ബഷീറിന്റെ കഥയെ ആസ്പദമാക്കിയുള്ള സിനിമയുടെ പശ്ചാത്തലം 1960കളാണ്. ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തിൽ റിമ കല്ലിങ്കൽ, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്.
വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാർഗവീനിലയം എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചം എന്ന സിനിമയിലെ റിമ കല്ലിങ്കലിന്റെ കഥാപാത്ര ചിത്രം പുറത്തിറങ്ങി. ഭാർഗവിയായി വേഷമിടുന്ന റിമ കല്ലിങ്കലിന്റെ നൃത്ത രംഗത്തിന്റെ പോസ്റ്ററാണ് പുറത്തിറക്കിയിരിക്കുന്നത്. ബഷീറിന്റെ കഥയെ ആസ്പദമാക്കിയുള്ള സിനിമയുടെ പശ്ചാത്തലം 1960കൾ ആയിരിക്കും.
ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തിൽ റോഷൻ മാത്യൂസും ഷൈൻ ടോം ചാക്കോയും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. തലശേരിയിൽ ചിത്രീകരണം തുടരുന്ന നീലവെളിച്ചം ഡിസംബറിൽ പുറത്തിറങ്ങും.
1964 ൽ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയിൽ വിൻസന്റ് മാസ്റ്റർ സംവിധാനം ചെയ്ത് മധു, പ്രേംനസീർ, വിജയനിർമല, അടൂർ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവർ അഭിനയിച്ച ക്ലാസിക് സിനിമയായ ഭാർഗവീനിലയത്തിന്റെ പുനരാവിഷ്കാരമാണ് നീലവെളിച്ചം.
പ്രേതബാധയുടെപേരിൽ കുപ്രസിദ്ധി നേടിയ ഒരു വീട്ടിൽ താമസിക്കേണ്ടിവരുന്ന യുവകഥാകൃത്തിന്റെ അനുഭവങ്ങളാണ് നീലവെളിച്ചം എന്ന കഥ. കഥാനായകനും ആ വീടിനെ ആവേശിച്ചിരിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്ന പെണ്‍കുട്ടിയുടെ ആത്മാവിനുമിടയിൽ സംഭവിക്കുന്ന ബന്ധമാണ് കഥയുടെ പ്രമേയം.
ഈ പ്ലോട്ടിനെ ലളിതമായി ആവിഷ്കരിക്കുകയാണ് ചിത്രത്തിലൂടെ. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് സൈജു ശ്രീധരനാണ്. ബിജിബാലും റെക്സ് വിജയനും ചേർന്ന് സംഗീതം നൽകുന്നു.