തിയതായുമൊക്കെ കഥകൾ പ്രചരിച്ചിരുന്നു.
മാപ്പ് നൽകി ശാന്തമ്മ
പ്രതി ഭാസ്കരപിള്ളയ്ക്ക് ചാക്കോയുടെ ഭാര്യ ശാന്തമ്മ 34 വർഷങ്ങൾക്കു ശേഷം മാപ്പ് നൽകി. 2018 ജനുവരി 30ന് ചെങ്ങന്നൂർ സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയമാണ് ജീവപര്യന്തം തടവിനുശേഷം പുറത്തിറങ്ങിയ ഭാസ്കരപിള്ളയുടേയും ശാന്തമ്മയുടെയും സംഗമത്തിന് വേദിയായത്.
ദേവാലയത്തിൽ ഭാസ്കരപിള്ള ശാന്തമ്മയോട് മാപ്പപേക്ഷിച്ചു. അന്ന് പ്രേരണകാരണം സംഭവിച്ചുപോയതാണെന്ന ക്ഷമാപണത്തിനൊടുവിൽ ശാന്തമ്മ ഹസ്തദാനം ചെയ്ത് ഭാസ്കരപിള്ളയ്ക്ക് മാപ്പ് നൽകുകയായിരുന്നു. സുകുമാരക്കുറുപ്പ് കാണാമറയത്തൊളിച്ച കേസിലെ പ്രതികളിലൊരാളായ പൊന്നപ്പൻ പിൽക്കാലത്ത് ജീവനൊടുക്കി.
മനു യു. ആർ. മാവേലിക്കര