ഗാന്ധിജിയുടെ ജീവിതരഹസ്യങ്ങൾ
Saturday, January 28, 2023 8:44 PM IST
ഇംഗ്ലണ്ടിലെ പഠനവും സൗത്ത് ആഫ്രിക്കയിലെ ജോലിയും രാഷ്ട്രീയ ഇടപെടലുകളുമെല്ലാം കഴിഞ്ഞു 1915ലാണ് മഹാത്മാ ഗാന്ധി ഇന്ത്യയിൽ മടങ്ങിയെത്തിയത്. എന്നാൽ, അദ്ദേഹം ഇവിടെ മടങ്ങിയെത്തിയ ഉടനെ രാഷ്ട്രീയത്തിലേക്ക് എടുത്തുചാടിയില്ല. അതിനു പകരം ഗാന്ധിജിയുടെ ഉപദേശകനും സ്വാതന്ത്ര്യ സമര നേതാവുമായിരുന്ന ഗോപാലകൃഷ്ണ ഗോഖലയുടെ നിർദേശമനുസരിച്ച്, ഒരു ഭാരത പര്യടനം ആരംഭിക്കുകയായിരുന്നു ചെയ്തത്. ജനങ്ങളെ അടുത്തറിയുകയായിരുന്നു ഈ യാത്രയുടെ ലക്ഷ്യം.
ഒരു വർഷത്തോളം നീണ്ടുനിന്ന ഈ പര്യടനത്തിനു ശേഷമാണ് ഗാന്ധിജി രാഷ്ട്രീയരംഗത്ത് സജീവമായത്. ഈ യാത്രയ്ക്കിടയിൽ ഭാരതത്തെയും ഭാരതീയരെയുംകുറിച്ച് അദ്ദേഹം ധാരാളം കാര്യങ്ങൾ പഠിച്ചു. അതിലൊന്ന് ജീവിതത്തിൽ അടുക്കും ചിട്ടയും സമയനിഷ്ഠയുമൊക്കെ പാലിക്കുന്നതിൽ ഭാരതീയർ ഏറെ പിറകിലാണ് എന്നതാണ്. ഗാന്ധിജിയാകട്ടെ, ജീവിതത്തിൽ അടുക്കും ചിട്ടയും സമയനിഷ്ഠയുമൊക്കെ പാലിക്കുന്നതിൽ അങ്ങേയറ്റം ശ്രദ്ധിച്ചിരുന്ന ആളുമാണ്. എന്നു മാത്രമല്ല, മറ്റുള്ളവർ അക്കാര്യങ്ങളിൽ എറെ ശ്രദ്ധിക്കണമെന്ന് ആഗ്രഹിക്കുകയും ആവശ്യപ്പെടുകയും ചെയ്തിരുന്നു.
1917ൽ നടന്ന ഒരു സംഭവം ഗുജറാത്ത് പൊളിറ്റിക്കൽ കോൺഫറൻസിൽ പങ്കെടുക്കാനായി ഒരിക്കൽ അദ്ദേഹം ഗുജറാത്തിലെ ഗോദ്റയിൽ എത്തി. എപ്പോഴുമെന്നതുപോലെ ഗാന്ധിജി അവിടെ എത്തിയതു പരിപാടി തുടങ്ങേണ്ട സമയത്തു തന്നെയായിരുന്നു. എന്നാൽ, ആ പരിപാടിയിൽ പങ്കെടുക്കേണ്ടിയിരുന്ന ലോകമാന്യതിലകൻ അര മണിക്കൂർ വൈകിയാണ് എത്തിയത്.
ഗാന്ധിജിക്ക് തിലകനോട് എന്നും സ്നേഹവും ബഹുമാനവുമായിരുന്നു. എന്നാൽ, തിലകൻ വൈകിയെത്തിയതിലുള്ള അതൃപ്തി ഗാന്ധിജി മറച്ചുവച്ചില്ല. അദ്ദേഹം പറഞ്ഞു: “ലോകമാന്യ അരമണിക്കൂർ വൈകിയാണ് എത്തിയത്. ഇന്ത്യക്ക് സ്വയംഭരണാവകാശം ലഭിക്കുന്നതിന് അര മണിക്കൂർ താമസമുണ്ടായാൽ, അങ്ങ് അതിന്റെ കുറ്റം ഏറ്റെടുക്കേണ്ടി വരും.’’
ഗാന്ധിജിക്ക് സ്വന്തമായുണ്ടായിരുന്ന അപൂർവം ചില വസ്തുക്കളിലൊരെണ്ണം അദ്ദേഹത്തിന്റെ പോക്കറ്റ് വാച്ചായിരുന്നു. രാവിലെ നാലു മണിക്ക് ഉണരുന്പോൾ ആദ്യം നോക്കിയിരുന്നത് ആ വാച്ചിലായിരുന്നു. പാതിരാത്രിയോടുകൂടി ഉറങ്ങാൻ പോകുന്പോഴും അദ്ദേഹം നോക്കിയിരുന്നതും ആ വാച്ചിലായിരുന്നു.
ഗാന്ധിജി തന്റെ ജീവിതത്തിൽ ഒട്ടേറെ വൻകാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അതിന് അദ്ദേഹത്തെ സഹായിച്ചതു സമയനിഷ്ഠയും സമയം നന്നായി ചെലവഴിക്കുന്നതിലുള്ള വിശ്വസ്തതയുമായിരുന്നു. സമയനിഷ്ഠ പാലിക്കുന്നതിൽ വിജയിച്ചതുകൊണ്ടാണ് ഓരോ ദിവസവും വൻതിരക്കിനിടയിലും വിവിധങ്ങളായ കാര്യങ്ങൾ ചെയ്തുതീർക്കാൻ അദ്ദേഹത്തിനു സാധിച്ചത്.
ഗാന്ധിജിക്കു സമയം വിലപ്പെട്ടതായിരുന്നു. തന്മൂലം, സമയം വെറുതെ കളയുന്നതിനേക്കുറിച്ചു ചിന്തിക്കുവാൻപോലും സാധിക്കുകയില്ലായിരുന്നു. ഒരിക്കൽ ഗാന്ധിജി എഴുതി: “നിങ്ങൾ ഒരു അരിമണിയോ ചെറിയ കഷണം കടലാസോ വെറുതെ കളയില്ലല്ലോ, അതുപോലെയാണ് സമയം. സമയം നമ്മുടേതല്ല. അതു പൊതുമുതലാണ്. നാം സമയത്തിന്റെ ട്രസ്റ്റികൾ ചുമതലക്കാർ മാത്രമാണ്.’’
സമയം വ്യർഥകാര്യങ്ങൾക്കായി വിനിയോഗിക്കുന്നതു വലിയതെറ്റും കുറ്റവുമായി ഗാന്ധിജി കരുതി. അദ്ദേഹം എഴുതി: “സമയം വൃഥാ നഷ്ടപ്പെടുത്തുന്നവർ കള്ളനാണ്. നമുക്ക് ഒരു ടൈംടേബിൾ ഉണ്ടെങ്കിൽ വൃഥാ സമയം ചെലവഴിക്കുന്ന പാപത്തിൽനിന്നു മുക്തി നേടാൻ സാധിക്കും.’’
ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങൾ സംബന്ധിച്ച് ഗാന്ധിജിക്ക് ടൈംടേബിൾ ഉണ്ടായിരുന്നു. ആ ടൈംടേബിളിൽ പ്രാർഥനയ്ക്കും ഭക്ഷണത്തിനും സായാഹ്ന സവാരിക്കും വായനയ്ക്കും എഴുത്തിനും സന്ദർശകരെ കാണുന്നതിനുമൊക്കെ പ്രത്യേകം പ്രത്യേകം സമയമുണ്ടായിരുന്നു. ഇക്കാര്യത്തിലൊക്കെ സമയനിഷ്ഠ പാലിച്ചതുകൊണ്ട്, ഒരേ സമയം വിവിധ കാര്യങ്ങളെക്കുറിച്ച് വ്യഗ്രതപ്പെടാതെ അപ്പോഴപ്പോൾ ചെയ്യുന്ന കാര്യങ്ങളിൽ പൂർണശ്രദ്ധ കൊടുക്കാൻ ഗാന്ധിജിക്ക് കഴിഞ്ഞു.
ഒരിക്കൽ ഗാന്ധിജിയും കൊച്ചുമകൻ കാന്തിലാലും ട്രെയിനിൽ സഞ്ചരിക്കുകയായിരുന്നു. അതിനിടയിൽ അദ്ദേഹം ആർക്കോ കത്തെഴുതുവാൻ തുടങ്ങി. ഇടയ്ക്ക് അദ്ദേഹം ചോദിച്ചു: “സമയം എത്ര ആയി?’’ ഉടനെ കാന്തി പറഞ്ഞു: “അഞ്ചുമണി.’’ പക്ഷെ, അതിനിടയിൽ ഗാന്ധിജി കാന്തിയുടെ വാച്ചിൽ നോക്കിയിരുന്നു. “അഞ്ചുമണി ആയോ?’’ അദ്ദേഹം ചോദിച്ചു. ഉടനെ കാന്തി തിരുത്തിപ്പറഞ്ഞു: “ഇല്ല, അഞ്ചുമണിയാകാൻ ഒരു മിനിറ്റ് കൂടിയുണ്ട്.’’
അപ്പോൾ ഗാന്ധിജി പറഞ്ഞു: “കാന്തി, കൈയ്യിൽ വാച്ചുകെട്ടിയിട്ട് എന്തുകാര്യം? നിനക്ക് സമയത്തിന്റെ വില അറിയില്ല. അതുപോലെ, സത്യം പറയുന്നതിലും നീ വീഴ്ച വരുത്താറില്ലേ? അഞ്ചുമണി എന്നു പറയുന്നതിനു പകരം അഞ്ചുമണിക്ക് ഒരു മിനിറ്റ് എന്നു പറയുന്നതിനു കൂടുതൽ ഊർജം ആവശ്യമായിരുന്നോ?’’
സത്യനിഷ്ഠയും സമയനിഷ്ഠയും കൃത്യനിഷ്ഠയുമൊക്കെ ഗാന്ധിജിക്ക് ഒരുപോലെയായിരുന്നു. അവ ഒന്നിലും വീഴ്ച വരുത്താൻ അദ്ദേഹം തയാറല്ലായിരുന്നു. എന്നാൽ, ഇക്കാര്യങ്ങളിലൊക്കെ നമ്മുടെ നിലപാട് എങ്ങനെയാണ്? ഇവ മൂന്നും നല്ലകാര്യമാണ് എന്നു നാം പറയും. എന്നാൽ, അവ പാലിക്കുന്നതിൽ നമുക്ക് അത്ര ശ്രദ്ധയില്ലെന്നതല്ലേ വാസ്തവം; നമ്മുടെ പൊതുസംസ്കാരം തന്നെ ആ നിലയിലേക്ക് അധഃപതിച്ചിട്ടില്ലേ എന്നു നാം സംശയിക്കണം.
സമയനിഷ്ഠ പാലിക്കുന്നതിൽ പണ്ടെന്നപോലെ ഇന്നും നാം പിന്നിലാണ്. സമയനിഷ്ഠയുടെ കാര്യത്തിൽ നാം ഗാന്ധിജിയുടെപോലെ എപ്പോഴും ബലം പിടിക്കണമെന്നില്ല. എന്നാൽ, ജീവിതത്തിൽ സ്ഥായിയായ എന്തെങ്കിലും നേട്ടങ്ങൾ ഉണ്ടാകണമെന്ന് ആഗ്രഹമുണ്ടോ? എന്നാൽ, സമയനിഷ്ഠയുടെ കാര്യത്തിലും സമയം നന്നായി ചെലവഴിക്കുന്ന കാര്യത്തിലുമൊക്കെ അതീവ ശ്രദ്ധ വേണം. അതിനു ഗാന്ധിജി നല്ലൊരു മാതൃകതന്നെയാണ്.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ