അലങ്കോലമായ ജീവിതത്തിനു മറുമരുന്ന്
ഫാ.ജോസ് പന്തപ്ലാംതൊട്ടിയിൽ
Saturday, October 18, 2025 9:44 PM IST
കനേഡിയൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ജോർഡാൻ പീറ്റേഴ്സണ് 2018ൽ പ്രസിദ്ധീകരിച്ച പ്രചോദനാത്മക ഗ്രന്ഥമാണ് "12 റൂൾസ് ഫോർ ലൈഫ്: ആൻ ആന്റിഡോട്ട് ടു കേഓസ്'. മനഃശാസ്ത്രം, മതം, തത്വചിന്ത, ധാർമികത, സാഹിത്യം, വ്യക്തിപരമായ അനുഭവങ്ങൾ എന്നിവ ആധാരമാക്കി തയാറാക്കിയ മാർഗനിർദേശങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ഈ മാർഗനിർദേങ്ങളാകട്ടെ ജീവിതത്തിന്റെ അർഥം കണ്ടെത്താനും ഉത്തരവാദിത്തം ഏറ്റെടുക്കാനും വായനക്കാരനെ സഹായിക്കുന്നു.
പ്രസിദ്ധീകരിക്കപ്പെട്ടയുടനെ ബെസ്റ്റ് സെല്ലറായി മാറിയ ഈ പുസ്തകത്തിന്റെ അന്പതു ലക്ഷത്തിലേറെ കോപ്പികൾ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. അന്പതിലേറെ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പുസ്തകത്തിന് ഏറെ പ്രചാരം ലഭിച്ചതിനെത്തുടർന്ന് ഇതിന്റെ രണ്ടാംഭാഗം എന്നപോലെ "ബിയോണ്ട് ഓർഡർ, 12 മോർ റൂൾസ് ഫോർ ലൈഫ്' എന്ന പേരിൽ മറ്റൊരു പുസ്തകവും പീറ്റേഴ്സണ് പ്രസിദ്ധീകരിച്ചു.
ചോദ്യങ്ങൾ ചോദിക്കാനും ഉത്തരങ്ങൾ പങ്കുവയ്ക്കാനുമുള്ള ഒരു ഇന്റർനെറ്റ് പ്ലാറ്റ്ഫോം ആണ് ക്വോറ. ഈ പ്ലാറ്റ്ഫോമിൽ പ്രത്യക്ഷപ്പെട്ട ഒരു ചോദ്യമായിരുന്നു "എല്ലാവരും അറിഞ്ഞിരിക്കേണ്ട ഏറ്റവും അമൂല്യമായ കാര്യങ്ങൾ ഏവ' എന്നത്. ക്വോറയിൽ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾക്ക് ഉത്തരംനൽകുന്നത് പീറ്റേഴ്സന്റെ ഒരു ഹോബിയായിരുന്നു. അങ്ങനെയാണ് ഈ ചോദ്യത്തിന് ഉത്തരം നൽകാനും അതിനു പിന്നാലെ പുസ്തകം തയാറാക്കാനും അദ്ദേഹത്തിന് അവസരമുണ്ടായത്.
അലങ്കോലമായി അല്ലെങ്കിൽ താറുമാറായി കിടക്കുന്ന ജീവിതത്തിന് ഒരു മറുമരുന്ന് എന്നപോലെയാണ് പന്ത്രണ്ടു നിയമങ്ങൾ പന്ത്രണ്ട് അധ്യായങ്ങളിലായി പീറ്റേഴ്സണ് വിവരിച്ചിരിക്കുന്നത്. ആ നിയമങ്ങൾ താഴെപ്പറയുന്നവയാണ്:
1. നിവർന്ന് നെഞ്ചുവിരിച്ചുപിടിച്ചു നിൽക്കുക. 2. സഹായിക്കാൻ നിങ്ങൾക്ക് ഉത്തരവാദിത്തമുണ്ട് എന്നപോലെ നിങ്ങളോടുതന്നെ പെരുമാറുക. 3. നിങ്ങൾക്ക് ഏറ്റവും നല്ലത് ആഗ്രഹിക്കുന്നവരുമായി സുഹൃദ്ബന്ധം സ്ഥാപിക്കുക. 4. നിങ്ങൾ ഇന്നലെ എങ്ങനെയായിരുന്നു എന്നതുമായി ഇന്നു നിങ്ങളെ താരതമ്യം ചെയ്യുക. അല്ലാതെ, മറ്റുള്ളവർ ഇന്ന് എങ്ങനെ ആയിരിക്കുന്നു എന്നതിനെക്കുറിച്ചാവരുത്.
5. നിങ്ങൾ നിങ്ങളുടെ മക്കളെ ഇഷ്ടപ്പെടാതിരിക്കാൻ പ്രേരിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യാൻ നിങ്ങളുടെ മക്കളെ അനുവദിക്കരുത്. 6. ലോകത്തെ വിമർശിക്കുന്നതിനുമുന്പ് നിങ്ങളുടെ സ്വന്തം ഭവനം ശരിയായ രീതിയിലാക്കുക. 7. സൗകര്യപ്രദമായ കാര്യങ്ങൾക്കുപിന്നാലെ എന്നതിനുപകരം അർഥപൂർണമായ കാര്യങ്ങൾ പിന്തുടരുക. 8. സത്യം പറയുക. ചുരുങ്ങിയപക്ഷം കള്ളം പറയായിരിക്കുകയെങ്കിലും ചെയ്യുക.
9. നിങ്ങളോടു സംസാരിക്കുന്ന വ്യക്തിക്ക് നിങ്ങൾക്കറിയാത്ത എന്തെങ്കിലും അറിയാമെന്ന് അനുമാനിക്കുക. 10. നിങ്ങളുടെ സംസാരത്തിൽ വ്യക്തത ഉറപ്പാക്കുക. 11. സ്കെയ്റ്റ് ബോർഡിംഗ് ചെയ്യുന്ന കുട്ടികളെ ശല്യപ്പെടുത്താതിരിക്കുക. 12. വഴിയരികിൽ ഒരു പൂച്ചയെ കണ്ടാൽ അതിനെ ഓമനിക്കുക.
പീറ്റേഴ്സണ് നൽകുന്ന ഈ നിയമങ്ങളിൽ ഭൂരിഭാഗവും നമുക്ക് എളുപ്പത്തിൽ മനസിലാകുന്നവയാണ്. എന്നാൽ അവസാനം കൊടുത്തിരിക്കുന്ന നിയമങ്ങൾ മനസിലാക്കാൻ അല്പം വിശദീകരണം വേണ്ടിവരും. അതു നൽകുന്നതിനു മുന്പായി ഈ പുസ്തകത്തിലെ പ്രധാന ആശയം എന്താണെന്ന് ഓർമിപ്പിക്കട്ടെ.
പീറ്റേഴ്സന്റെ അഭിപ്രായത്തിൽ ക്രമവും ക്രമരാഹിത്യവും ജീവിതത്തിന്റെ രണ്ടു മുഖങ്ങളാണ്.
ജീവിതം ക്രമരഹിതമായി, അതായത് അലങ്കോലമായി മാറുന്പോൾ എല്ലാം അനിയന്ത്രിതമായിത്തീരും. അതുവഴിയുണ്ടാകുന്ന ദുരന്തങ്ങൾ പലപ്പോഴും പ്രവചനാതീതവുമായിരിക്കും. എന്നാൽ ക്രമമുള്ള ജീവിതത്തിൽ എല്ലാത്തിനും ഒരു ഘടനയുണ്ട്. ആ ജീവിതത്തിന് സുരക്ഷിതത്വവും അർഥവുമുണ്ട്. ക്രമരഹിതമായി ജീവിതം അലങ്കോലമാക്കാതെ, ക്രമവും ചിട്ടയും പാലിച്ച് ജീവിതത്തിൽ അർഥം കണ്ടെത്താനാണ് പീറ്റേഴ്സണ് പഠിപ്പിക്കുന്നത്.
അദ്ദേഹം ചൂണ്ടിക്കാണിക്കുന്നതനുസരിച്ച് സഹനം ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്. സഹനത്തിന്റെ മുന്നിൽ ഏറെപ്പേരും പകച്ചുനിൽക്കുന്നവരാണ്. അതിനുപകരം ജീവിതത്തിലെ സഹനങ്ങളെ തന്റേടത്തോടെ നേരിടണമെന്നാണ് പീറ്റേഴ്സണ് പഠിപ്പിക്കുന്നത്. നട്ടെല്ലുനിവർത്തി നെഞ്ചുവിരിച്ചുപിടച്ച് നിൽക്കുക എന്ന നിയമംകൊണ്ട് അദ്ദേഹം അർഥമാക്കുന്നത് ഇതാണ്.
ജീവിതത്തിലെ ദുരിതപൂർണമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ നാം വൈമുഖ്യം കാണിക്കരുതെന്നു സാരം. """ഓരോരുത്തരും തന്റെ ഭാരങ്ങൾ ചുമക്കണം'' എന്നാണല്ലോ സെന്റ് പോൾ പഠിപ്പിക്കുന്നത് (ഗലാ 6:5). അതുപോലെ ""എന്നെ പിന്തുടരാൻ ആഗ്രഹിക്കുന്നവൻ തന്റെ കുരിശുമെടുത്തുകൊണ്ട് എന്റെ പിന്നാലെ വരട്ടെ'' (മത്താ 16:24) എന്ന് ദൈവപുത്രനായ യേശു പറഞ്ഞിരിക്കുന്നതും ഇവിടെ ഓർമിക്കേണ്ടതാണ്.
ബൈബിളിലെ ഈ ആശയങ്ങൾ പിന്തുടർന്നുകൊണ്ടാണ് ജീവിതം സഹനപൂർണമാണെങ്കിലും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ജീവിതത്തിന് അർഥം കാണാൻ പീറ്റേഴ്സണ് നമ്മെ ഉപദേശിക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ നാം ആദ്യം അന്വേഷിക്കേണ്ടത് ജീവിതത്തിന്റെ അർഥമാണ്. അല്ലാതെ സന്തോഷമല്ല.
ഇനി പതിനൊന്നാമത്തെ നിയമം എന്താണെന്നു പറയാം. സ്കെയ്റ്റ് ബോർഡിംഗ് അപകടം വിളിച്ചുവരുത്താവുന്ന ഒരു വിനോദമാണ്. എങ്കിൽപ്പോലും കുട്ടികൾ അതു ചെയ്യട്ടെ എന്നുപറയുന്നതിന്റെ അർഥം ജീവിതത്തിൽ വെല്ലുവിളികൾ നേരിടാൻ അവരെ അനുവദിക്കുക എന്നതാണ്. എങ്കിൽമാത്രമേ അവർക്കു വളരാൻ സാധിക്കുകയുള്ളുവത്രേ.
ഒരു പൂച്ചയെ വഴിയിൽ കണ്ടാൽ അതിനെ ഓമനിക്കുക എന്നുപറയുന്ന പന്ത്രണ്ടാമത്തെ നിയമത്തിന്റെ അർഥം ദുഃഖങ്ങൾക്കും ദുരിതങ്ങൾക്കുമിടയിലും ജീവിതത്തിലെ കൊച്ചുകൊച്ചു നന്മകൾ അനുസ്മരിക്കുകയും ആസ്വദിക്കുകയും ചെയ്യുക എന്നാണ്. അങ്ങനെയുള്ള നന്മകൾ ഏറെയുണ്ട് എല്ലാവരുടെയും ജീവിതത്തിൽ.
പീറ്റേഴ്സണ് അവതരിപ്പിച്ചിരിക്കുന്ന പന്ത്രണ്ടു നിയമങ്ങളും നമ്മുടെ ചിന്താവിഷയമായിരിക്കട്ടെ. ജീവിതത്തിന്റെ അർഥം കണ്ടെത്താൻ അവ നമ്മെ സഹായിക്കും.