മാന്ത്രികവടി വീശുന്ന ക്രിസ്മസ്
Monday, December 27, 2021 7:14 AM IST
"ഞാൻ എന്ത് എഴുതണം?' പേനയുടെ നിബ് മഷിയിൽ മുക്കിക്കൊണ്ട് യേഗോർ ചോദിച്ചു. വസിലസയും അവരുടെ ഭർത്താവ് പിയോട്ടറും അക്ഷരജ്ഞാനമില്ലാത്തവരായിരുന്നു. തന്മൂലം, മകൾക്ക് കത്തെഴുതാൻവേണ്ടി മുൻ പട്ടാളക്കാരനായ യേഗോറിന്റെ സഹായം അവർ തേടിയതായിരുന്നു. എഴുത്തുകൂലിയായി പതിനഞ്ചു കോപ്പെക്കും പറഞ്ഞുറപ്പിച്ചിരുന്നു.
പിയോട്ടറുടെയും വസിലസയുടെയും ഏക മകൾ ഒരു മുൻ പട്ടാളക്കാരനെ വിവാഹം കഴിച്ചു പീറ്റേഴ്സ് ബർഗിൽ താമസമുറപ്പിച്ചിട്ട് നാലുവർഷം കഴിഞ്ഞിരുന്നു. ഈ കാലയളവിൽ അവർ മകൾക്ക് പല കത്തുകളും അയച്ചു. എന്നാൽ, ഒന്നിനും മറുപടി ലഭിക്കുകയുണ്ടായില്ല. തന്മൂലം, തന്റെ മകൾക്കെന്തെങ്കിലും സംഭവിച്ചുകാണുമോ എന്ന ആധിയിലായിരുന്നു എപ്പോഴും.
ക്രിസ്മസ് അടുത്തെത്തിയപ്പോഴും മകളുടെ കാര്യം ഓർത്തു വസിലസ വല്ലാതെ സങ്കടപ്പെട്ടു. അങ്ങനെയാണു ഭർത്താവിനെയുംകൂട്ടി അവർ കത്തെഴുത്തുകാരനെ സമീപിച്ചത്. മകൾക്ക് എന്തെഴുതണമെന്ന് വസിലസ അങ്ങനെ ആലോചിച്ചുനിൽക്കുന്പോൾ യേഗോർ വീണ്ടും ചോദിച്ചു: "ഞാൻ എന്താണ് എഴുതേണ്ടത്?'
"നിങ്ങൾ ധൃതി പിടിക്കാതെ,' വസിലസ പറഞ്ഞു. "നിങ്ങൾക്കു തരുമെന്നു ഞാൻ സമ്മതിച്ച തുക നിങ്ങൾക്കു തരും. ശരി, നിങ്ങൾ എഴുതിക്കോളൂ. ഞങ്ങളുടെ പ്രിയ മരുമകൻ ആൻഡ്രേയ്ക്കും ഞങ്ങളുടെ പുന്നാരമോൾ യെഫിംമ്യക്കും ഞങ്ങൾ ഞങ്ങളുടെ സ്നേഹവും ആശീർവാദവും അയയ്ക്കുന്നു. നിങ്ങൾക്ക് ഞങ്ങളുടെ ക്രിസ്മസ് മംഗളാശംസകൾ. ഞങ്ങൾക്കു സുഖംതന്നെ. നിങ്ങൾക്കും അങ്ങനെയെന്നു കരുതുന്നു. കർത്താവും സ്വർഗീയ രാജാവുമായ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.'
വസിലസ പറഞ്ഞുനിർത്തി. വീണ്ടും പലതും മകൾക്ക് എഴുതണമെന്നുണ്ടായിരുന്നു. എന്നാൽ, വാക്കുകൾ പുറത്തുവന്നില്ല. അപ്പോൾ യേഗോർ ചോദിച്ചു: "മരുമകൾ എന്തു ചെയ്യുന്നു?'
"മുൻ പട്ടാളക്കാരനായ അയാൾ ഒരു ഡോക്ടറുടെ ഓഫീസിൽ ജോലിചെയ്യുന്നു.' പിയോർ പറഞ്ഞു. ഇതുകേട്ട ഉടനെ യേഗോർ പട്ടാളക്കാര്യങ്ങളെക്കുറിച്ച് കത്തിൽ എഴുതാൻ തുടങ്ങി. അവരുടെ ജീവിതവമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളായിരുന്നു അവ.
മകൾക്ക് എത്ര മക്കളുണ്ടായി എന്നു ചോദിക്കാൻ പിയോട്ടർ ആഗ്രഹിച്ചു. എന്നാൽ, വസിലസയ്ക്ക് അങ്ങനെ ചോദിക്കണമെന്നു തീർച്ചയില്ലായിരുന്നു. ഇതിനിടയിൽ യേഗോർ പട്ടാളക്കാര്യങ്ങൾ എഴുതി പേപ്പർ നിറച്ചു. എന്നിട്ട് അയാൾ ആ കത്തു വായിച്ചുകേൾപ്പിച്ചു. മുൻകൂറായി പറഞ്ഞുറപ്പിച്ചിരുന്ന തുക നൽകി വസിലസയും പിയോട്ടറും വീട്ടിലേക്കു മടങ്ങി.
കഥയുടെ രണ്ടാംഭാഗം. അവർ അയച്ച കത്ത് കുറെ ദിവസം കഴിഞ്ഞപ്പോൾ ആൻഡ്രേയുടെ കൈകളിലെത്തി. അയാൾ അതു ഭാര്യയെ ഏല്പിച്ചു. എന്നിട്ടയാൾ മുറിക്കു പുറത്തിറങ്ങി. അപ്പോൾ യെഫിംമ്യ തന്റെ മൂന്നു മക്കളിൽ മൂത്തവളെ ആശ്ലേഷിച്ചുകൊണ്ടു പറഞ്ഞു: "ഇതു വല്യപ്പച്ചനും വല്ലമ്മച്ചിയുംകൂടി എഴുതിയ കത്താണ്. പരിശുദ്ധ മാതാവേ, രക്തസാക്ഷികളേ, വിശുദ്ധരേ! ഇപ്പോൾ അവിടെ നല്ല മഞ്ഞുകാലമാണ്. മരങ്ങളെല്ലാം മഞ്ഞുവീണു വെണ്മയായി നിൽക്കുന്നു. ഗ്രാമത്തിലെ കുട്ടികളെല്ലാം മഞ്ഞുകട്ടകളുണ്ടാക്കി ആർത്തുചിരിച്ചു കളിക്കുന്നു. അവർക്കൊക്കെ എന്തു സന്തോഷമായിരിക്കുമെന്നോ?'
യെഫിംമ്യ തന്റെ വീട്ടിലെയും ഗ്രാമത്തിലെയും കാര്യങ്ങൾ മക്കളോടു വിവരിക്കുന്നതു കേട്ടുനിന്നിരുന്ന അവളുടെ ഭർത്താവ് പെട്ടെന്നൊരു കാര്യം ഓർമിച്ചു. തന്റെ ഭാര്യ അവളുടെ മാതാപിതാക്കൾക്കെഴുതിയ കത്തുകളെല്ലാം താൻ പോസ്റ്റുചെയ്യാതെ എവിടെയോ മറന്നുവച്ചു എന്ന കാര്യം! അപ്പോൾ യെഫിംമ്യ ഇങ്ങനെ തുടരുന്നത് അയാൾ ശ്രദ്ധിച്ചു.
"നിങ്ങളുടെ വല്യപ്പച്ചൻ വലിയ ദയാലുവും ശാന്തനുമാണ്. നിങ്ങളുടെ വല്യമ്മച്ചി മുഴുവനും സ്നേഹവും കാരുണ്യവുമാണ്! അവർ ദൈവോർമയുള്ളവരാണ്. ഗ്രാമത്തിലെ മനുഷ്യരുടെ ഹൃദയമാകട്ടെ മൃദുലവും ഊഷ്മളവുമാണ്. അവിടെയൊരു പള്ളിയുണ്ട്. അവിടെ ഗ്രാമീണർ പാട്ടുപാടി ദൈവത്തെ സ്തുതിക്കുന്നു. സ്വർഗീയ രാജ്ഞീ, കന്യാമാതാവേ, ഈ നരകത്തിൽനിന്നു ഞങ്ങളെ കൊണ്ടുപോകണമേ!'
യെഫിംമ്യയുടെ ഈ വാക്കുകൾ കേട്ടുകൊണ്ടാണ് ആൻഡ്രേ ഒരു സിഗരറ്റ് എടുക്കാനായി വീണ്ടും മുറിയിലേക്കു കടന്നുചെന്നത്. അയാളെ കണ്ടയുടനെ യെഫിംമ്യ ഭയന്നുവിറച്ചു. ഒരു വാക്ക് ഉച്ചരിക്കാൻപോലും അവൾ ധൈര്യപ്പെട്ടില്ല.
റഷ്യൻ സാഹിത്യകാരനായ ആന്റൺ ചെക്കോവ് 1900-ൽ "അറ്റ് ക്രിസ്മസ് ടൈം' എന്ന പേരിൽ എഴുതിയ ചെറുകഥയുടെ ചുരുക്കമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. ക്രിസ്മസിന്റെ അവസരത്തിൽ എന്ന അർഥം വരുന്ന ഒരു ചെറുകഥ. അത്ര സന്തോഷകരമായ ഒരു കഥയല്ല. വർഷങ്ങളായി മകളുടെ വിവരങ്ങളൊന്നുമറിയാതെ ഹൃദയത്തിൽ തീക്കനലുമായി നടക്കുന്ന മാതാപിതാക്കൾ ഒരു വശത്ത്. ക്രൂരനായ ഭർത്താവിന്റെ കീഴിൽ അടിമയായി കഴിയുന്ന മകൾ മറുവശത്ത്. ആ മകൾ ദാഹിക്കുന്നതാകട്ടെ സ്നേഹമുള്ള മാതാപിതാക്കളുടെ സാമീപ്യവും.
തന്റെ ഗ്രാമത്തിൽനിന്നു പട്ടണമായ പീറ്റേഴ്സ്ബർഗിലെത്തിയ അവൾക്കു സ്നേഹവും കാരുണ്യവുമുള്ള ആളുകളെ അവിടെ കാണാൻ സാധിച്ചില്ല. അവൾ ആഗ്രഹിച്ചതു സ്നേഹവും കാരുണ്യവുമുള്ള ആളുകളുടെ സാമീപ്യമായിരുന്നു. തന്റെ ഗ്രാമത്തിലെ ആളുകളെപ്പോലെ മൃദുലവും ഊഷ്മളവുമായ ഹൃദയമുള്ള മനുഷ്യരെ.
യെഫിംമ്യെപ്പോലെ, നാമും ആഗ്രഹിക്കുന്നതു മൃദുലവും ഊഷ്മളവുമായ ഹൃദയമുള്ള മനുഷ്യരെയാണ്. പ്രത്യേകിച്ചും ക്രിസ്മസ് ആഘോഷിക്കുന്ന അവസരത്തിൽ. അങ്ങനെയുള്ള മനുഷ്യരെ നാം കണ്ടുമുട്ടുമോ നമ്മുടെയിടയിൽ? പ്രസിദ്ധ അമേരിക്കൻ പ്രചോദനാത്മക ഗ്രന്ഥകാരനായ വിൻസന്റ് പീൽ പറയുന്നതനുസരിച്ച്, ക്രിസ്മസ് ഒരു മാന്ത്രികവടി വീശുന്നതുമൂലം ലോകത്തിലെ സകലതും ക്രിസ്മസ് സീസണിൽ മൃദുലവും മനോഹരവുമായിത്തീരുന്നു. മനുഷ്യരുടെ കാര്യത്തിലും ഇതുതന്നെയാണു സംഭവിക്കുന്നത്. എത്ര കഠിന ഹൃദയർപോലും ക്രിസ്മസ് സീസണിൽ മനുഷ്യത്വപരമായി പെരുമാറാൻ ശ്രമിക്കാറുണ്ട് എന്നതാണു വാസ്തവം.
എന്തുകൊണ്ടാണ് മനുഷ്യരുൾപ്പെടെ എല്ലാം ക്രിസ്മസ് സീസണിൽ മൃദുലവും മനോഹരവുമായിത്തീരുന്നത്്? ദൈവത്തിന്റെ അനുഗ്രഹംമൂലമാണ് അതു സംഭവിക്കുന്നത്. നരകസമാനമായ ജീവിതം നയിച്ചിരുന്ന മനുഷ്യർക്കു ശാന്തിയും സമാധാനവും നൽകി രക്ഷ പ്രദാനം ചെയ്യാനായിരുന്നല്ലോ രണ്ടായിരം വർഷംമുൻപ് ദൈവം തന്റെ പുത്രനെ ലോകത്തിലേക്ക് അയച്ചത്. ഈ മഹദ് സംഭവം ആഘോഷമായി അനുസ്മരിക്കുന്ന ഓരോ വർഷവും ദൈവം തന്റെ ശാന്തിയും സമാധാനവും സ്നേഹവും മനുഷ്യമനസുകളിൽ വാരിക്കോരിച്ചൊരിയുന്നുണ്ട് എന്നതാണു വാസ്തവം. തന്മൂലമാണ്, ക്രിസ്മസ് സീസണിൽ ലോകം മുഴുവനും എല്ലാം മൃദുലവും മനോഹരവുമായി മാറുന്നത്.
ക്രിസ്മസ് സീസണിൽ ദൈവം വാരിക്കോരി നൽകുന്ന വിവിധ അനുഗ്രഹങ്ങൾ വർഷം മുഴുവനും നമുക്കു സ്വീകരിക്കാനാവും എന്നതാണു വസ്തുത. എന്നാൽ, അതിനു നമ്മുടെ ഹൃദയവും മനസും എപ്പോഴും ദൈവത്തിലേക്കു തുറന്നിരിക്കണമെന്നു മാത്രം. നമ്മുടെ ഹൃദയവും മനസും എപ്പോഴും ദൈവത്തിലേക്കു തുറന്നിരുന്നാൽ ക്രിസ്മസിന്റെ അവസരത്തിൽ നാം അനുഭവിക്കുന്ന ശാന്തിയും സമാധാനവും എപ്പോഴും നമ്മിലുണ്ടായിരിക്കുമെന്നു തീർച്ച.
അപ്പോൾ നാം എപ്പോഴും മൃദുലവും ഊഷ്മളവുമായ ഹൃദയമുള്ളവരായിരിക്കുകയും ചെയ്യും. അതുവഴിയായി മറ്റുള്ളവരുടെ ജീവിതത്തിലും നാം ശാന്തിയും സന്തോഷവും പ്രദാനംചെയ്യും. എല്ലാവർക്കും ഈ ക്രിസ്മസ് അവസരത്തിൽ മൃദുലവും ഊഷ്മളവുമായ ഹൃദയമുള്ളവരായി മാറട്ടെ എന്ന് ആശംസിക്കുന്നു.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ