106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും ബൽജിയവും ലക്സംബർഗും ഉൾപ്പെടെയുള്ള "ഗാൾ' എന്ന പ്രദേശത്തെ പ്രോകോൺസുൽ ആയി നിയമിതനായി. അങ്ങോട്ടുള്ള യാത്രയ്ക്കിടയിലാണു ടൊളോന്യ എന്ന പട്ടണം കേപ്പിയോ ആക്രമിച്ചു കീഴടക്കിയത്.
ഇപ്പോഴത്തെ സ്പെയിനിന്റെ ഭാഗമായ ടൊളോന്യയിൽ ഒരു ക്ഷേത്രമുണ്ടായിരുന്നു. ആ ക്ഷേത്രത്തിലുണ്ടായിരുന്ന ഏഴ് കിലോയോളം വീതം തൂക്കംവരുന്ന അന്പതിനായിരം സ്വർണബാറുകളും പതിനായിരം വെള്ളി ബാറുകളും ഈ ജനറൽ കൊള്ളയടിച്ചു. അവ റോമൻ ഭരണാധികാരികൾക്ക് അയച്ചുകൊടുക്കാൻവേണ്ടി എന്ന ലക്ഷ്യത്തോടെയാണു കൊള്ളയടിച്ചത്.
കൊള്ളമുതലായ സ്വർണബാറുകളും വെള്ളിബാറുകളും റോമിലേക്ക് അയയ്ക്കുകയും ചെയ്തു. എന്നാൽ, അവ റോമിലെത്തിയില്ല. കേപ്പിയോതന്നെ ആവശ്യപ്പെട്ടതനുസരിച്ച്, അയാളുടെ സേവകർ ആ കൊള്ളമുതൽ തട്ടിയെടുത്ത് അയാൾക്കുവേണ്ടി ഒരു സുരക്ഷിതസ്ഥാനത്ത് എത്തിച്ചു.
ധനത്തോടുള്ള ആർത്തിമൂത്ത ഈ റോമൻ ജനറൽ കൊളളയടിച്ചു സ്വന്തമാക്കിയതു ജീവിക്കാൻ ആവശ്യംവേണ്ട സ്വർണവും വെള്ളിയുമായിരുന്നില്ല. തനിക്കു കൊള്ളയടിക്കാൻ സാധിക്കുമായിരുന്നിടത്തോളം അയാൾ കൊള്ളയടിച്ചു. പുരാതന റോമിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൊള്ളയായി ഇതു കരുതപ്പെടുന്നു.
തൊട്ടാൽ സ്വർണമാകും
ധനത്തോടുള്ള അത്യാർത്തിയും ദുരാഗ്രഹവുംമൂലം പൊതുസ്വത്തും സ്വകാര്യസ്വത്തുമൊക്കെ കൊള്ളയടിക്കുന്നവർ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. ഇക്കാലത്ത് അങ്ങനെയുള്ളവരുടെ എണ്ണം കൂടിയിട്ടുള്ളതല്ലാതെ കുറഞ്ഞിട്ടില്ല എന്നതാണു വാസ്തവം. അങ്ങനെയുള്ള എത്രയോ കഥകൾ വാർത്താമാധ്യമങ്ങളിൽ പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ടല്ലോ.
""പണത്തോടുള്ള അത്യാർത്തി എന്നു പറയുന്നത് അടിത്തട്ടില്ലാത്ത കുഴിയാണ്''. അത്യാർത്തിയുള്ള മനുഷ്യന് എന്തുമാത്രം സന്പത്തുണ്ടായാലും അത് അവനെ തൃപ്തിപ്പെടുത്തുകയില്ല എന്നു സൈക്കോ അനലിസ്റ്റും സോഷ്യൽ സൈക്കോളജിസ്റ്റുമായിരുന്ന ജർമൻ ചിന്തകൻ എറിക് ഫ്രോം എഴുതിയിരിക്കുന്നത് എത്രയോ ശരിയാണ്! തന്മൂലമാണ്, ബൈബിളിൽ നാം വായിക്കുന്നത്: ""ദ്രവ്യാഗ്രഹിക്കു ദ്രവ്യംകൊണ്ട് തൃപ്തിവരുകയില്ല. ധനം മോഹിക്കുന്നവൻ ധനംകൊണ്ടും തൃപ്തിയടയുകയില്ല.''
ദ്രവ്യാഗ്രഹിക്ക് എന്തുമാത്രം സന്പത്തുലഭിച്ചാലും അത് അവനെ തൃപ്തിപ്പെടുത്തുകയില്ല എന്നു മാത്രമല്ല, അവൻ എപ്പോഴും കൂടുതൽ ധനം സന്പാദിക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യും. എന്നാൽ, അവ വരുത്തിവയ്ക്കുന്ന വിപത്തുകൾ അവനു വിഭാവനം ചെയ്യുവാൻ സാധിക്കുമോ? അതിന് അവൻ മെനക്കെടാറില്ല എന്നതാണു യാഥാർഥ്യം.
ഗ്രീക്ക് പുരാണത്തിലെ മൈഡസ് രാജാവിന്റെ കഥ അതാണു നമ്മെ അനുസ്മരിപ്പിക്കുന്നത്. പലർക്കും പരിചിതമായ കഥ ചുരുക്കമായി ഇവിടെ വിവരിക്കട്ടെ. ഫ്രീജിയായിലെ രാജാവായിരുന്നു മൈഡസ്. സിലേനസ് എന്ന ദേവന് ആതിഥ്യം നൽകി സൽക്കരിച്ചതിന്റെ പേരിൽ മൈഡസിനു ഡൈനൈസസ് എന്ന ദേവൻ ഒരു വരം നൽകാൻ തീരുമാനിച്ചു. എന്തു വരമാണ് വേണ്ടത് എന്നു ദേവൻ ചോദിച്ചപ്പോൾ മൈഡസ് രാജാവ് പറഞ്ഞു: ""ഞാൻ തൊടുന്നതെല്ലാം സ്വർണമായി മാറണം.''
ദേവൻ ഒട്ടുംമടിച്ചില്ല, രാജാവു ചോദിച്ചവരംതന്നെ കൊടുത്തു. ദ്രവ്യാഗ്രഹിയായിരുന്ന മൈഡസ് ഓടിനടന്നു കണ്ണിൽ കണ്ടതെല്ലാം തൊട്ടു സ്വർണമാക്കി മാറ്റി. അപ്പോ ഇതാ രാജാവിന്റെ പുന്നാരമകളായ മേരി ഗോൾഡ് വരുന്നു. അവളെ കണ്ടയുടനെ സന്തോഷംകൊണ്ടു തുള്ളിച്ചാടി അവളെ വാരിപ്പുണർന്നു! ആ നിമിഷം അവൾ തനി സ്വർണമായി മാറി. രാജാവിന്റെ അപ്പോഴത്തെ ഹൃദയവേദനയുടെ ആഴം നമുക്ക് ഊഹിക്കാൻപോലും സാധിക്കുമോ? ദ്രവ്യാഗ്രഹവും അത്യാർത്തിയും വരുത്തിവച്ച വിന!
സമ്പന്നരാവണം, പക്ഷേ
പിതൃസ്വത്ത് പങ്കുവയ്ക്കുവാൻ ഒരുവൻ ദൈവപുത്രനായ യേശുവിന്റെ സഹായം തേടിയ കഥ ബൈബിളിൽ നാം വായിക്കുന്നുണ്ട്. അപ്പോൾ അവിടന്നു പറഞ്ഞത് ഇപ്രകാരമാണ്: ""എല്ലാ അത്യാഗ്രഹങ്ങളിൽനിന്നും അകന്നിരിക്കുവിൻ. മനുഷ്യജീവിതം സന്പത്തുകൊണ്ടല്ല ധന്യമാകുന്നത്'' (ലൂക്കാ 12:15).
ഇതേത്തുടർന്ന്, ധനികനായ ഭോഷന്റെ കഥ അവിടന്നു വിവരിച്ചു. ആ കഥയുടെ അവസാനം അവിടന്നു പറഞ്ഞു: ""ഈ രാത്രി നിന്റെ ആത്മാവിനെ നിന്നിൽനിന്ന് ആവശ്യപ്പെടും. അപ്പോൾ നീ ഒരുക്കിവച്ചിരിക്കുന്നവ ആരുടേതാകും? ഇതുപോലെയാണ്, ദൈവസന്നിധിയിൽ സന്പന്നനാകാതെ തനിക്കുവേണ്ടി സന്പത്തു ശേഖരിച്ചുവയ്ക്കുന്നവനും'' (ലൂക്കാ 12:20-21).
അന്യായമാർഗത്തിലൂടെ സന്പത്തു സന്പാദിച്ചവനായിരുന്നില്ല ഈ ഉപമയിലെ ഭോഷൻ. എന്നാൽ, താൻ സന്പാദിച്ച ധനം മറ്റാരുമായി പങ്കുവയ്ക്കാൻ അയാൾ തയാറായില്ല. അതിനു കാരണം, അയാളുടെ അമിതമായ ധനമോഹമായിരുന്നു. തന്മൂലം, അയാൾ ദൈവസന്നിധിയിൽ സന്പന്നനായില്ല.
എങ്ങനെയാണ് ദൈവസന്നിധിയിൽ സന്പന്നരാകാൻ നമുക്കു സാധിക്കുക? അതിനുള്ള പ്രധാനവഴി നമുക്കുള്ളവ നമ്മുടെ സഹായം ആവശ്യമുള്ളവരുമായി ഉദാരമായി പങ്കുവയ്ക്കുക എന്നതാണ്. ദൈവവചനം പറയുന്നു: ""ഉദാരശീലർ അനുഗ്രഹിക്കപ്പെടും. കാരണം, അവർ പാവങ്ങളുമായി തങ്ങൾക്കുള്ളവ പങ്കുവയ്ക്കുന്നു''(പ്രഭാഷകൻ 22:9). ദൈവവചനം വീണ്ടും പറയുന്നു: ""ദരിദ്രനുകൊടുക്കുന്നവൻ കർത്താവിനു കടംകൊടുക്കുന്നു. കർത്താവ് ആ കടം വീട്ടും'' (പ്രഭാഷകൻ 19:17).
ധനത്തോടുള്ള ആർത്തി അടിത്തട്ടില്ലാത്ത കുഴിയാണ് എന്നതു നമുക്കു മറക്കാതിരിക്കാം. അതുപോലെ, നമുക്കുള്ള സന്പത്തുവഴി നാം ദൈവസന്നിധിയിൽ സന്പന്നരാകുന്നതിനുവേണ്ടി വിനിയോഗിക്കുന്ന കാര്യവും എപ്പോഴും നമ്മുടെ ഓർമയിലുണ്ടായിരിക്കട്ടെ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ