തങ്കനൂലിഴകളിലെ കുത്താമ്പുള്ളി വിസ്മയം
Sunday, February 6, 2022 1:56 AM IST
ഭാരതപ്പുഴയും ഗായത്രിപ്പുഴയും സംഗമിക്കുന്ന കുത്താന്പുള്ളിയിലെ നെയ്ത്തും നിറംകൊടുക്കലും കാഴ്ചയുടെ വിസ്മയമാണ്. തൃശൂർ ജില്ലയിലെ തിരുവില്വാമല പഞ്ചായത്തിലാണ് കസവിന്റെയും കൈത്തറിയുടെയും പെരുമയുള്ള നെയ്ത്ത് ഗ്രാമം.
കുത്താന്പുള്ളി. വീതി കുറഞ്ഞ ഗ്രാമവഴികളിൽ മതിലുകളുടെ വേർതിരിവില്ലാതെ ചേർന്നു ചേർന്നുള്ള വീടുകൾ. ഓരോ വീടുകളിലും കൈത്തറി നെയ്ത്തിന്റെ താളം. നെയ്ത്തുകലയിൽ അപാര സിദ്ധിയുള്ള ദേവാംഗസമുദായക്കാർക്ക് നെയ്ത്ത് ജീവനോപാധിമാത്രമല്ല പൈകൃകവും ഉപാസനയുമാണ്. കസവ് സാരി, മുണ്ട്, വേഷ്ടി, സെറ്റ് മുണ്ട്, മംഗല്യ വസ്ത്രം, പാവ് മുണ്ട് തുടങ്ങിയവയെല്ലാം തറികളിൽ വർണവിസ്മയം വിരിയിക്കുന്നു.
ഭാരതപ്പുഴയും ഗായത്രിപ്പുഴയും സംഗമിക്കുന്ന കുത്താന്പുള്ളിയിലെ നെയ്ത്തും നിറംകൊടുക്കലും കാഴ്ചയുടെ വിസ്മയമാണ്. തൃശൂർ ജില്ലയിലെ തിരുവില്വാമല പഞ്ചായത്തിലാണ് കസവിന്റെയും കൈത്തറിയുടെയും പെരുമയുള്ള നെയ്ത്ത് ഗ്രാമം.
ഓണം, വിഷു വിശേഷങ്ങളിൽ നെയ്തെടുക്കുന്ന കൈത്തറി, കസവ് വസ്ത്രങ്ങൾ ലോകമെന്പാടും വിറ്റഴിയുന്നു. കുത്താന്പുള്ളിയിൽനിന്നുള്ള ഒരു വസ്ത്രമെങ്കിലും കൈയിലെത്തുന്പോഴാണ് മലയാളികൾക്ക് ഓണം നിർവൃതിയുടേതാകുന്നത്.
തിരുവില്വാമലയിൽ നിന്നും അഞ്ച് കിലോമീറ്ററേയുള്ളു കൂത്താന്പുള്ളി ഗ്രാമത്തിലേക്ക്. ദേവാംഗ സമുദായക്കാരുടെ നെയ്ത്തുശാലകളിലൂടെ നടക്കുന്പോൾ തമിഴ്നാട്ടിലെ ഉൾഗ്രാമത്തിൽ എത്തിയ പ്രതീതിയാണ് അനുഭവപ്പെടുക.
ആദ്യകാലങ്ങളിൽ വഴിയോരങ്ങളിലും ചന്തകളിലും ഉത്സവപ്പറന്പുകളിലുമൊക്കെ വാണിഭം നടത്തിയിരുന്ന കുത്താന്പുള്ളി തുണിത്തരങ്ങൾ ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ഓണ്ലൈനിലും വിറ്റഴിയുന്നു. ഓർഡറെടുത്ത് ഉടയാടകൾ കടകളിൽ എത്തിക്കുന്ന രീതിയുമുണ്ട്.
വീട്ടകങ്ങളിലെ നെയ്ത്ത് ശാലകളിലേക്കു കടന്നാൽ കണ്ണുചിമ്മാതെ തറികളെ അതീവ ജാഗ്രതയിൽ ചലിപ്പിക്കുന്ന നെയ്ത്തുകാരെയാണ് കാണാനാവുക. ആവശ്യക്കാർ വരച്ചുകൊടുക്കുന്ന ഡിസൈനിൽ നൂൽപ്പാകി വർണങ്ങൾ നെയ്തെടുക്കാൻ കഴിവുള്ള കലാകാരൻമാരാണിവർ.
സ്വർണ്ണവർണ്ണത്തിലുള്ള കസവു നൂലുകൊണ്ടുള്ള കേരള സെറ്റ് സാരിയും കൈത്തറി ചുരിദാറുകളും ഉൾപ്പെടെ കൈകളിൽ വിസ്മയം വിരിയിച്ചു സമ്മാനിക്കാനുള്ള സിദ്ധി അപാരംതന്നെ. കൂടാതെ പവർലൂം തുണിത്തരങ്ങളും കുത്താന്പുള്ളിയിൽ തയാറാക്കുന്നുണ്ട്.
അഞ്ഞൂറ് വർഷങ്ങൾ മുൻപ് കൊച്ചി രാജാവ് രാജകുടുംബങ്ങൾക്കു പകിട്ടുള്ള ഉടയാടകൾ നെയ്തുണ്ടാക്കാൻ കർണാടകത്തിൽനിന്നെത്തിച്ച തുന്നൽക്കാരാണ് ഇവരുടെ പൂർവികർ. പിൽക്കാലത്ത് ഇവർ കുത്താന്പുള്ളിയിൽ തന്പടിച്ച് നെയ്ത്ത് ഗ്രാമം സൃഷ്ടിച്ചു.
ആയിരത്തിലേറെ ദേവാംഗ കുടുംബങ്ങൾ ഇവിടെ പാർത്തിരുന്ന കാലമുണ്ട്. നിലവിൽ അഞ്ഞൂറോളം കുടുംബങ്ങളാണ് നെയ്ത്തിൽ സജീവമായുള്ളത്. തമിഴും കന്നടയും മലയാളവും ഇടകലർന്ന ഭാഷയാണ് പ്രചാരത്തിലുള്ളതെങ്കിലും കന്നടയാണ് സ്വകാര്യഭാഷ. തറികളുടെ ചലനങ്ങളിൽ കണ്ണുചിമ്മാതെ കൈകാലുകൾ ചലിപ്പിച്ച് ജീവിതത്തിന് പട്ടുശോഭ നൽകുകയാണിവർ.
നൂലിൽ കണ്ണികൾ കോർത്ത തലമുറകളുടെ ഇഴയടുപ്പത്തിനും വസ്ത്രങ്ങളുടെ ഈടിനും വിട്ടുവീഴ്ചയില്ല. പഴമയുടെ പുണ്യം കാക്കുന്ന ഗ്രാമത്തിലെ എല്ലാ വീടുകളിലെയും തറികളുടെ താളം ഓരോ ജീവിതങ്ങളുടെ സ്പന്ദനമാണ്. നേർത്ത തുണിയിൽ അലങ്കാര കസവുകളും ചിത്ര ചാതുരിയും ഇഴമെനഞ്ഞെടുക്കുന്ന ചാരുത. പ്രായഭേദമന്യേ സ്ത്രീകളും പുരുഷൻമാരും നെയ്ത്ത് കലയുടെ മാന്ത്രികസിദ്ധി സ്വന്തമാക്കിയവരാണ്.
1972 ൽ ആരംഭിച്ച കുത്താന്പുള്ളി കൈത്തറി വ്യവസായ സഹകരണ സംഘത്തിൽ ഇപ്പോൾ ആയിരം അംഗങ്ങളുണ്ട്. അതാതുകാലത്തെ അഭിരുചിയും വിപണി സാധ്യതകളും അറിഞ്ഞ് പാരന്പര്യം കൈവിടാതെ എംബ്രോയ്ഡറികൾ, ചിത്രങ്ങൾ, മ്യൂറൽ ആർട്ട് ഡിസൈനുകൾ തുടങ്ങി അലങ്കാരങ്ങൾ തീർത്താണ് വിപണിയിൽ വൻകിട മില്ലുകളുടെ തുണിത്തരങ്ങളോടു പിടിച്ചുനിൽക്കുന്നത്. ഡിസൈൻ സാരികളിലാണു കുത്താന്പുള്ളിക്കു പണ്ടെയുള്ള പെരുമ.
മയിൽ, പൂവ്, കൃഷ്ണൻ, ആന, കഥകളി, ഗോപുരം, വീട് എന്നിങ്ങനെ ഏതു ഡിസൈനും അനായാസം ഇവരുടെ കൈകൾക്കു വഴങ്ങും. മയിൽ ഡിസൈൻ സാരികളാണ് കുത്താന്പുള്ളിയുടെ മാസ്റ്റർപീസ്. കൂടുതൽ ഓർഡറുകൾ എത്തുന്നത് മയിൽ അലങ്കാരമുള്ള കസവു സാരിക്കുതന്നെയാണ്.
നൂലുകൾ പാവ് വെള്ളത്തിലും കഞ്ഞി വെള്ളത്തിലും ഇട്ട ശേഷം ചർക്കയിൽ നൂറ്റ നൂലുകൾ വെള്ളത്തിലും കഞ്ഞി വെള്ളത്തിലുമിട്ട് ബലപ്പെടുത്തും. പിന്നീട് തറിയിൽ കോർക്കും. ഒരു നൂലിൽ മറ്റൊരു നൂൽ കോർത്താണ് തറിയിൽ ബന്ധിപ്പിക്കുന്നത്. ഓണം വിഷു ഉത്സവകാലങ്ങളിൽ തിരക്കുവരുന്പോൾ ഇവിടത്തെ വീടുകളിലും വിളക്കുകൾ അണയാറില്ലാത്ത വിധം ജോലിത്തിരക്കേറും. 1500 രൂപ മുതൽ 3000 രൂപ വരെയാണ് കുത്താന്പുള്ളി സാരികളുടെ വില.
കുത്താന്പുള്ളിയുടെ സാഹോദര്യത്തിൽ ഇഴവിരിയിക്കുന്ന വസ്ത്രങ്ങൾക്ക് എക്കാലവും ആവശ്യക്കാരേറെയാണ്. പച്ചവിരിച്ച പാടങ്ങളും ചെമ്മണ്ണു പുതച്ച കുന്നടിവാരങ്ങളും കരിന്പാറകളും അടയാളം ചാർത്തിയ ഗ്രാമത്തിന് കസവു ചാർത്തിയൊഴുകുകയാണ് ഗായത്രിയും ഭാരതപ്പുഴയും. തറികളിലെ വിരലനക്കവും ചെറുതും വലുതുമായ വീടുകളും ഇവരുടേതു മാത്രമായ വില്പനയിടങ്ങളുമുള്ള ചെറിയൊരു ഗ്രാമം.
കറുത്ത വാവ് ദിനങ്ങളിൽ മാത്രം കുത്താന്പുള്ളിയിൽ തറികളുടെ ചലനം നിലയ്ക്കും. അന്ന് ഗ്രാമവാസികൾ ക്ഷേത്രത്തിൽ പ്രത്യേക പൂജകളും വഴിപാടുകളും നടത്തും. ഗ്രാമവാസികൾ ക്ഷേത്രാങ്കണത്തിൽ ഒരുമിച്ചുകൂടും.
പടിപ്പുരമുറ്റത്തെ കോലമെഴുത്തുകളുടെ വൈവിദ്ധ്യം കണ്ടും ചാമുണ്ടേശ്വരി കോവിലിലെ സംഗീതം ആസ്വദിച്ചും ഗ്രാമത്തിന്റെ ശാന്തമായ തണൽപറ്റിയുള്ള യാത്ര വലിയൊരു അനുഭവമാണ്.
തനിമയും സവിശേഷതയുമുള്ള ഉൽപന്നങ്ങൾക്ക് ചാർത്തപ്പെടുന്ന ഭൗമസൂചികാപദവി കുത്താന്പുള്ളി സാരിയ്ക്കും സെറ്റും മുണ്ടിനും അലങ്കാരമാണ്.
മുൻപൊക്കെ വസ്ത്രങ്ങൾ തലച്ചുമടായി തൃശൂരിലും മറ്റും എത്തിച്ചു വിൽക്കുകയായിരുന്നു രീതി. നെയ്ത്തു വ്യവസായം വളർന്നതോടെ കേരളത്തിലും വിദേശങ്ങളിലും കുത്താന്പുള്ളി ബ്രാൻഡ് വസ്ത്രങ്ങളെത്തുന്നുണ്ട്. നേരത്തേ അയ്യായിരത്തോളം തറികൾ ഉണ്ടായിരുന്നത് രണ്ടായിരത്തോളമായി ചുരുങ്ങിയെങ്കിലും കുത്താന്പുള്ളി വസ്ത്രങ്ങൾക്ക് പേരും പെരുമയും കുറയുന്നില്ല.
കൈത്തറി ഉടയാടകൾ വാങ്ങാനും നെയ്ത്തിലെ വിസ്മയത്തനിമ കണ്ടറിയാനും സഞ്ചാരികളും വിദ്യാർത്ഥികളും ഡിസൈനർമാരും കച്ചവടക്കാരും കുട്ടാന്പുള്ളി തേടിയെത്തുന്നു. ചായം ഇടാനും ഉണക്കാനും നൂൽ നൂൽക്കാനുമുള്ള സൗകര്യം നോക്കിയാണ് പ്രകൃതിരമണീയമായ നദിക്കരയെ നെയ്ത്ത് കലാകാരമാർ സ്വന്തമാക്കിയത്. തറികളാണ് ഈ ഗ്രാമവാസികളുടെ ഉപജീവന പാഠപുസ്തകം.
ശശികുമാർ പകവത്ത്